അഡ്വ. പി.കെ. ശങ്കരന്‍കുട്ടി
(ദീര്‍ഘകാലം സൈനികക്ഷേമ വകുപ്പില്‍ സേവനമനുഷ്ഠിച്ച ലേഖകന്‍ എഴുത്തുകാരനും എംപ്ലോയ്മെന്റ് വകുപ്പിലെ മുന്‍ ഡെപ്യൂട്ടി ഡയറക്ടറും കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായിരുന്നു)
ശത്രുസൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പ്രദര്‍ശിപ്പിക്കുന്ന അസാമാന്യ ധീരതക്ക് അംഗീകാരമായി ഇന്ത്യന്‍ സൈനികര്‍ക്കുള്ള പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയത് ആദ്യ റിപ്പബ്ലിക് ദിനമായ 1950 ജനുവരി 26നാണ്. പരമവീരചക്രം, മഹാവീരചക്രം, വീരചക്രം എന്നിവയാണവ. അതിനു തുടര്‍ച്ചയായി സേനാമെഡലും മെന്‍ഷന്‍ ഇന്‍ഡസ് പാച്ചാസും ചീഫ് ഓഫ് സ്റ്റാഫിന്റെ കമന്റേഷന്‍ കാര്‍ഡും നിലവില്‍വന്നു. ഈ ആറ് പുരസ്കാരങ്ങളില് അവസാനത്തെ മൂന്നെണ്ണം യുദ്ധേതര സാഹചര്യത്തിലും സൈനിക സേവനത്തിനിടയില്‍ പ്രദര്‍ശിപ്പിക്കുന്ന അസാമാന്യ ധീരതക്കു നല്‍കാവുന്നതാണ്. ഈ അവാര്‍ഡുകള്‍ക്ക് ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച 1947 ആഗസ്റ്റ് 15 മുതല്‍ മുന്‍കാല പ്രാബല്യവും നല്‍കിയിട്ടുണ്ട്.
ഈ അവാര്‍ഡുകള്‍ക്ക് പ്രാരംഭം കുറിച്ചതിന് കാരണം 1947-48 കാലഘട്ടത്തില്‍ നടന്ന കശ്മീര്‍ യുദ്ധമാണ്. സ്വാതന്ത്ര്യം ലഭിച്ചതിനു തൊട്ടുപിന്നാലെ 1947 ഒക്ടോബറില്‍ കശ്മീര്‍ പിടിച്ചടക്കാന്‍ വേണ്ടി പാക്കിസ്ഥാന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് മിന്നാലാക്രമണം നടത്തി കുറെ പ്രവിശ്യകള്‍ പിടിച്ചെടുത്തു. അല്പം വൈകിയാണെങ്കിലും വിവരം അറിഞ്ഞയുടന്‍ ഇന്ത്യന്‍ സൈന്യം ആ നീക്കം ചെറുത്തു. 1947ല്‍ പാക്കിസ്ഥാന് കശ്മീരില്‍ തുടങ്ങിവച്ച ആക്രമണവും അതിനെ ചെറുത്തുകൊണ്ടുള്ള ഇന്ത്യയുടെ പ്രതിരോധവും ഒരുവര്‍ഷവും രണ്ടു മാസവും നീണ്ടുനിന്നു. 1949 ജനുവരി ഒന്നിനാണ് വെടിനിര്‍ത്തല്‍ നിലവില്‍വന്നത്. മിന്നലാക്രമണത്തിലൂടെ പാക്കിസ്ഥാന് ഇന്ത്യയില്‍നിന്നും പിടിച്ചെടുത്ത പ്രവിശ്യയെ പാക് അധിനിവേശ കശ്മീര്‍ എന്നാണ് അറിയപ്പെടുന്നത്. ഈ യുദ്ധത്തില്‍ ധാരാളം ഇന്ത്യന്‍ സൈനികര്‍ക്ക് ജീവഹാനിയുണ്ടായി. ഈ യുദ്ധത്തില്‍ പങ്കെടുത്ത് അസാമാന്യ ധൈര്യം പ്രകടിപ്പിച്ച ധീരയോദ്ധാക്കള്‍ക്ക് അവാര്‍ഡുകള്‍ നല്‍കണമെന്ന് ഭാരതസര്‍ക്കാര്‍ തീരുമാനിച്ചു. അതനുസരിച്ച് 1948 മെയ്മാസത്തില്‍തന്നെ ഇതിനായുളള നിര്‍ദ്ദേശം ഭാരതസര്‍ക്കാര്‍ ബ്രിട്ടീഷ് രാജ്ഞിക്കു സമര്‍പ്പിച്ചു. ബ്രിട്ടീഷ് സര്‍ക്കാര്‍ സൈനികര്‍ക്കു നല്കുന്ന ധീരതാ പുരസ്കാരങ്ങളായ വിക്ടോറിയ ക്രോസ്, ഇന്ത്യന്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ്, മിലിട്ടറി ക്രോസ് എന്നീ ഉത്തുംഗ അവാര്‍ഡുകള്‍ക്കു സമാനമായ രീതിയില്‍ ഇന്ത്യന്‍ സൈനികര്‍ക്കും ബഹുതികള്‍ നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് വളരെ വൈകിയും അംഗീകാരം ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായിരുന്ന രാജഗോപാലാചാരി ഇന്ത്യ പരമാധികാര റിപ്പബ്ലിക്കായ 1950 ജനുവരി 26നു തന്നെ ബ്രിട്ടീഷ് അവാര്‍ഡുകള്‍ക്ക് സമാനമായി പരമവീരചക്രം, മഹാവീരചക്രം, വീരചക്ര പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനോട് ആവശ്യപ്പെട്ടു. ആ നിര്‍ദ്ദേശം അദ്ദേഹം അംഗീകരിച്ചു. തല്‍ഫലമായി കശ്മീര്‍ യുദ്ധത്തില്‍ പങ്കെടുത്ത 5 പേര്‍ക്ക് പരമോന്നത ബഹുമതിയായ പരമവീരചക്ര പുരസ്കാരം ലഭിക്കുകയുണ്ടായി. ഇതില്‍ 3 പേര്‍ക്ക് ലഭിച്ചത് മരണാനന്തര ബഹുമതിയായിട്ടാണ്. ആ യുദ്ധത്തില്‍ മഹാവീരചക്രം നേടിയ 53 പേരും വീരചക്രം നേടിയ 308 പേരും ഉണ്ടായിരുന്നു. ഇവയില്‍ 17 മഹാവീരചക്രവും 60 വീരചക്രവും മരണാനന്തര ബഹുമതികളാണ്. റിപ്പബ്ലിക്കിനുശേഷം 1950ല്‍ത്തന്നെ ഭാരതസര്‍ക്കാര്‍ ഇവരെ ആദരിക്കുകയുണ്ടായി.
തുടര്‍ന്ന് 1961 ല്‍ കോംഗോയില്‍ യുഎന്‍ പീസ്കീപ്പിങ് ഫോഴ്സില്‍ സേവനമനുഷ്ഠിക്കവെ അസാമാന്യമായ രീതിയില്‍ ധൈര്യം പ്രകടിപ്പിച്ചവര്‍ക്ക് ഒരു പരമവീരചക്രവും 2 മഹാവീരചക്രവും 16 വീരചക്രവും നല്കി രാഷ്ട്രം ആദരിച്ചു. തുടര്‍ന്ന് 1962 ല്‍ നടന്ന ഇന്തോ-ചൈന യുദ്ധം, 1965 ലെയും 1971 ലെയും ഇന്തോ-പാക് യുദ്ധം, 1987-90 കാലഘട്ടത്തില്‍ ശ്രീലങ്കയില്‍ തമിഴ്പുലികളെ അമര്‍ച്ച ചെയ്യാന്‍ നടത്തിയ ഓപ്പറേഷന് പവന്, 1990 ലെ സിയാചിന്‍ യുദ്ധം, 1999 ല്‍ നടന്ന കാര്‍ഗില്‍ യുദ്ധം എന്നീ യുദ്ധങ്ങളില്‍ പങ്കെടുത്ത് അസാമാന്യ ധീരത പ്രകടിപ്പിച്ച സൈനികര്‍ക്ക് നേരിട്ടു മരണാനന്തര ബഹുമതിയായും 1500ല്‍ അധികം പേര്‍ക്ക് ഈ ഉത്തുംഗ പുരസ്കാരങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഇന്ത്യയില്‍ നാളിതുവരെ 21 പേര്‍ക്കാണ് പരമോന്നത ബഹുമതിയായ പരമവീരചക്രം ലഭിച്ചിട്ടുള്ളത്. അതില്‍ 14 പേര്‍ക്ക് ലഭിച്ചത് മരണാനന്തര ബഹുമതിയായിട്ടാണ്. പരമവീരചക്രം ലഭിച്ചവരില്‍ മലയാളികള്‍ ആരുംതന്നെയില്ല. വിവിധ യുദ്ധങ്ങളിലായി കേരളത്തില്‍നിന്നു 48 പേര്‍ക്ക് വീരചക്രവും രണ്ടുപേര്‍ക്ക് മഹാവീരചക്രവും ലഭിച്ചിട്ടുണ്ട്. 1947-48 ലെ കശ്മീര്‍ യുദ്ധത്തില്‍ പാലക്കാട്ടുകാരന് മേജര്‍ അണ്ണാവി രാമസ്വാമി കൃഷ്ണസ്വാമിക്ക് മരണാനന്തര ബഹുമതിയായാണ് മഹാവീരചക്രം ലഭിച്ചത്. ഇടയാറന്മുള സ്വദേശി ഹവില്‍ദാര്‍ തോമസ് ഫിലിപ്പോസിനും മഹാവീരചക്രം ലഭിച്ചിട്ടുണ്ട്. നീണ്ട സേവനത്തിനുശേഷം സൈന്യത്തില്‍നിന്നും റിട്ടയര്‍ ചെയ്ത അദ്ദേഹം 2018 ല്‍ അന്തരിച്ചു.
യുദ്ധേതര സാഹചര്യങ്ങളായ തീവ്രവാദി ആക്രമണം ചെറുക്കല്‍, വെള്ളപ്പൊക്ക ദുരിതാശ്വാസം, അഗ്നിബാധ ചെറുക്കല്‍ തുടങ്ങിയ അത്യാഹിത കര്മപരിപാടികളില് സജീവമായി പങ്കെടുത്ത് അസാമാന്യ ധീരത പുലര്‍ത്തുന്നവര്‍ക്ക് നല്കുന്ന ബഹുമതികളാണ് അശോകചക്രം, കീര്‍ത്തിചക്രം, ശൗര്യചക്രം എന്നിവ. 1954 ല്‍ ഏര്‍പ്പെടുത്തിയ ഭാരതത്തിലെ ഉത്തുംഗ പുരസ്കാരമാണ് ഭാരതരത്ന. തുടര്‍ന്ന് ആ വര്‍ഷത്തില്‍ത്തന്നെ പദ്മാ പുരസ്കാരങ്ങളും നിലവില്‍വന്നു. ഭാരതരത്നയും പദ്മാ പുരസ്കാരങ്ങളും സൈനികര്‍ക്കല്ല, വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ നല്‍കിയവര്‍ക്കാണ് നല്‍കുന്നത്.
1960 ലെ റിപ്പബ്ലിക് ദിനത്തില്‍ സൈനികര്‍ക്കായി പ്രഖ്യാപിച്ച പുരസ്കാരങ്ങളാണ് വിശിഷ്ടസേവാ മെഡല്‍, സൈന്യസേവാ മെഡല്‍, വിദേശസേവാ മെഡല്‍, സേനാമെഡലുകള്‍ എന്നിവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: