ഇൻഡോർ: 2022ല്‍ പ്രവാസികള്‍ രാജ്യത്തേക്ക് ഏകദേശം 100 ബില്യണ്‍ യുഎസ് ഡോളര്‍(8,17,915 കോടി രൂപ). 2021 നെ അപേക്ഷിച്ച് 12 ശതമാനം വര്‍ധനയാണ് പ്രവാസികൾ വഴിയുള്ള പണവരവില്‍ ഉണ്ടായതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് പറഞ്ഞു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് (പിബിഡി) കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
എന്‍ആര്‍ഐകളെ ‘ഇന്ത്യയുടെ യഥാര്‍ത്ഥ അംബാസഡര്‍മാര്‍’ എന്ന് വിശേഷിപ്പിച്ച അവര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരമാവധി ഉപയോഗിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ‘കോവിഡിനെതുടര്‍ന്ന് തിരിച്ചെത്തിയ പ്രവാസികള്‍ വിദേശത്തേയ്ക്ക് മടങ്ങില്ലെന്നാണ് പലരും കരുതിയത്. അവര്‍ തിരിച്ചുപോയെന്നുമാത്രമല്ല, ഒരുവര്‍ഷത്തിനുള്ളില്‍ നാട്ടിലേക്ക് കൂടുതല്‍ തുക അയയ്ക്കുകയും ചെയ്തു’, നിര്‍മല പറഞ്ഞു.
വിവര സാങ്കേതിക വിദ്യ, ഡിജിറ്റല്‍ ടെക്നോളജി, ഓട്ടോമൊബൈല്‍സ്, ചിപ്പ് ഡിസൈനിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറിംഗ്, തുടങ്ങിയ മേഖലകളിലെല്ലാം ഇന്ത്യന്‍ പ്രൊഫഷണലുകളുടെ ആധിപത്യം ചൂണ്ടിക്കാട്ടിയ അവര്‍ രാജ്യം വിജ്ഞാനത്തിന്റെയും പുരോഗതിയുടെയും ആഗോള കേന്ദ്രമായി മാറുകയാണെന്നും പറഞ്ഞു.
ചൈനയ്ക്ക് പുറത്ത് നിര്‍മിക്കുകയെന്ന നയത്തിനു പിന്നാലെ യൂറോപ്യന്‍ യൂണിയന് പ്ലസ് നയമാണ് ലോകം ഇപ്പോള്‍ പിന്തുടരുന്നതെന്നും ചൈനയ്ക്കും യൂറോപ്പിനും പുറത്ത് ഫാക്ടറികള്‍ സ്ഥാപിക്കാന്‍ കഴിയുന്ന രാജ്യമായി ബഹുരാഷ്ട്ര കമ്പനിക്കുമുമ്പില്‍ സര്‍ക്കാര്‍ ഇന്ത്യയെ അവതരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: