ന്യൂദല്‍ഹി: അന്ധകാരത്തില്‍പ്പെട്ടുഴലുന്ന കുഞ്ഞുങ്ങള്‍ക്കായി കേരളം നല്കിയ വിളക്കുമരമാണ് ബാലഗോകുലമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് അഭിപ്രായപ്പെട്ടു.
മയക്കുമരുന്നിന്റെയും പാശ്ചാത്യ ഉപഭോഗ സംസ്കാരത്തിന്റെയും അന്ധകാരത്തില്‍ നിരാശാബോധം പടരുന്ന ബാല്യകൗമാരങ്ങള്‍ക്കുള്ള യഥാര്‍ത്ഥ വഴിവിളക്കാണ് ബാലഗോകുലം. ഗോകുല സംസ്കാരം ഭവനങ്ങളില്‍ എത്തിക്കുക വഴി നല്ലൊരു പുത്തന്‍ സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ സാധിക്കും. ദല്‍ഹിയില്‍ വിവേകാനന്ദ ജയന്തിയോടനുബന്ധിച്ചു ബാലഗോകുലം വിവേക യുവജാഗ്രത സംഘടിപ്പിച്ച യുവസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുരളീധരന്.
ചടങ്ങില്‍ ബാലസാഹിതീ പ്രകാശന് ചെയര്മാന് ഹരീന്ദ്രന്‍ മാസ്റ്റര്‍ മാര്‍ഗദര്‍ശനം നല്കി. രക്ഷാധികാരി ബാബു പണിക്കര്‍, സാഹാരക്ഷാധികാരി കെ.വി. രാമചന്ദ്രന്, അധ്യക്ഷന്‍ പി.കെ. സുരേഷ്, പൊതു കാര്യദര്‍ശി ഇന്ദുശേഖരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വിവേക യുവജാഗ്രതയിലെ യുവതീയുവാക്കള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും മാതൃകാ പാര്‍ലമെന്റും അവതരിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം പത്തിലും പന്ത്രണ്ടിലും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ചവര്‍ക്കുള്ള പുരസ്കാരങ്ങള്‍ മന്ത്രി സമ്മാനിച്ചു. യുവസംഗമത്തിന് യുവജാഗ്രത സംയോജകരായ യുടി പ്രകാശ്, രാജീവ് എന്നിവര്‍ നേതൃത്വം നല്കി. ബിനോയ് ബി. ശ്രീധരന് നന്ദി പ്രകാശിപ്പിച്ചു. മലയാളം സിനിമാനടന് നന്ദകിഷോര്‍ കാരിക്കേച്ചര്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: