ഭാസ്കര്‍ റാവുവിനെ കുറിച്ചുള്ള ചിന്ത സ്വയംസേവകനില്‍ ആദ്യമായി ഉളവാക്കുന്ന വികാരം അദ്ദേഹത്തില്‍ നിന്നും അനുഭവിച്ചറിയാന്‍ കഴിഞ്ഞ സ്നേഹവത്സല്യങ്ങളും പരിഗണനയുമാണ്. എല്ലാവര്ക്കും ഭാസ്കര്‍ റാവുവിന് തങ്ങളോട് പ്രത്യേകമായ താല്പര്യം അഥവാ സ്നേഹം ഉണ്ടെന്ന് അനുഭവപ്പെട്ടിരുന്നു. എന്തും മനസുതുറന്നു പറയുവാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തോട് എല്ലാവര്‍ക്കുമുണ്ടായിരുന്നു. തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ പോലും ഭാസ്കര്‍ റാവുവിനോട് വിഷമതകള്‍ പറയുന്നതോടെ അവര്‍ക്ക് മനസിന് ശാന്തി ലഭിക്കുമായിരുന്നു. 1919-ല്‍ ഇന്നത്തെ മ്യാന്മര് ആയ പഴയ ബര്‍മ്മയിലാണ് ഭാസ്കര്‍റാവുവിന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട അദ്ദേഹം ബോംബെയിലുള്ള അമ്മയുടെ സഹോദരിയുടെ സംരക്ഷണയിലാണ് വളര്‍ന്നത്. ഹൈസ്കൂള്‍ പഠനകാലത്ത് തന്നെ സ്വയം സേവകനായ അദ്ദേഹം ക്രമേണെ മറ്റു ചുമതലകളിലേക്കുയര്‍ന്നു. അതിനിടയില്‍ തന്നെ ദ്വിതീയവര്‍ഷ സംഘശിക്ഷാ വര്‍ഗും കഴിഞ്ഞിരുന്നു. 1936 മുതല്‍ 1939 വരെയുള്ള വര്‍ഷങ്ങളില്‍ ഡോക്ടര്‍ജി ബോംബെയില്‍ വരുമ്പോഴെല്ലാം അദ്ദേഹത്തെ പരിചരിക്കാനും അടുത്തിടപഴകാനുമുള്ള സൗഭാഗ്യം ഭാസ്കര്‍ റാവുവിന് ലഭിച്ചു.
1940ല്‍ എല്‍എല്‍ബിക്ക് പഠിക്കുമ്പോഴായിരുന്നു ഭാസ്കര്‍റാവു തൃതീയവര്‍ഷ സംഘശിക്ഷാ വര്‍ഗിന് പോകുന്നത്. ആ വര്ഗിന്റ ദീക്ഷാന്ത സമാരോപായിരുന്നു ഡോക്ടര്‍ജിയുടെ അന്തിമ സന്ദേശം. നിയമ പഠനത്തിന് ശേഷം ഭാസ്കര്‍ റാവു കേരളത്തില്‍ എറണാകുളത്തു സംഘപ്രചാരകനായി എത്തി. അതിനുമുമ്പുതന്നെ എറണാകുളത്ത് സംഘപ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞിരുന്നു. എന്നാല്‍ കൊങ്ങിണി, മറാത്തി ഭാഷകള്‍ സംസാരിക്കുന്ന വിഭാഗങ്ങള്‍ക്കിടയിലായിരുന്നു അന്ന് സംഘപ്രവര്‍ത്തനം നടന്നിരുന്നത്. അതിന് വ്യത്യസ്തമായി തദ്ദേശീയ ജനങ്ങളിലേക്ക് സംഘപ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. പുതിയ സ്വയം സേവകരെ ലഭിക്കുന്നതിനായി ഉച്ച സമയങ്ങളില്‍ കോളേജുകള്‍ക്ക് മുന്നിലെ നടപ്പാതകളിലും മരച്ചുവടുകളിലും അദ്ദേഹം നില്ക്കുമായിരുന്നു. സ്വയം സേവകര്‍, അവരുടെ കൂട്ടുകാരെ പരിചയപ്പെടുത്തുകയും ആ ബന്ധം ഉപയോഗിച്ച് അവരുടെ സ്ഥലങ്ങളില്‍ ശാഖ ആരംഭിക്കുകയുമായിരുന്നു ഭാസ്കര്‍റാവുവിന്റെ പദ്ധതി. കാര്യകര്‍ത്താക്കളെ എറണാകുളത്തിന് ചുറ്റുമുളള സ്ഥലങ്ങളിലേക്ക് ശാഖ തുടങ്ങാനായി അയക്കുമായിരുന്നു. വൈപ്പിന്‍കരയില്‍നിന്ന് പഠിക്കാനായി എറണാകുളത്തു വന്ന വിദ്യാര്‍ഥിയായിരുന്നു ടി.വി. അനന്തന്. വിദ്യാര്‍ത്ഥി സമ്പര്‍ക്കത്തിലൂടെ സമ്പര്‍ക്കത്തില്‍ വന്ന അദ്ദേഹം പിന്നീട് സംഘത്തിന്റെ പ്രാന്തകാര്യവാഹും പ്രാന്ത സംഘചാലകുമായി. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തന്നെ ശാഖ തുടങ്ങാനായി ആലുവയിലും മറ്റും സൈക്കിളില്‍ പറഞ്ഞയച്ച സംഭവം അനന്തേട്ടന് സ്മരിക്കാറുണ്ടായിരുന്നു.
കാര്യക്ഷേത്രത്തിലെ പ്രമുഖരായ വ്യക്തിത്വങ്ങളെ സമ്പര്‍ക്കം ചെയ്യുന്നതിലും ഭാസ്കര്‍റാവു വളരെയേറെ ശ്രദ്ധിച്ചിരുന്നു. രാവിലെയും വൈകുന്നേരവും ശാഖാകാര്യങ്ങളില്‍ ശ്രദ്ധിക്കുമായിരുന്ന അദ്ദേഹം ബാക്കിസമയത്ത് പ്രമുഖരെ കാണാനായി ചെലവഴിച്ചു. അങ്ങനെയാണ് കാലടി അദൈ്വതാശ്രമത്തിലെ ആഗമാനന്ദ സ്വാമികളുമായി വളരെയടുത്ത ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞത്. പ്രതിസന്ധികളെ നേരിടുന്നതിലും അസാധാരണ വൈഭവമായിരുന്നു ഭാസ്കര്‍റാവു പ്രകടിപ്പിച്ചിരുന്നത്. എറണാകുളത്തെത്തി രണ്ടു വര്‍ഷത്തിനുള്ളില്‍ ഗാന്ധിവധം ആരോപിച്ച് സംഘ നിരോധനം ഉണ്ടായി. സംഘം പിരിച്ചുവിട്ടതായി സര്‍സംഘചാലക് ഗുരുജിയുടെ പ്രഖ്യാപനം അനുസരിച്ച് ശാഖാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു. പക്ഷേ, സംഘപ്രവര്‍ത്തനം നിര്‍ത്തിയില്ല. നിരോധനത്തെത്തുടര്‍ന്ന് കേരളത്തിനു പുറത്തുനിന്ന് വന്ന പ്രചാരകന്മാര്ക്കെല്ലാം തിരിച്ചുപോകേണ്ടി വന്നപ്പോള്‍, ഭാസ്കര്‍റാവു അതിലും ഉപായം കണ്ടെത്തി.
മറ്റെല്ലാവര്‍ക്കും സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിപോകേണ്ടിവന്ന സമയത്ത് ഭാസ്കര്‍ റാവു തന്റെ മേല്‍വിലാസം നല്‍കിയത് തന്റെ പൂര്‍വികരുടെ സ്ഥലമായ മംഗലാപുരത്തിനടുത്ത സൗത്ത് കാനറയായിരുന്നു. അതുകൊണ്ട്, മംഗലാപുരം ഉള്‍പ്പെടുന്ന മദിരാശിയടക്കമുള്ള സംസ്ഥാനത്തെ എല്ലായിടത്തേക്കും സഞ്ചരിക്കുന്നതിന് അദ്ദേഹത്തിന് തടസ്സമുണ്ടായില്ല. അങ്ങനെ നിരോധന കാലഘട്ടത്തില്‍ കേരളത്തേയും കേന്ദ്രത്തെയും തമ്മില്‍ ഘടിപ്പിക്കുന്ന കണ്ണിയായി ഭാസ്കര്‍റാവുവിന് മാറാന്‍ കഴിഞ്ഞു. 1955ല്‍ ഭാസ്കര്‍റാവു കോട്ടയം ജില്ലാപ്രചാരക് ആയി. എറണാകുളത്തെ പ്രവര്‍ത്തകരിലേറെയും കോളജ് വിദ്യാര്‍ത്ഥികളും വിദ്യാസമ്പന്നരായ ഉദ്യോഗാര്ത്ഥികളുമായിരുന്നതിനാല് ഇംഗ്ലീഷിലൂടെ ആശയവിനിമയം നടത്താമായിരുന്നു. കോട്ടയത്ത് അത് പറ്റില്ലായിരുന്നു. അങ്ങനെ ഭാസ്കര്‍റാവു മലയാളം പഠിക്കുകയും കേരളീയ ജീവിതത്തിലേക്ക് ഇഴുകിച്ചേരുകയും ചെയ്തു. കോട്ടയത്തുവെച്ചു തന്നെ അദ്ദേഹം മലയാളം പഠിക്കുകയും ചെറിയ പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു.
മലയാളിയല്ലെങ്കിലും ഹൃദയത്തില്‍ തട്ടുന്ന ഭാഷയിലായിരുന്നു ഭാസ്കര്‍റാവുവിന്റെ പ്രഭാഷണങ്ങളും യോഗങ്ങളും. കേള്‍ക്കുന്ന ഓരോ ആള്‍ക്കും തനിക്ക് വേണ്ടിയാണ് അദ്ദേഹം ഇത് പറയുന്നത് എന്നു തോന്നുന്ന തരത്തിലായിരുന്നു അവതരണം. 1958-ല്‍ മദിരാശി സംസ്ഥാനത്തെ കേരളം, തമിഴ്നാട് എന്നീ രണ്ടു സംഭാഗുകളായി തിരിച്ചപ്പോള്‍ ഭാസ്കര്‍റാവു കേരള സംഭാഗ് പ്രചാരകനായി. നല്ല വാഗ്മിയോ പാട്ടുകാരനോ ആയിരുന്നില്ലെങ്കിലും ഒട്ടേറെ വാഗ്മികളെയും പാട്ടുകാരെയും അദ്ദേഹം വളര്‍ത്തിയെടുത്തു. പുതിയ പ്രചാരകന്മാരെ കൂടെക്കൊണ്ടു നടന്ന് ശാഖകളില്‍ കഥ പറയിച്ചും ബൗദ്ധിക് നടത്തിച്ചും അവരെയും പ്രാപ്തരാക്കുന്നതായിരുന്നു ഭാസ്കര്‍റാവുവിന്റെ ശൈലി. അവര്‍ പറയേണ്ട കഥയും ബൗദ്ധിക് ബിന്ദുക്കളും അദ്ദേഹം തന്നെ നേരത്തെ പറഞ്ഞു കൊടുക്കും. രാധാകൃഷ്ണ ഭട്ജിയെപ്പോലുള്ള പുതിയ പ്രചാരകന്മാരെക്കൊണ്ട് ഭാസ്കര്‍റാവു നടത്തേണ്ട ബൗദ്ധിക് ചെയ്യിക്കുമായിരുന്നു. ഭട്ജിയുടെ പാടാനുള്ള കഴിവ് കണ്ടറിഞ്ഞ് സംഘഗീതങ്ങള്‍ അദ്ദേഹത്തെ പഠിപ്പിക്കുകയും കാണാതെ പാടാന്‍ നിഷ്കര്‍ഷിക്കുകയും ചെയ്തു.
പ്രചാരകന്മാരുമായി നിരന്തരം കത്തിടപാടുകള്‍ നടത്തുന്ന സ്വഭാവക്കാരനായിരുന്നു ഭാസ്കര്‍റാവു. മലയാളം വായിക്കുമായിരുന്നെങ്കിലും അദ്ദേഹം എഴുതുന്നത് ഇംഗ്ലീഷിലായിരുന്നു. പോസ്റ്റ് കാര്‍ഡില്‍, ചെറിയ അക്ഷരങ്ങളുമായി വരുന്ന അദ്ദേഹത്തിന്റെ കത്തുകളെ നിധിപോലെയായിരുന്നു എല്ലാവരും സൂക്ഷിച്ചിരുന്നത്. പ്രവര്‍ത്തനത്തിനുള്ള ദിശയും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളും സഹപ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ആ കത്തുകളില്‍ ഉണ്ടാകും. സ്ഥാനീയ കാര്യകര്‍ത്താക്കളുമായും അദ്ദേഹം കത്തുകളില്‍ കൂടി സമ്പര്‍ക്കം സജീവമായി നിലനിര്‍ത്തി. 1964ല്‍ കേരളത്തെ പ്രവര്‍ത്തന സൗകര്യത്തിനായി പ്രത്യേക സംസ്ഥാനമാക്കുകയും(പ്രാന്തം) ഭാസ്കര്‍റാവു ആദ്യ പ്രാന്ത പ്രചാരക് ആവുകയും ചെയ്തു. കേരളത്തിലെ മണ്ഡല വ്യവസ്ഥ രൂപീകരിക്കുന്നതിലും ഭാസ്കര്‍റാവുവിന്റെ നിപുണതയുണ്ടായിരുന്നു. പഞ്ചായത്തുകള്‍ പലതും രാഷ്ട്രീയ താല്പര്യങ്ങള്ക്കനുസരിച്ച് സൃഷ്ടിച്ചതാകാമെന്നതിനാല് നാം ശ്രദ്ധിക്കേണ്ടത് കാര്യകര്‍ത്താവിന്റെ യാത്രാസൗകര്യമാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. വലിയ പഞ്ചായത്തുകളാണെങ്കില്‍ രണ്ടു മണ്ഡലമാക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മണ്ഡലകാര്യ കര്‍ത്താക്കളുടെ പ്രശിക്ഷണം, ബൈഠക്ക്, സാംഘിക്കുകള്‍, കാര്യകര്‍ത്താക്കളുടെ പ്രവാസം എന്നീ കാര്യങ്ങളില്‍ അദ്ദേഹം വളരെ നിഷ്കര്‍ഷത പുലര്‍ത്തിയിരുന്നു. തല്‍ഫലമായി സംഘപ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയുണ്ടായി.
കേരളത്തിന്റെ ക്രമാനുസൃതമായ പ്രവര്‍ത്തന വികാസം കണ്ട്, മറ്റു സംസ്ഥാനങ്ങളിലെ കാര്യകര്‍ത്താക്കള്‍ ഭാസ്കര്‍ റാവുവിനോട് കാരണം അന്വേഷിക്കുമായിരുന്നു. ‘കേരളത്തിലെ സംഘപ്രവര്ത്തനത്തിനാധാരം പ്രചാരകന്മാരല്ല മറിച്ച്, ഗൃഹസ്ഥന്മാരായ മണ്ഡല് കാര്യകര്‍ത്താക്കളാണ് എന്നായിരുന്നു അദ്ദേഹം അതിന് മറുപടി നല്‍കിയത്. 1975ലെ അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ ഒളിപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയതും ഭാസ്കര്‍റാവു ആയിരുന്നു. 1948ലെ നിരോധന കാലഘട്ടത്തെ അനുഭവം അദേഹത്തിന് ഈ സന്ദര്‍ഭത്തില്‍ വളരെ സഹായകരമായി തീര്‍ന്നു. 1982ലെ സംഘശിക്ഷാ വര്‍ഗിന് ഇടയ്ക്ക് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചു. തുടര്‍ന്നുള്ള പരീക്ഷണങ്ങളില്‍ വിദഗ്ധര്‍ ഹൃദയശസ്ത്രക്രിയ അനിവാര്യമാണെന്ന് നിര്‍ദേശിച്ചു. അന്ന് ഹൃദയശസ്ത്രക്രിയ വളരെ അപൂര്‍മായിരുന്നു. 1983ല്‍ ഹൃദയശസ്ത്രക്രിയക്ക് വിധേയനാകുന്നതുവരെ അദ്ദേഹം പ്രാന്തപ്രചാരകനായി തുടര്‍ന്നു. അസുഖം ഭേദമായശേഷം അദ്ദേഹം വനവാസി കല്യാണാശ്രമത്തിന്റെ പ്രവര്‍ത്തനത്തില്‍ നിയുക്തനായി.
വനവാസി കല്യാണാശ്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തശേഷം വടക്കുപടിഞ്ഞാറന്‍ സംസ്ഥാങ്ങളിലും ബാസ്ഥാര് ഭാഗത്തുള്ള ഏറ്റവും ഉള്‍പ്രദേശങ്ങളില്‍പോലും അദ്ദേഹം യാത്രചെയ്യാന്‍ തയ്യാറായി. അതോടൊപ്പം വനവാസി മേഖലയിലെ യുവാക്കന്മാരുടെ കായിക കരുത്ത് മനസിലാക്കി, ഭാരതത്തിലെ കായിക മേഖലയില്‍ അത് പൂര്‍ണമായും ഉപയോഗപ്പെടുത്താനായി അവര്‍ക്കിടയില്‍ ഖേല്‍കൂത്ത് പരിപാടി ആരംഭിച്ചു. അവരുടെ കായികമേളകള്‍ സംഘടിപ്പിക്കുകയും നാട്ടിലെ ഉന്നതരായ കായിക താരങ്ങളെ ഇത്തരം പരിപാടികളില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. അതോടൊപ്പം വനവാസികള്‍ക്കായി നടത്തുന്ന സേവന പരിപാടികള്‍ മാത്രം അപര്യാപ്തമാണ് എന്നറിഞ്ഞു അദ്ദേഹം അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഹിതചിന്തക്മണ്ഡല് എന്ന സംഘടന രൂപീകരിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും വ്യവസ്ഥചെയ്തു.
1999 വരെ ഈ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. അതിനുശേഷം കാന്‍സര്‍ ബാധയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ശാരീരികസ്ഥിതി മോശമായ പരിതസ്ഥിതിയില്‍ തന്റെ അന്ത്യം കേരളത്തിലായിരിക്കണമെന്നു ആഗ്രഹിച്ചു കേരളത്തിലെത്തി. 2001 വരെ അദ്ദേഹം കേരളത്തിലെ ചെറുതും വലുതുമായ പരിപാടികളില്‍ പങ്കെടുത്ത് സ്വയംസേവകര്‍ക്ക് പ്രേരണയും സന്തോഷവും നല്‍കിയിരുന്നു. ആ സന്ദര്‍ഭത്തില്‍ പരം പൂജനീയ സര്‍സംഘചാലകിന്റെ സന്ദര്‍ശനസമയത്തു വളരെ അവശനിലയില്‍ ആണെങ്കില്‍ പോലും സര്‍സംഘചാലകിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പൂര്ണഗണവേഷധാരിയായി പ്രത്യകം സജ്ജീകരിച്ച ആംബുലന്‍സില്‍ അദ്ദേഹം ആലുവയില്‍ എത്തി. 2001 അവസാനമായപ്പോഴേക്കും ഭാസ്കര്‍റാവുവിന്റെ ആരോഗ്യസ്ഥിതി മോശമായി. 2002 ജനുവരി 12ന് അദ്ദേഹത്തിന്റെ ജീവന് നമ്മെ വിട്ടു പിരിഞ്ഞു.
സംഘത്തിന്റെ ശതാബ്ദി അടുത്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സമൂഹത്തിനിടയില്‍ കാര്യമായ സ്വീകാര്യത വന്നുകഴിഞ്ഞിട്ടുണ്ടെങ്കിലും തീവ്രവാദശക്തികളും വിഘടനവാദികളും കപട മതേതരവാദികളും സംഘത്തെയും ഹിന്ദുസമാജത്തെയും തകര്‍ത്ത് നമ്മുടെ നാടിനെ നാശത്തിലേക്ക് കൊണ്ടുപോകാന്‍ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന കാര്യവും പ്രകടമാണ്. ഈ പരിതസ്ഥിതിയില്‍ സ്വര്‍ഗീയ ഭാസ്കര്റാവുവിനോടുള്ള നമ്മുടെ ഭക്തി ബഹുമാനങ്ങള്‍ ഹൃദയത്തില്‍ ഉള്‍കൊണ്ട് നാടിന്റെ സര്‍വ്വമേഖലയിലും ശക്തിയും സ്വാധീനവും വളര്‍ത്താന്‍ നാം ഓരോരുത്തരും അവരവരുടെ സര്‍വ്വ കഴിവും കൊടുത്ത് മുന്നോട്ട് വരേണ്ടതാണ്. അതാകട്ടെ ഭാസ്കര്‍ റാവുവിനോടുള്ള നമ്മുടെ ശ്രദ്ധാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: