റൂര്‍ക്കല: ലോകകപ്പ് ഹോക്കിയിലെ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇന്ത്യ ഇന്ന് വീണ്ടും കളത്തില്‍. വീര ബിരസ സ്റ്റേഡിയത്തില്‍ കരുത്തരായ ഇംഗ്ലണ്ടാണ് പൂള് ഡിയില്‍ ഇന്ത്യക്ക് എതിരാളി. നേരിട്ട് ക്വാര്‍ട്ടറിലെത്താന്‍ ഇന്ത്യക്ക് ജയം അനിവാര്യം.
ആദ്യ കളിയില്‍ ഇന്ത്യ സ്പെയ്നെ 2-0ന് കീഴടക്കിയപ്പോള്‍ ഇംഗ്ലണ്ട് 5-0ന് വെയ്ല്‍സിനെ മുക്കി. ഇതോടെ, ഗോള്‍ശരാശരിയുടെ മുന്‍തൂക്കം ഇംഗ്ലണ്ടിന്. അവസാന എതിരാളികള്‍ പൂളിലെ ദുര്‍ബലരെന്നു വിശേഷിപ്പിക്കാവുന്ന വെയ്ല്സായതിനാല് ഇന്ത്യ ഇന്ന് ജയത്തിനായി കൈയ്മെയ് മറന്നിറങ്ങും.
സ്പെയ്നെതിരെ മുന്നേറ്റത്തിന് പിഴച്ചതാണ് വ്യക്തമായ ആധിപത്യമുണ്ടായിട്ടും വന്‍ ജയത്തിനകാതിരുന്നത്. എതിര് ഗോള്‍മുഖത്ത് നിരന്തരം ആക്രമണമഴിച്ചുവിട്ടിട്ടും അതിനുള്ള ഗോള്‍ വന്നില്ല. അമിത് രോഹിദാസും ഹാര്‍ദിക് സിങ്ങുമാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് ഉള്‍പ്പെടുന്ന മധ്യനിരയും മികവു പുലര്‍ത്തി. അതേസമയം, അവസാന ക്വാര്‍ട്ടറിലെ സ്പാനിഷ് സമ്മര്‍ദ്ദം ഇന്ത്യന്‍ പ്രതിരോധം സമര്‍ത്ഥമായി തടഞ്ഞു. രണ്ടാം പകുതിയില്‍ പി.ആര്. ശ്രീജേഷിനു പകരമിറങ്ങിയ കൃഷ്ണ പഥക്കും ഗോള്‍വല കാക്കുന്നതില്‍ മിടുക്കു കാട്ടിയത് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് നിറം പകരുന്നു.
ഇംഗ്ലണ്ടാകട്ടെ മിന്നും ജയത്തോടെ തുടങ്ങി. വെയ്ല്‍സിനെ മുക്കാന്‍ ഇംഗ്ലീഷ് മുന്നേറ്റത്തിനായി. പാര്‍ക്ക് നിക്കോളസ്, അന്സെല് ലിയാം, റൂപെര് ഫില്‍, ബന്ദുരാക് നിക്കോളസ് അവരുടെ ഗോളടി മേളത്തിന് കൈത്താങ്ങായി.
ലോക റാങ്കിങ്ങില്‍ അഞ്ചാമതാണ് ഇന്ത്യ, ഇംഗ്ലണ്ട് ആറാമതും. മുഖാമുഖ പോരാട്ടങ്ങളില്‍ ഇംഗ്ലണ്ടിനാണ് മുന്‍തൂക്കം. 133 കളികളില്‍ അവര്‍ക്ക് 86 ജയം. ഇന്ത്യ 25ല്‍ ജയിച്ചപ്പോള്‍ 22 എണ്ണം സമനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: