ന്യൂദല്‍ഹി: കാര്യവട്ടത്തെ സ്റ്റേഡിയത്തില്‍ ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരം കാണാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് ഏകദിനക്രിക്കറ്റിന് അന്ത്യമായോ എന്ന ആശങ്ക യുവരാജ് സിങ്ങ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച ഹൈദരാബാദില്‍ നടന്ന ഇന്ത്യ-ന്യൂസിലാന്റ് മത്സരത്തില്‍ അതിന് ഉത്തരമായി. കാരണം ഹൈദരാബാദില്‍ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ് കാണികളായിരുന്നു അതായത് 50 ഓവര്‍ പന്തെറിയുന്ന ഏകദിനം മരിച്ചിട്ടില്ല.
ജനങ്ങള്‍ക്ക് വേണ്ടി, ക്രിക്കറ്റ് ആരാധകര്‍ക്ക് വേണ്ടി മാച്ച് സംഘടിപ്പിച്ചാല്‍ ഏകദിനം കാണാനും ആള് കേറും. കാര്യവട്ടത്ത് പക്ഷെ തിരുവനന്തപുരം നഗരസഭയും കായികമന്ത്രിയും ചേര്‍ന്ന് പണം വാരാനാണ് ശ്രമിച്ചത്. അതിന് വേണ്ടി ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി. വിനോദ നികുതി അഞ്ചില്‍ നിന്നും 15 ശതമാനമാക്കി.
40000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയില്‍ ശനിയാഴ്ച വരെ ടിക്കറ്റ് പണം നല്കി ബുക്ക് ചെയ്തത് ആറായിരത്തി ഇരുനൂറ് പേര് മാത്രമാണ്. എന്നാല്‍ ഹൈദരാബാദില്‍ സ്റ്റേഡിയം ഫുള്‍ ആയിരുന്നു.
“.ഒരു തലയ്ക്കല്‍ നന്നായി കളിക്കുന്ന ശുഭ്മാന്‍ ഗില്‍ സെഞ്ചറിയടിക്കും. മറ്റേ തലയ്ക്കല്‍ വിരാട് കോലി ഉറച്ച് നിന്ന് പൊരുതുന്നു. പക്ഷെ പാതി ഒഴിഞ്ഞ സ്റ്റേഡിയം കാണുമ്പോള്‍ ആശങ്കയുണ്ട്. ഏകദിന ക്രിക്കറ്റ് മരിയ്ക്കുകയാണോ?”- ട്വീറ്റില്‍ യുവരാജ് സിങ്ങ് ചോദിക്കുന്നു. പക്ഷെ ഹൈദരാബാദിലെ ഏകദിനം ഈ ചോദ്യത്തിന് ഉത്തരം തന്നു കഴിഞ്ഞു. യുവരാജ്, ഏകദിനം ഒരിയ്ക്കലും മരിക്കില്ല. സംഘാടകര്‍ അതിനെ കൊല്ലാതിരിക്കുന്നിടത്തോളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: