ഗുവാഹതി: ശൈശവ വിവാഹം സംബന്ധിച്ച പരാതികളില്‍ ആസാമില്‍ ഒറ്റ ദിവസം 1,800 പേരെ അറസ്റ്റ് ചെയ്തുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഇന്നലെ അതിരാവിലെ മുതല്‍ ആരംഭിച്ച പരിശോധനകളിലാണ് അറസ്റ്റ്. നാല് ദിവസം കൂടി നടപടി തുടരുമെന്ന് ശര്‍മ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിയമലംഘകരെ പിടികൂടുകയും അതേസമയം വ്യാപകമായ ബോധവല്‍ക്കരണ കാമ്പയിന് നടത്തുകയുമാണ് സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 23 ന് സംസ്ഥാന മന്ത്രിസഭ കര്‍ശന നടപടികള്‍ തീരുമാനിച്ചതിനുശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ 4,004 ശൈശവ വിവാഹ കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. 370 കേസുകല്‍ ബാര്‍പേട്ടയില്‍ 110 കേസുകള്‍ നാഗോണിലും രജിസ്റ്റര്‍ ചെയ്തു. 100 കേസുകളും രജിസ്റ്റര്‍ ചെയ്ത ധുബ്രിയിലാണ് ഇതുവരെ കൂടുതല്‍ അറസ്റ്റ് നടന്നത്.
14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചവര്‍ക്കെതിരെ പോക്സോ നിയമപ്രകാരവും 14-18 പ്രായത്തിലുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചവര്‍ക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവുമാണ് കേസ്. ഇത്തരം വിവാഹങ്ങള്‍ നടത്തുന്ന പുരോഹിതര്‍, ഖാസിമാര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കുന്നുണ്ട്. കൂടുതല്‍ പോലീസ് നടപടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും.
സംസ്ഥാന വ്യാപകമായ പോലീസ് നടപടികളെക്കുറിച്ച് ഡിജിപി ജി.പി. സിങ്ങിന്റെ സാന്നിധ്യത്തില്‍ ശര്‍മ്മ പോലീസ് സൂപ്രണ്ടുമാരുമായി ഒരു വെര്‍ച്വല്‍ മീറ്റിങ് നടത്തി. ദുരാചാരത്തില്‍ നിന്ന് മുക്തി നേടുന്നതിന് പിന്തുണയും സഹകരണവും നല്‍കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവാഹങ്ങളില്‍ ശരാശരി 31 ശതമാനവും നിരോധിത പ്രായത്തിലാണ്. ഇതുമൂലമാണ് മാതൃ-ശിശു മരണനിരക്ക് ആസാമില്‍ ഉയരുന്നതെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: