മെല്‍ബണ്‍: മുന്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. പത്താം ഓസ്ട്രേലിയന്‍ ഓപ്പന്‍ കിരീടം ലക്ഷ്യമിടുന്ന സെര്‍ബിയന്‍ താരം നേരിട്ടുള്ള സെറ്റുകള്‍ക്ക് ഗ്രിഗോര്‍ ഡിമിട്രോവിനെ പരാജയപ്പെടുത്തിയാണ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. 7-6, 6-3, 6-4. ആവേശകരമായ പോരാട്ടത്തില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ മൂന്നാം റൗണ്ടില്‍ പരാജയപ്പെട്ടു പുറത്തായി. സ്പെയിനിന്റെ റോബര്‍ട്ടോ ബൗറ്റിസ്റ്റ 6-1, 6-7, 6-3, 6-4നാണ് മുറെയെ പരാജയപ്പെടുത്തിയത്.
മധുരപ്പതിനേഴുകാരി ചെക് റിപ്പബ്ലിക്കിന്റെ ലിന്‍ഡ ഫ്രുഹ്വിര്തോവ സ്വന്തം നാട്ടുകാരിയായ മാര്കെത വോണ്‍ഡ്രൗസോവയെ കടുത്ത പോരാട്ടത്തിനൊടുവില്‍ 7-5,2-6,6-3നു തോല്പിച്ച് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ചാമ്പ്യന്‍ഷിപ്പ് പ്രീ ക്വാര്‍ട്ടര്‍ ഘട്ടത്തിലെത്തുമ്പോള്‍ ഇപ്പോഴുള്ള ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ലിന്‍ഡ.
വനിതാ വിഭാഗത്തില്‍ പ്രധാന സീഡ് താരങ്ങളെല്ലാം പ്രീ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. നാലാം സീഡ് ഫ്രാന്‍സിന്റെ കരോലിന ഗാര്‍ഷ്യ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയെങ്കിലും ജര്‍മനിയുടെ ലോറ സീജ്മുണ്ടിനെ പരാജയപ്പെടുത്തി നാലാം റൗണ്ടില്‍ കടന്നു. സ്കോര്‍; 1-6, 6-3, 6-3. ചാമ്പ്യന്‍ഷിപ്പിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ബലാറസിന്റെ അരിന സബലെന്‍ക ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. അഞ്ചാം സീഡ് സബലെന്‍ക ഇരുപത്താറാം സീഡ് ബല്‍ജിയത്തിന്റെ എലിസെ മെര്‍ട്ടെന്‍സിനെതിരെ 6-2, 6-3ന്റെ അനായാസ വിജയം നേടി. പ്രീ ക്വാര്‍ട്ടറില്‍ ഒളിംപിക് ചാമ്പ്യന്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ പന്ത്രണ്ടാം സീഡ് ബെലിന്ദ ബെന്‍സിച്ചാണ് സബലെന്‍കയുടെ എതിരാളി. ഇറ്റലിയുടെ കാമാല ജിയോര്‍ജിയെ 6-2, 7-5നു പരാജയപ്പെടുത്തിയാണ് ബെലിന്ദ നാലാം റൗണ്ടിലേക്ക് മുന്നേറിയത്.
പതിമൂന്നാം സീഡ് ചെക് റിപ്പബ്ലിക്കിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ കരോലിന പ്ലിസ്കോവയും ഇരുപത്തിമൂന്നാം സീഡ് ചൈനയുടെ ഴാങ് ഷുയിയും പ്രീ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. റഷ്യയുടെ വര്വര ഗ്രചേവയെ 6-4, 6-2നാണ് കരോലിന പ്ലിസ്കോവ പരാജയപ്പെടുത്തിയത്. അമേരിക്കയുടെ കാതി വോളിനെറ്റ്സിനെ 6-3, 6-2 നു പരാജയപ്പെടുത്തിയാണ് ചൈനീസ് താരത്തിന്റെ മുന്നേറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: