ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് ചലച്ചിത്രകാരന് കെ.വിശ്വനാഥ് അന്തരിച്ചു. 92 വയസായിരുന്നു. വ്യാഴാഴ്ച ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. അഞ്ച് തവണ ദേശീയ അവാര്‍ഡ് നേടിയ വിശ്വനാഥ് വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ കുറച്ചു നാളായി കഴിയുകയായിരുന്നു.
ശങ്കരാഭരണം, സാഗര സംഗമം, സ്വാതി മുത്യം, സ്വര്‍ണ കമലം തുടങ്ങി രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട സിനിമകളിലൂടെ പ്രശസ്തനായ തെലുങ്ക് ചലച്ചിത്രകാരനായിരുന്നു വിശ്വനാഥ്. 1951 ല്‍ തെലുങ്ക് ചിത്രമായ പാതാള ഭൈരവിയില്‍ സഹസംവിധായകനായി. 1965ല്‍ പുറത്തിറങ്ങിയ ആത്മ ഗൗരവത്തിലൂടെ സ്വതന്ത്ര സംവിധായകനായി. സംസ്ഥാന നാന്ദി അവാര്‍ഡ് ആദ്യ സിനിമയിലൂടെ തന്നെ കരസ്ഥമാക്കി. 1980ല്‍ ശങ്കരാഭരണത്തിലൂടെ രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട സിനിമാ സംവിധായകനായി. അവിശ്വസനീയമായ വിജയമായിരുന്നു ചിത്രം നേടിയത്. കര്‍ണാടക സംഗീതവും പാശ്ചാത്യ സംഗീതവും തമ്മിലുള്ള അന്തരത്തെ കുറിച്ച് രണ്ട് വ്യത്യസ്ത തലമുറകളില്‍ നിന്നുള്ള ആളുകളുടെ വീക്ഷണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. നാല് ദേശീയ പുരസ്കാരങ്ങളാണ് ശങ്കരാഭരണം നേടിയത്. സുര്‍ സംഗം എന്ന പേരില്‍ സിനിമ ഹിന്ദിയില്‍ റീമേക്ക് ചെയ്തപ്പോഴും സംവിധായകന് മാറ്റമുണ്ടായില്ല.
ശങ്കരാഭരണത്തിന്റെ വന്‍വിജയത്തിന് പിന്നാലെ സംഗീതം പശ്ചാത്തലമാക്കിയ നിരവധി സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. സാഗര സംഗമം, സ്വാതി കിരണം, സ്വര്‍ണ കമലം, ശ്രുതിലയലു, സ്വരാഭിഷേകം എന്നിവ അതില്‍ ചിലതുമാത്രം.1985ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ തെലുങ്ക് ചിത്രം സ്വാതി മുത്യം, ഒരു യുവവിധവയെ രക്ഷിക്കാന്‍ വരുന്ന ബുദ്ധി വളര്‍ച്ചയില്ലാത്ത വ്യക്തിയായി കമല്ഹാസന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു, അക്കാദമി അവാര്‍ഡുകള്‍ക്കുള്ള മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്കാരത്തിനായി ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടു.
1979ല്‍ സര്‍ഗം എന്ന സിനിമയിലൂടെ വിശ്വനാഥ് ബോളിവുഡിലുമെത്തി. സിരി സിപി മുവ്വ എന്ന തന്റെ തെലുങ്ക് സിനിമയുടെ റീമേക്കായിരുന്നു ഇത്. കാംചോര്‍, ശുഭ് കാമന, ജാഗ് ഉതാ ഇന്സാന്, സന്‍ജോഗ്, ഈശ്വര്‍, ധന്‍വാന്‍ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ഹിന്ദി ചിത്രങ്ങളാണ്.ബോളിവുഡില്‍ രാകേഷ് റോഷനുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു
2010ല്‍ പുറത്തിറങ്ങിയ ശുഭപ്രദം ആയിരുന്നു സംവിധാനം ചെയ്ത അവസാന സിനിമ. തെലുങ്ക്, തമിഴ് സിനിമകളിലായി 25ഓളം സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു.1992ല്‍ പത്മശ്രീ പുരസ്കാരവും 2017ല്‍ ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: