ന്യൂദല്‍ഹി : ജാതി പറഞ്ഞ് സമൂഹത്തില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കേരള സര്‍വ്വകലാശാല അധ്യാപകന് ഡോ. അരുണ്‍ കുമാറിനെതിരായ പരാതിയില്‍ വിശദാംശങ്ങള്‍ തേടി യുജിസി. കേരള സര്‍വ്വകലാശാലയ്ക്ക് അയച്ച കത്തിലാണ് യുജിസി സെക്രട്ടറി ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ തേടിയിരിക്കുന്നത്.
സംസ്ഥാന സ്കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് വിവാദമാവുകയും നിരവധിപേര്‍ വിഷയത്തില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുജിസി ചെയര്മാന് എം. ജഗദീഷ് കുമാറിന് കേരളത്തില്‍ നിന്നുള്‍പ്പടെ പരാതി ലഭിക്കുകയും കൂടി ചെയ്തതോടെയാണ് വിശദാംശങ്ങള്‍ തേടിയിരിക്കുന്നത്.
യുജിസി ജോയിന്റ് സെക്രട്ടറി ഡോ. മഞ്ജു സിങ് ജെ. എസിനാണ് ചെയര്മാന് അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ സര്‍വ്വകലാശാലയുടെ മറുപടി ലഭിച്ചശേഷം ആയിരിക്കും നടപടി.
കലോത്സവത്തില്‍ കോഴിക്കോടന്‍ രുചിയായ നോണ്‍വെജും വേണമെന്ന അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതോടെ താന്‍ കലോത്സവത്തില്‍ ഭക്ഷണം ഒരുക്കുന്നത് നിര്‍ത്തുകയാണെന്ന് പഴയിടവും പ്രതികരിച്ചു. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും സ്കൂള്‍ കലോത്സവത്തിന് പഴയിടം പോടി മറ്റൊരാള്‍ വന്നാലും വെജിറ്റേറിയന്‍ ഭക്ഷണം ആണെങ്കില്‍ താന്‍ ഇതേ ചോദ്യം തന്നെ ആവര്‍ത്തിക്കുമെന്നാണ് അരുണ്‍കുമാര്‍ ഇതിനോട് പ്രതികരിച്ചത്.
അതിനിടെ വിവാദം കൊഴുക്കുമ്പോള്‍ പഴയിടം മോഹനന് നമ്പൂതിരിയെ അനുനയിപ്പിക്കാന്‍ സിപിഎം ശ്രമം നടത്തിയിരുന്നു. കലോത്സവ വേദിയില്‍ ഭക്ഷണം പാകം ചെയ്യില്ലെന്ന തീരുമാനത്തില്‍ നിന്ന് പഴയിടം പിന്മാറുമെന്നാണ് പ്രതീക്ഷയെന്ന് കുറിച്ചിത്താനത്തെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടശേഷം മന്ത്രി വി.എന്‍. വാസവന് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: