കൊച്ചി: ശബരിമലയില്‍ കാണിക്ക എണ്ണാന്‍ നിയോഗിച്ചിട്ടുള്ള 770 പേരില്‍ 200 ഓളം പേര്‍ക്ക് പനിയും ചിക്കന്‍ പോക്സും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുള്ളതിനാല്‍ കാണിക്കയെണ്ണല്‍ ഫെബ്രുവരി അഞ്ചു വരെ നിര്‍ത്തിവച്ചെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. നോട്ടുകള്‍ എണ്ണി പൂര്‍ത്തിയാക്കിയെന്നും ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ അറിയിച്ചു.
അരവണ നിര്‍മാണത്തിനു വാങ്ങിയ ഏലക്കയില്‍ അനുവദനീയമായതില്‍ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്വമേധയാ എടുത്ത ഹര്‍ജി ഹൈക്കോടതി ഫെബ്രുവരി14 ലേക്ക് മാറ്റി. ദേവസ്വം ബോര്‍ഡ്, ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍, ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഓഫ് ഇന്ത്യയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ എന്നിവര്‍ മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ശബരിമലയില്‍ മകരവിളക്കു ദിവസം ദീപാരാധനയ്ക്കു ശേഷം ദര്‍ശനത്തിനെത്തിയ ഭക്തരെ തള്ളിനീക്കുകയും ഇവരോടു മോശമായി പെരുമാറുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജിയില്‍ ദേവസ്വം വാച്ചര്‍ എസ്. അരുണ്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തതായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ അറിയിച്ചു. സംഭവത്തില്‍ സത്യവാങ്മൂലം ഉടന്‍ നല്‍കാമെന്ന് ദേവസ്വം ബോര്‍ഡും അരുണ്‍കുമാറിന്റെ അഭിഭാഷകനും അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി ഫെബ്രുവരി ഒന്നിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: