ന്യൂദല്‍ഹി: ഏഷ്യയിലെ മറ്റ് കറന്‍സികളുടെ മൂല്യം ഇടിഞ്ഞുതകരുമ്പോഴും ഇന്ത്യന്‍ രൂപ തലയുയര്‍ത്തി നില്ക്കുന്നതില് അസ്വസ്ഥനായി മുരളി തുമ്മാരുകുടി. ശ്രീലങ്ക, നേപ്പാള്‍, പാകിസ്ഥാന് എന്നിവിടങ്ങലിലെ കറന്‍സികള്‍ തലകുത്തി വീഴുമ്പോഴും ഡോളറിന് 80 രൂപ എന്ന നിലയില്‍ അടിയുറച്ചുനില്ക്കുന്ന ഇന്ത്യന്‍ രൂപയുടെ സ്ഥിതിവിശേഷത്തില്‍ ദുഖിക്കുകയാണ് ചിന്തകന്‍ മുരളി തുമ്മാരുകുടി. കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് കുറിപ്പിലാണ് മുരളി തുമ്മാരുകുടി ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്ന്നുനില്ക്കുന്നത് എന്തുകൊണ്ട് ഇന്ത്യയ്ക്ക് നല്ലതല്ലെന്ന് ചില ഉദാഹരണങ്ങള്‍ നിരത്തി വിവരിക്കാന്‍ ശ്രമിക്കുന്നത്. ആടിനെ പട്ടിയാക്കുക എന്ന് കേട്ടിട്ടേയുള്ളൂ. അതിന് നല്ലൊരു ഉദാഹരണമാണ് ഉയര്‍ന്ന മൂല്യത്തില്‍ നില്ക്കുന്ന ഇന്ത്യയുടെ രൂപയുടെ മൂല്യം ഇടിക്കുന്നതാണ് നല്ലതെന്ന് പറയുന്ന മുരളി തുമ്മാരുകുടിയുടെ ഈ ഫേസ്ബുക്ക് പോസ്റ്റ്.
മോദിസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ, കോവിഡ് പ്രതിസന്ധി ശരിയായ രീതിയില്‍ മറികടന്നതിന്റെ നേട്ടമാണ് ഉയര്‍ന്ന മൂല്യത്തോടെ തലയുയര്‍ത്തി നില്ക്കുന്ന ഇന്ത്യന്‍ രൂപ. പാകിസ്ഥാന് രൂപയുടെ മൂല്യം തകര്‍ന്നു തരിപ്പണമായി. ഇപ്പോള്‍ ഇന്ത്യയുടെ ഒരു രൂപ കൊടുത്താല്‍ പാകിസ്ഥാന്റെ 3.25 രൂപ കിട്ടും. ഇന്ത്യയുടെ ഒരു രൂപ കൊടുത്താല്‍ ലങ്കയുടെ 4.5 രൂപ കിട്ടും. ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ആരോഗ്യത്തോടെയാണ് നില്‍ക്കുന്നത്. വികസിത രാജ്യങ്ങളിലെ നാണ്യങ്ങള്‍ ഡോളറിനെതിരെ കൂപ്പുകുത്തുമ്പോഴാണ് ഇന്ത്യന്‍ രൂപ ഡോളറിന് 80 രൂപ എന്ന നിലയില്‍ നില്‍ക്കുന്നത്. ചൈനയുടെ യുവാനും യൂറോപ്യന്‍ യൂണിയന്റെയും യൂറോയും വരെ ഡോളറിന് മുന്പില് തകരുകയാണ്. എന്തിന് ഒരു ഡോളര്‍ കൊടുത്താല്‍ നിങ്ങള്‍ 130 നേപ്പാള്‍ രൂപ കിട്ടും.
മുരളി തുമ്മാരുകുടി എന്ന ചിന്തകന്‍ പി.ചിദംബരത്തെപ്പോലെ ചിന്തിക്കുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്ന്നുനില്ക്കുന്നത് മോദി ചെയ്ത ഒരു വലിയ അബദ്ധമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക്പോസ്റ്റ്:
ഇന്ത്യൻ രൂപയും പാക്കിസ്ഥാനി മാങ്ങയും തമ്മിൽ? എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ മുരളി തുമ്മാരുകുടി എഴുതുന്നു: “ഇന്ത്യക്ക് ചുറ്റുമുള്ള രാജ്യങ്ങളിൽ കറൻസിയുടെ വില വളരെ ഇടിയുന്നു. നമ്മുടെ കറൻസി പിടിച്ചു നിൽക്കുന്നു. ഒറ്റയടിക്ക് കേൾക്കുമ്പോൾ വളരെ നല്ലകാര്യം ആണെന്ന് തോന്നും. പക്ഷെ അങ്ങനെയല്ല. ഒന്നാമതായി ഒരു രാജ്യത്തെ കറൻസിയുടെ വില വളരെ ഉയർന്നു നിൽക്കുന്നത് പ്രത്യേകിച്ച് ഗുണമുള്ള കാര്യമല്ല.”
ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നു നിന്നതുകൊണ്ട് കാര്യമില്ലെന്നും കെട്ടു വിട്ടത് പോലെ മുകളിലേക്കും താഴേക്കും ചാഞ്ചാടുന്നതണ് പ്രശ്നമെന്നും മുരളി തുമ്മാരുകുടി പറയുന്നു. എന്നാല്‍ കഴിഞ്ഞ കാലങ്ങളുടെ കണക്കെടുത്ത് പരിശോധിച്ചാല്‍ മോദിയുടെ ഭരണ കാലത്ത് ഇന്ത്യന്‍ രൂപ കാര്യമായി ചാഞ്ചാടിയിട്ടില്ല. പിന്നെ എന്തിനാണ് മുരളി തുമ്മാരുകുടി ഈ കെട്ട് വിട്ടതുപോലെ മുകളിലേക്കു താഴേക്കും രൂപ ചാഞ്ചാടുമെന്ന് പറയുന്നത് എന്ന് മനസ്സിലാകുന്നില്ല.
ലേഖലത്തില്‍ ഉടനീളം ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നു നിന്നാലുള്ള കുറ്റങ്ങളാണ് മുരളി തുമ്മാരു കുടി ഈ കുറിപ്പില്‍ കണ്ടെത്തുന്നത്. രണ്ടാമത്തെ കുറ്റം കേള്‍ക്കാം. മുരളി തുമ്മാരുകുടി എഴുതുന്നു:”തൊട്ടടുത്തുള്ള രാജ്യങ്ങളിൽ കറൻസിയുടെ വില കുറയുമ്പോൾ നമ്മുടെ കറൻസി ഉയർന്നു നിൽക്കുന്നത് നമ്മുടെ ഉൽപ്പന്നങ്ങളുടേയും സേവനങ്ങളുടേയും താരതമ്യത്തിലുള്ള വില കൂട്ടും. ആവശ്യക്കാർ വില കുറഞ്ഞ സ്ഥലത്തേക്ക് പോകും.”
ഇനി അദ്ദേഹം ഈ വാദം ഉദാഹരണസഹിതം വിവരിക്കുന്നത് കേള്‍ക്കുക: “ഉദാഹരണത്തിന് മാങ്ങ എടുക്കാം. ഇന്ത്യയും പാകിസ്ഥാനും മാങ്ങ കയറ്റുമതി ചെയ്യുന്നുണ്ട്, പാക്കിസ്ഥാനി റുപ്പിയുടെ വില ഏറെ കുറഞ്ഞാൽ മാമ്പഴത്തിന്റെ ഡിമാൻഡ് അങ്ങോട്ടു പോകും. ശ്രീലങ്കയും കേരളവും ടൂറിസത്തിൽ നേർക്കുനേർ മത്സരിക്കുന്നവർ ആണ്. ശ്രീലങ്കൻ രൂപയുടെ വില ഏറെ കുറഞ്ഞാൽ അവിടുത്തെ ടൂറിസം പുഷ്ടിപ്പെടും”
ഇന്ത്യയുടെ കായലും കാടും കടലും സംസ്കാരവും എല്ലാം ശ്രീലങ്കയില്‍ നിന്നും വ്യത്യസ്തമല്ലേ. വിദേശ ടൂറിസ്റ്റുകള്‍ വരുന്നത് ഇന്ത്യയുടെ ഈ സാംസ്കാരിക, ഭൂമിശാസ്ത്ര സവിശേഷതകള്‍ അനുഭവിക്കാനാണ്. കറന്‍സിയുടെ വില ഉയര്‍ന്നതുകൊണ്ട് മികച്ച അനുഭവങ്ങള്‍ കാത്തുവെച്ചിട്ടുള്ള ഒരു രാജ്യത്തെയും ടൂറിസ്റ്റുകള്‍ തള്ളിക്കളയില്ല. ബാലിശമായ ഈ താരതമ്യത്തിലൂടെയും കസര്‍ത്തുകളിലൂടെയും മോദി സര്‍ക്കാര്‍ ശരിയായ ദിശയില്‍ യാത്ര ചെയ്ത് കഷ്ടപ്പെട്ട് നേടിയെടുത്ത ഇന്ത്യന്‍ രൂപയുടെ മികച്ച നിലവാരം കളഞ്ഞുകുളിക്കാമെന്ന് മുരളി തുമ്മാരുകുടി വിചാരിച്ചാല്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം ആയിരിക്കും.
മുരളി തുമ്മാരുകുടി ഇവിടെയും നിര്‍ത്തുന്നില്ല. “വിദേശത്ത് പണിയെടുക്കുന്ന ആളുകൾക്ക് നാട്ടിലെ കറൻസിയുടെ വില കുറയുന്നത് പൊതുവെ നല്ലതാണല്ലോ. അപ്പോൾ കറൻസിയുടെ വില കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ളവർ ചുരുങ്ങിയ ദിർഹാമിന് റിയാലിന് ഡോളറിന് പണിയെടുക്കും. തൊഴിൽ ദാതാക്കൾ അവരെ സ്വീകരിക്കും. ഇതുകൊണ്ടൊക്കെ കറൻസിയുടെ മൂല്യം അയൽക്കാരിൽ നിന്നും ഏറെ കൂടാതെ രാജ്യങ്ങൾ ശ്രദ്ധിക്കും. അയൽ രാജ്യങ്ങളിലെ കറൻസി മൂല്യം അടുത്ത ആറുമാസത്തിനകം ഉയർന്നില്ലെങ്കിൽ ഇന്ത്യൻ രൂപയുടെ വില ഡോളറിന് നൂറിന് മുകളിൽ എത്തിക്കുന്നതാണ് ബുദ്ധി”. ഇവിടെ ഇന്ത്യന്‍ രൂപ ഡോളറിന് 80 രൂപ എന്ന മികച്ച നിലയില്‍ നില്ക്കുന്നതില് എന്തോ അസൂയ ഉള്ളതുപോലെയാണ് മുരളി തുമ്മാരുകുടിയുടെ വാദം. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിച്ച് ഡോളറിന് 100 രൂപ എന്ന നിലയില്‍ എത്തിക്കണമെന്ന് രാജ്യസ്നേഹമുള്ള ആരെങ്കിലും പറയുമോ?
ഇന്ത്യന്‍ രൂപയുടെ മൂല്യം വൈകാതെ ഇടിയുമെന്നതിന്റെ സൂചനയായി ഇനി മുരളി തുമ്മാരുകുടി സ്വര്‍ണ്ണവിലയിലെ ചാഞ്ചാട്ടത്തെയാണ് എടുത്തു പറയുന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുമെന്ന് അടുത്ത കാലത്തെ സ്വർണ്ണവിലയുടെ ചാഞ്ചാട്ടം കാണിക്കുന്നതെന്നും മുരളി തുമ്മാരുകുടി പറയുന്നു.
“ഇവിടെ ഏറെ സാമ്പത്തിക വിദഗ്ദ്ധർ ഉണ്ടല്ലോ. രണ്ടായിരത്തി ഇരുപത്തിനാലിന് മുൻപ് ഇന്ത്യൻ കറൻസിയുടെ വില ഡോളറിന് നൂറിന് മുകളിൽ എത്തുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?”- മുരളി തുമ്മാരുകുടി പറഞ്ഞുനിര്‍ത്തുന്നു. മോദി വിരുദ്ധതകൊണ്ട് അന്ധനായ, ഇടത്പക്ഷസ്നേഹത്താല്‍ കണ്ണ് മങ്ങിപ്പോയ മുരളിതുമ്മാരുകുടിയെയാണ് ഈ ഫേസ് ബുക്ക് കുറിപ്പില്‍ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: