കൊല്‍ക്കട്ട: കശ്മീര്‍ പണ്ഡിറ്റുകളുടെ ഉന്മൂലനത്തെ കുറിച്ചുള്ള സിനിമ ‘ദി കശ്മീര്‍ ഫയല്‍സ്’ പുറത്തിറങ്ങിയതിനു ശേഷം, മരീത്സാപി ദ്വീപില്‍ നിന്നുള്ള അഭയാര്‍ഥികളുടെ 1979 ലെ കുടിയൊഴിപ്പിക്കലിനെ കുറിച്ച് അത്തരം ഒരു സിനിമ എടുക്കണമെന്ന് സംവിധായകന് വിവേക് അഗ്നിഹോത്രിയോട് ധാരാളം പേര് ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ ഫയല്‍സ് തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്പു തന്നെ ‘എന്തിനെ കുറിച്ചായിരിയ്ക്കണം എന്റെ അടുത്ത അന്വേഷണം ?’ എന്ന് അഗ്നിഹോത്രി ട്വിറ്ററിലൂടെ ചോദിച്ചിരുന്നു. അതിനു മറുപടിയായി അദ്ദേഹത്തിന് പല നിര്‍ദ്ദേശങ്ങളും കിട്ടിയിരുന്നു. അതിലൊന്നായിരുന്നു മരീത്സാപി. ട്വിറ്ററിലൂടെ ഇക്കാര്യം അഗ്നിഹോത്രിയോട് നിര്‍ദ്ദേശിച്ചവരില്‍ കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ ഉപദേഷ്ടാവായ കാഞ്ചന് ഗുപ്ത, പ്രിന്‍സിപ്പല്‍ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാല്‍ തുടങ്ങിയവരും ഉള്‍പ്പെടുന്നു.
പശ്ചിമ ബംഗാളില്‍ കൊല്‍ക്കട്ടയ്ക്ക് 75 കിലോമീറ്റര്‍ അകലെ സുന്ദര്‍ബാനില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് മരീത്സാപി (മലയാളത്തില്‍ മാരീജ് ചാപി, മരീജ് ഛാപി എന്നൊക്കെ വ്യത്യസ്ഥ രീതികളില്‍ ഉച്ചരിയ്ക്കപ്പെടുന്ന ഒരു സ്ഥലപ്പേരാണ് ഇത്.) ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം 1979 മേയ് മാസം ഇടതു സര്‍ക്കാരിന്റെ പോലീസ് കുടിയൊഴിപ്പിക്കല്‍ എന്നപേരില്‍ അവിടെ നടത്തിയ നരനായാട്ടില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അയ്യായിരത്തിനും പതിനായിരത്തിനും ഇടയ്ക്ക് പിന്നാക്ക ജാതിക്കാരാണ് കൊല്ലപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ദീപ് ഹൽദെർ ‘ബ്ലഡ് ഐലണ്ട്’ (രക്ത ദ്വീപ്) എന്നൊരു പുസ്തകം പുറത്തിറക്കുന്നതു വരെ മരീത്സാപിയില്‍ എന്താണ് നടന്നതെന്ന് വളരെ കുറച്ച് ആളുകള്‍ക്കു മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. പുസ്തകം പുറത്തിറങ്ങിയതിനു ശേഷം അഗ്നിഹോത്രി ഒരു ട്വീറ്റില്‍ പറഞ്ഞത് “ഒരു സിനിമയിലൂടെ പറയപ്പെടേണ്ട കഥയാണ് മരീത്സാപി” എന്നാണ്.
മരീത്സാപി ചരിത്ര പുസ്തകങ്ങളില്‍ രേഖപ്പെടുത്തേണ്ടതാണ് എന്ന് 2021 നവംബറില്‍ സിനിമാ സംവിധായകന് സംഘമിത്ര ചൗധരി നിര്‍ദ്ദേശിച്ചിരുന്നു. “ഒറ്റ രാത്രിയില്‍ 15000 ജനങ്ങള്‍ കൊല്ലപ്പെട്ട മരീത്സാപി യുദ്ധം എന്തുകൊണ്ടാണ് നമ്മുടെ ചരിത്ര പുസ്തകങ്ങളില്‍ ഇല്ലാത്തത്” ഗോവ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ അവര്‍ ചോദിച്ചു.
എന്താണ് മരീത്സാപിയില്‍ നടന്നത് ?
മരീത്സാപിയിലെ മനുഷ്യ ദുരന്തത്തിന്റെ ചരിത്രം ഇന്ത്യാ വിഭജനവുമായി ബന്ധപ്പെട്ടതാണ്. വിഭജന ശേഷം, പാകിസ്ഥാനില്‍ ന്യൂനപക്ഷമായി തീര്‍ന്ന ഹിന്ദു അഭയാര്‍ഥികള്‍ കൂട്ടം കൂട്ടമായി പശ്ചിമ ബംഗാളിലേയ്ക്ക് ഒഴുകാന്‍ തുടങ്ങി. ആദ്യം ഇന്ത്യയിലേക്ക് കുടിയേറിയത് ഉയര്‍ന്ന ജാതിക്കാരും സമ്പന്നരുമായ ഹിന്ദുക്കളായിരുന്നു. താഴ്ന്ന ജാതിക്കാര്‍ പിന്നേയും കുറച്ചുകാലം കൂടി അവിടെ പിടിച്ചു നിന്നു. അതിനവരെ പ്രേരിപ്പിച്ചത് ബംഗാളിലെ ദളിത് നേതാവും, ദളിത്-മുസ്ലീം ഐക്യത്തിന്റെ വക്താവുമായിരുന്ന ജോഗേന്ദ്രനാഥ് മണ്ഡലിന്റെ ആഹ്വാനമായിരുന്നു. എന്നാല്‍ താമസിയാതെ ഹിന്ദു ദളിതുകളും കിഴക്കന്‍ പാകിസ്ഥാന് വിട്ട് ഓടേണ്ടി വന്നു.കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നുള്ള കുടിയേറ്റം പല ഘട്ടങ്ങളിലായിട്ടാണ് നടന്നത്. ആദ്യമാദ്യം വന്നവര്‍ പശ്ചിമ ബംഗാളില്‍ വാസമുറപ്പിച്ചു. എന്നാല്‍ ജനങ്ങളുടെ ഒഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ചതോടെ സംസ്ഥാന സര്‍ക്കാരിന് കൈകാര്യം ചെയ്യാന്‍ കഴിയാതെയായി. പോകെപ്പോകെ താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളുടെ ലക്ഷക്കണക്കിന് ആളുകള്‍ ഉള്‍ക്കൊള്ളുന്ന ജനക്കൂട്ടങ്ങള്‍ പശ്ചിമ ബംഗാളിലേക്ക് വന്നു കൊണ്ടിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി കൂടിയാലോചിച്ച്, മദ്ധ്യഭാരതത്തിലെ ദണ്ഡകാരണ്യത്തില്‍ അവര്‍ക്കു വേണ്ടി സെറ്റില്‍മെന്റുകള്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു. ഇന്നത്തെ ഒഡീഷ, മദ്ധ്യപ്രദേശ്, ഛത്തീസ് ഗഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന ചരിത്ര പ്രാധാന്യമുള്ള വരണ്ട പ്രദേശമാണ് ദണ്ഡകാരണ്യം.
“അന്ന് പ്രതിപക്ഷത്തായിരുന്ന ഇടതുപാര്‍ട്ടികള്‍ അഭയാര്‍ഥികളെ മദ്ധ്യഭാരതത്തിലെ സെറ്റില്‍മെന്റുകളിലേക്ക് അയയ്ക്കുന്നതിനെ എതിര്‍ത്തു. അവരെ ബംഗാളില്‍ തന്നെ കുടിയിരുത്തണമെന്നായിരുന്നു ഇടതുപക്ഷത്തിന്റെ ആവശ്യം” കൊല്‍ക്കട്ട സര്‍വ്വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസര്‍ ശാന്തനു ചക്രവര്‍ത്തി പറയുന്നു.
തങ്ങളെ ബംഗാളില്‍ കുടിയിരുത്തും എന്ന് ജ്യോതി ബസു ഉള്‍പ്പെടെയുള്ള ഇടതു നേതാക്കള്‍ പ്രസംഗിച്ചിരുന്നതായി അഭയാര്‍ഥികള്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് ദീപ് ഹൽദെർ എഴുതുന്നു. അതുകൊണ്ടു തന്നെ 1977ല്‍ ബംഗാളില്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നതോടെ തിരികെ പോകാന്‍ ഒരവസരം കൈവന്നതായി ദണ്ഡകാരണ്യത്തിലേയ്ക്ക് അയയ്ക്കപ്പെട്ടിരുന്ന അഭയാര്‍ഥികള്‍ കരുതി. “എന്നാല്‍ അധികാരത്തില്‍ കയറിക്കൂടിയതോടെ ഇടതു പക്ഷം ഇക്കാര്യത്തിന് അനുകൂല പരിഗണന കൊടുത്തില്ല. എല്ലാവരേയും ഇവിടെ കുടിയേറാന്‍ അനുവദിയ്ക്കാന്‍ കഴിയില്ല എന്ന് മുഖ്യമന്ത്രി തന്നെ പ്രസ്താവിച്ചു. അവരില്‍ (അഭയാര്‍ഥികള്‍) നിരവധി പേര് അനധികൃത കുടിയേറ്റ പ്രദേശങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിയ്ക്കുകയാണ്. അത് അനുവദിയ്ക്കപ്പെടാന്‍ കഴിയില്ല”. ജ്യോതി ബസുവിന്റെ കരണം മറിച്ചില്‍ ചക്രവര്‍ത്തി ചൂണ്ടിക്കാണിയ്ക്കുന്നു.
അതോടെ ഹതാശരായ അഭയാര്‍ഥികള്‍ പലരും ചേര്‍ന്ന് അന്നത്തെ ഇടതു സര്‍ക്കാരിലെ പുനരധിവാസ വകുപ്പ് മന്ത്രിയായിരുന്ന രാധികാ ബാനര്‍ജിയ്ക്ക് മെമ്മോറാണ്ടം കൊടുത്തു. തങ്ങളെ തിരകെ ബംഗാളിലേക്ക് കൊണ്ടു പോരാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് തിരികെ എത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരായി തീരും എന്നവര്‍ അറിയിച്ചു. ഒടുവില്‍ അതുതന്നെ അവര്‍ ചെയ്യുകയും ചെയ്തു.
1978 മാര്‍ച്ച് മാസത്തില്‍ ദണ്ഡകാരണ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള ഒന്നര ലക്ഷത്തിലധികം അഭയാര്‍ഥികള്‍ ബംഗാളിലെ ഹസ്നാബാദ് റയില്‍വേ സ്റ്റേഷന് ലക്ഷ്യമാക്കി പുറപ്പെട്ടു. ബംഗാളില്‍ കടന്നയുടനെ പോലീസ് അവരെ ട്രെയിനില്‍ നിന്നിറക്കി പുറപ്പെട്ട സ്ഥലത്തേയ്ക്ക് തന്നെ തിരികെ അയയ്ക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യാന്‍ തുടങ്ങി. എന്നാല്‍ പോലീസിനെ മറികടന്ന് 1978 ഏപ്രില്‍ 18 ന് ആയിരക്കണക്കിന് സ്ത്രീപുരുഷന്മാരും കുട്ടികളും മരീത്സാപിയില്‍ എത്തിച്ചേര്‍ന്നു.
മരീത്സാപിയെ ഒരു സവിശേഷ ഉദാഹരണമായി പ്രൊഫസര്‍ ചക്രവര്‍ത്തി ചൂണ്ടിക്കാണിയ്ക്കുന്നു. അഭയാര്‍ഥികള്‍ സര്‍ക്കാരിന്റെ യാതൊരുവിധ സഹായവുമില്ലാതെ തന്നെ ചില പ്രദേശങ്ങള്‍ വെട്ടിത്തെളിച്ച് പാര്‍പ്പിടങ്ങളും, സ്കൂളുകളും, കടകളും, ആരോഗ്യ കേന്ദ്രങ്ങളും നിര്‍മ്മിച്ചു. ഒന്നുമല്ലാതെ കിടന്ന സുന്ദര്‍വനത്തെ അഭയാര്‍ഥികള്‍ കുറഞ്ഞ കാലം കൊണ്ട് നല്ലൊരു ഗ്രാമീണ ആവാസ വ്യവസ്ഥയാക്കി മാറ്റിയെടുത്തു എന്ന് ദീപ് തന്റെ പുസ്തകത്തില്‍ കുറിയ്ക്കുന്നു.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അത്തരം കുടികിടപ്പിന് എതിരായിരുന്നു. അഭയാര്‍ഥികളെ ദ്വീപില്‍ നിന്ന് നീക്കം ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. അതിനുള്ള നടപടികള്‍ പല പടികളായി ചെയ്തു തുടങ്ങി. ആദ്യം സാമ്പത്തിക ഉപരോധത്തിലൂടെയാണ് തുടക്കമിട്ടത്. മരീത്സാപി ഒരു ദ്വീപായിരുന്നതു കൊണ്ട് ബാഹ്യ ലോകവുമായുള്ള സമ്പര്‍ക്കത്തിന് അവര്‍ക്കുണ്ടായിരുന്ന ഒരേയൊരു ഉപാധി ബോട്ടുകളായിരുന്നു. ചക്രവര്‍ത്തി പറയുന്നു. ദ്വീപിനെ മറ്റു പ്രദേശങ്ങളില്‍ നിന്ന് പോലീസ് പൂര്‍ണ്ണമായി ഒറ്റപ്പെടുത്തി. അവിടേയ്ക്ക് മരുന്നു പോലുള്ള അവശ്യ വസ്തുക്കളുടെ നീക്കം തടഞ്ഞു. അതിന്റെ ഫലമായി അനേകം പേര് മരണമടഞ്ഞു. ആഴ്ചകള്‍ നീണ്ട ഉപരോധത്തിനു ശേഷം സഹികെട്ട അഭയാര്‍ഥികളില്‍ ഇരുപതോളം പേര് 1979 ജനുവരി 29 ന് രാത്രിയുടെ മറവില്‍ അടുത്ത ദ്വീപായ കുമിര്‍മറിയിലേക്ക് വള്ളം തുഴഞ്ഞു പോയി. അവശ്യ സാധനങ്ങള്‍ ശേഖരിയ്ക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പോലീസിന്റെ കണ്ണു വെട്ടിച്ച് അവര്‍ക്കവിടെ എത്താന്‍ കഴിഞ്ഞു.
ആദ്യ കൊലകള്‍
എന്നാല്‍ അടുത്ത ദിവസം പകല്‍ കുമിര്‍മറി ബസാറില്‍ വച്ച് കമ്മ്യൂണിസ്റ്റ് കാഡറുകളും പോലീസും അവരെ കണ്ടു പിടിച്ചു. അവരുടെ കൈവശം ഉണ്ടായിരുന്ന സാധനങ്ങള്‍ തട്ടിയെടുക്കാന്‍ പോലീസ് ശ്രമിച്ചതോടെ അവിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. പോലീസ് അവര്‍ക്കു നേരെ വെടിയുതിര്‍ത്തു. ദൃക്സാക്ഷികളുടെ വിവരണ പ്രകാരം ഒരു ഡസനോളം അഭയാര്‍ഥികള്‍ അവിടെ മരിച്ചു വീണു. പോലീസ് ആ ശരീരങ്ങള്‍ മുതലകള്‍ നിറഞ്ഞ കൊരന്‍ഖാലി നദിയില്‍ ഒഴുക്കിവിട്ടു. പരിക്കേറ്റ ബാക്കിയുള്ളവരെ കസ്റ്റഡിയില്‍ എടുത്തു.
വാര്‍ത്തയറിഞ്ഞ ദ്വീപ് നിവാസികള്‍ യോഗം ചേര്‍ന്ന് പിറ്റേ ദിവസം പോലീസിനെ മറികടന്ന് പുറം ലോകത്തേക്ക് പോകാന്‍ തീരുമാനിച്ചു. പോലീസ് ഉപദ്രവിയ്ക്കുകയില്ല എന്ന ധാരണയില്‍ ആദ്യം സ്ത്രീകളെ അയയ്ക്കാന്‍ തീരുമാനിച്ചു. പതിനാറോളം സ്ത്രീകള്‍ അതിനായി മുന്നോട്ടു വന്നു. എന്നാല്‍ കമ്യൂണിസ്റ്റ് ഭരണത്തിന് കീഴിലെ പോലീസുകാരില്‍ നിന്ന് മനുഷ്യത്വത്തിന്റെ ഒരംശമെങ്കിലും പ്രതീക്ഷിച്ചത് വലിയ തെറ്റായിരുന്നു എന്ന് പിന്നീടവര്‍ക്ക് മനസ്സിലായി.
കൂട്ടക്കൊല
1979 ജനുവരി 31 ന് രാവിലെ പത്ത് വള്ളങ്ങളിലായി തുഴഞ്ഞു ചെന്ന സ്ത്രീകളെ പോലീസ് തടഞ്ഞു. എന്നാലവര്‍ പിന്തിരിയാന് തയ്യാറായിരുന്നില്ല. മുന്നോട്ടു നീങ്ങിയ അവരുടെ വള്ളങ്ങളെ പോലീസ് തങ്ങളുടെ യന്ത്രബോട്ടുകള്‍ ഉപയോഗിച്ച് ഇടിച്ചു മറിച്ചു. വെള്ളത്തില്‍ ചാടി കരയിലേക്ക് നീന്തിയ അഭയാര്‍ഥി സ്ത്രീകള്‍ക്കു നേരെ പോലീസ് നടത്തിയ വെടി വയ്പ്പില്‍ രണ്ടുപേര്‍ മരിച്ചു. ബാക്കിയുള്ളവരെ ദിവസങ്ങള്‍ക്കു ശേഷം അടുത്തുള്ള കാടുകളില്‍ നിന്ന് കണ്ടെത്തി. പോലീസും കമ്യൂണിസ്റ്റ് കാഡറുകളും ചേര്‍ന്ന് തങ്ങളെ ക്രൂരമായി ബലാത്സംഗം ചെയ്ത കഥയായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്നത്.
തങ്ങളുടെ അമ്മപെങ്ങന്മാരുടെ നേരെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പോലീസ് നടത്തിയ അതിക്രമം കരയില്‍ നിന്നുകൊണ്ട് കണ്ടിരുന്ന ദ്വീപ് നിവാസികള്‍ കൈകളില്‍ കിട്ടിയ വടികളും കല്ലുകളും മറ്റുമായി പ്രതിഷേധിയ്ക്കാന്‍ തുടങ്ങി. ഇത് ദ്വീപിലേയ്ക്ക് കടന്നു കയറാന്‍ പോലീസിന് കിട്ടിയ സുവര്‍ണ്ണാവസരമായിരുന്നു. പോലീസും കമ്മ്യൂണിസ്റ്റ് ഗുണ്ടകളും ദ്വീപില്‍ കടന്നു കയറി കണ്ണില്‍ കണ്ടവരെയെല്ലാം വേട്ടയാടാനും കൊല്ലാനും തുടങ്ങി. പോലീസ് പിന്‍ബലത്തോടെയുള്ള ആ അഴിഞ്ഞാട്ടം അന്നേ ദിവസം മുഴുവന്‍ നീണ്ടു നിന്നു.
ദൃക്സാക്ഷികളുടെ വിവരണങ്ങള്‍ പ്രകാരം അവിടത്തെ ഓലമേഞ്ഞ ഷെഡ്ഡില്‍ പ്രവര്‍ത്തിച്ചിരുന്ന തങ്ങളുടെ സ്കൂളില്‍ അഭയം തേടിയ അഞ്ചിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള പതിനഞ്ചോളം കുട്ടികളെ പോലും പോലീസ് വെറുതേ വിട്ടില്ല. പോലീസും പാര്‍ട്ടി ഗുണ്ടകളും ചേര്‍ന്ന് അവരുടെ കൈകാലുകള്‍ തല്ലിയൊടിച്ചു.
1979 ജനുവരി 31 ന് കൊല്ലപ്പെട്ടവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ നിലവിലുണ്ടെങ്കിലും സ്ത്രീകളും, കുട്ടികളും, വൃദ്ധരും അടങ്ങുന്ന കുറഞ്ഞത് 1,700 പേര് അന്നവിടെ മരിച്ചു വീണു എന്ന് പരക്കെ വിശ്വസിയ്ക്കപ്പെടുന്നു. ആയിരങ്ങള്‍ക്ക് പരിക്കു പറ്റി. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനാല്‍ വായ്മൂടി കെട്ടപ്പെട്ട ബംഗാള്‍ മാദ്ധ്യമങ്ങള്‍ ദശാബ്ദങ്ങളോളം കുറ്റകരമായ മൗനം പാലിച്ചു. അതു കാരണം ഇന്ന് സ്വന്തം ജനതയുടെ സ്മൃതിപഥത്തില്‍ പോലും വരാത്തവണ്ണം ഈ സംഭവങ്ങള്‍ മറഞ്ഞു പോയിരിയ്ക്കുന്നു.
അവസാനത്തെ ആക്രമണം നടന്നത് 1979 മേയ് മാസം 14 നും 16 നും ഇടയ്ക്കായിരുന്നു. പോലീസ് ദ്വീപിലേക്ക് കടന്നു കയറി കണ്ണില്‍ ചോരയില്ലാതെ ആറായിരത്തോളം കുടിലുകള്‍ക്ക് തീവച്ചു. “വ്യാപകമായി ബലാത്സംഗങ്ങളും കൊലകളും വിഷപ്രയോഗവും നടന്നു. ശവശരീരങ്ങള്‍ കടലില്‍ കെട്ടി താഴ്ത്തി. ഏറ്റവും കുറഞ്ഞത് 7000 സ്ത്രീകളും കുട്ടികളും പുരുഷന്മാരും അന്നവിടെ കൊല്ലപ്പെട്ടു.” ബാക്കിയുള്ളവരെ പിടിച്ചുകെട്ടി കൊല്‍ക്കട്ടയിലേക്ക് കൊണ്ടു വന്ന് ദണ്ഡകാരണ്യത്തിലേക്ക് തന്നെ തിരിച്ചയച്ചു. ‘ബ്ലഡ് ഐലണ്ട്’ എന്ന പുസ്തകത്തില്‍ ദീപ് എഴുതുന്നു.
അന്നവിടെ എത്രപേര്‍ കൊല്ലപ്പെട്ടു എന്ന് കൃത്യമായി അറിയാന്‍ യാതൊരു വഴിയുമില്ല. കാരണം ഈ പോലീസ് നടപടി തുടങ്ങിയതിനു ശേഷം ആ രണ്ടു ദിവസവും മരീത്സാപിയിലേയ്ക്ക് ആരെയും പ്രവേശിയ്ക്കാന്‍ അനുവദിച്ചില്ല. “എന്നാല്‍ എന്റെ ഊഹം അയ്യായിരത്തിനും ആറായിരത്തിനും ഇടയ്ക്ക് ആളുകള്‍ മരിച്ചു എന്നാണ്”. അവിടത്തെ എല്ലാ കുടിലുകളും, കടകളും, സ്ക്കൂളും നശിപ്പിച്ച് കുളം തോണ്ടിയ ശേഷം മേയ് മാസം അവസാനം മരീത്സാപി അഭയാര്‍ഥി മുക്തമായിരിയ്ക്കുന്നു എന്ന് ജ്യോതി ബസു പ്രഖ്യാപിച്ചു.
ബംഗാള്‍ സര്‍ക്കാരിന്റെ ഈ നരനായാട്ടില്‍ പൊലിഞ്ഞു പോയ ജീവനുകള്‍ എത്രയാണെന്ന് അറിയാന്‍ ഈ സംഭവത്തെക്കുറിച്ച് ആദ്യകാലത്ത് ഇറങ്ങിയ പുസ്തകങ്ങളില്‍ ഒന്നില്‍ നിന്ന് ഉദ്ധരിയ്ക്കാം. 1982 ല്‍ ദി ഒപ്രസ്സ്ട് ഇന്ത്യന്‍ എന്ന പ്രസിദ്ധീകരണത്തില്‍ എ ബിശ്വാസ് എഴുതി “പശ്ചിമ ബംഗാളിലേക്ക് (ദണ്ഡകാരണ്യത്തില്‍ നിന്ന്) പോയ 14,388 കുടുംബങ്ങളില്‍ 10,260 കുടുംബങ്ങള്‍ പഴയ സ്ഥലങ്ങളില്‍ മടങ്ങിയെത്തി. ബാക്കിയുള്ള 4,128 കുടുംബങ്ങള്‍ വഴിയാത്രയിലോ, പട്ടിണി കൊണ്ടോ, തളര്‍ന്നോ, കാശിപൂര്‍, കുമിര്‍മാരി, മരീത്സാപി തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന പോലീസ് വെടിവയ്പ്പുകളിലോ മറ്റ് അക്രമങ്ങളിലോ കൊല്ലപ്പെടുകയായിരുന്നു”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: