തിരുവനന്തപുരം: കേരളത്തില്‍ ജീവിക്കാന്‍ ഭയമാകുന്നുവെന്ന തുറന്നുപറച്ചിലുകള്‍ ഗൗരവത്തോടെ കാണണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്.
പഴയിടം മോഹനന് നമ്പൂതിരിക്കും കലാകാരന് കനകദാസിനും ജീവിക്കാന്‍ ഭയമുള്ളിടമായി കേരളം മാറിയെന്ന യാഥാര്‍ത്ഥ്യം പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ജാതിയുടെ പേരില്‍ ആളുകളുടെ ജീവിതോപാധിയെ തടസപ്പെടുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല.
യുവജനോത്സവത്തില്‍ അവതരിപ്പിച്ച സ്വാഗതഗാനത്തില്‍ തോക്കും തലക്കെട്ടുമായി നടക്കുന്നയാളെ കാണിച്ചാല്‍ അത് ഇന്ത്യന്‍ മുസ്ലീമെന്ന് ചിത്രീകരിക്കുന്നത് എന്തിന് വേണ്ടിയെന്ന് വി.മുരളീധരന് ചോദിച്ചു. വിയോജിപ്പ് പറയുന്ന പിഎ മുഹമ്മദ് റിയാസോ യൂത്ത് ലീഗ് നേതാക്കളോ ഈ വേഷത്തില്‍ നടക്കുന്നവരാണോ എന്നും മന്ത്രി ചോദിച്ചു. ഈ നേതാക്കള്‍ ഇന്ത്യന്‍ മുസ്ലീങ്ങളുടെ വക്താക്കളാണോ താലിബാന്റെയോ ഐഎസിന്റെയോ വക്താക്കളാണോ എന്ന് വ്യക്തമാക്കണം. എല്ലാവരും അഭിനന്ദിച്ച പരിപാടിയെ മുഹമ്മദ് റിയാസ് പിന്നീട് വിവാദമാക്കിയത് ആരുടെ സ്വാധീനത്തിലെന്ന് അന്വേഷിക്കണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു.
സൈനിക ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ ധീരകൃത്യങ്ങള്‍ കാണിക്കാന്‍ പാടില്ല എന്നത് പറയുന്നത് ഉള്‍ക്കൊള്ളാന്‍ പറ്റില്ല. ബേനസീര്‍ ഭൂട്ടോയുടെ പടംവച്ച് ആഘോഷിക്കുന്നവര്‍ സൈനികരോട് അസഹിഷ്ണുത കാണിക്കുമ്പോള്‍ ഇവരുടെ കൂറ് ആരോടെന്നത് തെളിയുകയാണെന്നും മന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ് അവസരവാദം കേരളസമൂഹത്തെ വലിയ അപകടത്തിലേക്കാണ് തള്ളിവിടുന്നതെന്നും വി. മുരളീധരന് പറഞ്ഞു.
പകല്‍ ലഹരിവിരുദ്ധപ്രതിജ്ഞയും രാത്രി ലഹരിക്കടത്തുമാണ് സിപിഎമ്മിന്റെ ശീലം. ലഹരിക്കടത്തിന് പിടിയിലായിട്ടും പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എ. ഷാനവാസിനെ ന്യായീകരിക്കുകയാണ് മന്ത്രിമാരും നേതാക്കന്മാരും. ജാഗ്രതക്കുറവ് മാത്രമെന്ന് മന്ത്രിമാരടക്കം പറയുമ്പോള്‍ പിന്നെ പൊലീസ് എന്ത് അന്വേഷിക്കാനെന്ന് വി.മുരളീധരന് ചോദിച്ചു. സൂക്ഷിച്ച് കടത്തിയാല്‍ പ്രശ്നമില്ലെന്നും ജാഗ്രതക്കുറവ് വരാന്‍ പാടില്ലെന്നുമാണ് നേതാക്കള്‍ അണികള്‍ക്ക് നല്കുന്ന സന്ദേശമെന്നും വി.മുരളീധരന് പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: