ഭോപ്പാല്‍: ആഗോളതലത്തിലുള്ള നിക്ഷേപര്‍ക്ക് ഇന്ത്യ ഇന്ന് ഏറ്റവും അധികം വിശ്വാസമുള്ള രാജ്യമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആഗോള നിക്ഷേപക ഉച്ചകോടിയെ ഓണ്‍ലൈനില്‍ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഓരോ സംഘടനയും വിദഗ്ധരും ഇന്ത്യക്കാരിലര്‍പ്പിക്കുന്ന വിശ്വാസത്തില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ആഗോള സമ്പദ്വ്യവസ്ഥയില് ഇന്ത്യയെ തിളക്കമാര്‍ന്ന രാജ്യമായാണ് ഐഎംഎഫ് കാണുന്നത്.
ആഗോള പ്രതിസന്ധികള്‍നേരിടുന്നതില്‍ മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യ മികച്ച നിലയിലാണെന്നാണ് ലോകബാങ്ക് പറഞ്ഞത്. അടുത്ത നാലഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നാണ് മോര്ഗന് സ്റ്റാന്‍ലി പ്രഖ്യാപിച്ചത്. ഈ ദശകം മാത്രമല്ല, ഈ നൂറ്റാണ്ടുതന്നെ ഇന്ത്യയുടേതാണെന്നാണ് മക്കിന്‍സി സിഇഒ പ്രഖ്യാപിച്ചത്. അദ്ദേഹം ചൂണ്ടിക്കാട്ടി.
”ആഗോള സമ്പദ്വ്യവസ്ഥ നിരന്തരം നിരീക്ഷിക്കുന്ന സ്ഥാപനങ്ങളും വിദഗ്ധരും ആഗോള നിക്ഷേപകരും ഇന്ന് ഇന്ത്യയില്‍ വിശ്വാസമര്‍പ്പിക്കുന്നു. പ്രമുഖ അന്താരാഷ്ട്ര ബാങ്ക് നടത്തിയ സര്‍വേയില്‍, ഭൂരിഭാഗം നിക്ഷേപകരും ഇന്ത്യയില്‍ മുതല്‍ മുടക്കാനാണ് താല്‍പ്പര്യപ്പെടുന്നതെന്നാണ് കണ്ടെത്തിയത്.
”ഇന്ന്, ഇന്ത്യയിലെ നേരിട്ടുള്ള വിദേശനിക്ഷേപം റെക്കോര്‍ഡാണ്. വിവിധ മേഖലകളിലെ പരിഷ്ക്കരണങ്ങളാണ് നമ്മെ ഇതിന് തുണച്ചത്. ചരക്ക് സേവന നികുതിയും തൊഴില്‍ നിയമപരിഷ്ക്കരണങ്ങളും പഴയ ചട്ടങ്ങള്‍ നീക്കിയതും എല്ലാം അദ്ദേഹം വിവരിച്ചു. ഡസന്‍കണക്കിനു തൊഴില്‍ നിയമങ്ങള്‍ നാലു കോഡുകളായി സംയോജിപ്പിച്ചു. ഏതാനും വര്‍ഷം കൊണ്ട് 40,000 ചട്ടങ്ങള്‍ ഒഴിവാക്കി. പ്രവര്‍ത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണം കൂട്ടി, ദേശീയ പാതകളുടെ നിര്‍മാണ വേഗത എട്ടു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി.
സ്മാര്‍ട്ട്ഫോണ്‍ ഡേറ്റ ഉപഭോഗത്തിലും ഗ്ലോബല്‍ ഫിന്‍ടെക്കിലും ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന-വാഹന വിപണിയാണ് ഇന്ത്യ. എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല നല്‍കിവരികയാണ്. ഒപ്പം 5ജി ശൃംഖലയും അതിവേഗം വിപുലീകരിക്കുന്നു. ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍ നിക്ഷേപകരെ ക്ഷണിച്ച് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: