ന്യൂദല്‍ഹി: മൈനസ് ഡിഗ്രിയില്‍ തണുത്തുവിറയ്ക്കുന്ന അന്തരീക്ഷത്തിലും വെറും ടി-ഷര്‍ട്ട് മാത്രം ധരിച്ച് ഭാരത് ജോഡോ യാത്രയില്‍ നടക്കുന്ന രാഹുല്‍ ഗാന്ധിയെ അമാനുഷികനായി കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഒരു സന്യാസിവര്യനെപ്പോലെയാണ് രാഹുല്‍ ഗാന്ധി എന്ന് വരെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. നടന്ന് നടന്ന് രാഹുല്‍ ഗാന്ധി അമാനുഷിക സിദ്ധി കൈവരിച്ചുവെന്ന് പ്രിയങ്ക ഗാന്ധിയും അഭിപ്രായപ്പെട്ടിരുന്നു.
മൈനസ് ഡിഗ്രിയില്‍ ചൂടുവസ്ത്രങ്ങള്‍ ധരിയ്ക്കാതെ വെറും ടീ ഷര്‍ട്ട് മാത്രം ധരിച്ച് എങ്ങിനെയാണ് രാഹുല്‍ ഗാന്ധി നടക്കുന്നതെന്ന് എല്ലാവര്ക്കും അത്ഭുതമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ടീഷര്‍ട്ടിനുള്ളില്‍ രാഹുല്‍ ഗാന്ധി തെര്‍മല്‍ ധരിച്ചിരുന്നതായി രാഹുല്‍ഗാന്ധിയുടെ തന്നെ ചിത്രം പങ്ക് വെച്ച് വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ് ബിജെപി. രാഹുല്‍ഗാന്ധിയുടെ ക്ലോസപ് ഫോട്ടോയില്‍ ടീഷര്‍ട്ടിനുള്ളില്‍ തെര്‍മല്‍ വ്യക്തമായി കാണാം.
രാഹുല്‍ ഗാന്ധി ടീ ഷര്‍ട്ടിനുള്ളില്‍ ചൂട് പകരുന്ന തെര്‍മല്‍ ബനിയന് ധരിച്ചിരുന്നതായി മുന്‍ ദല്‍ഹി എംഎല്‍എയും ബിജെപി നേതാവുമായ മജീന്ദര്‍ സിങ്ങ് സിര്‍സ പറഞ്ഞു. ഇതോടെ വ്യാജപ്രചാരണം നടത്തി ആളാവുന്ന കള്ളന് തുറന്നുകാട്ടപ്പെട്ടിരിക്കുന്നു എന്നും മജീന്ദര്‍ സിങ്ങ് സിര്‍സ പറഞ്ഞു.
“പുറംപൂച്ച് പുറത്തായി. ബട്ടനുള്ള ടീ ഷര്‍ട്ടിനുള്ളില്‍ തെര്‍മ്മല്‍ ധരിച്ചതുവഴി രാഹുല്‍ ഗാന്ധിയുടെ കള്ളപ്രചാരണം പുറത്തായി. മഞ്ഞുകാലത്ത് തണുപ്പുതോന്നുന്നത് സ്വാഭാവികമാണ്. ഇപ്പോള്‍ കാണിച്ചത് എല്ലാവരുടെയും ശ്രദ്ധ നേടാനുള്ള തന്ത്രമാണ്. “- മജീന്ദര്‍ സിങ്ങ് സിര്‍സ ട്വീറ്റില്‍ പറയുന്നു.
രാഹുല്‍ഗാന്ധിയെ പൊളിച്ചടുക്കി എന്ന തലക്കെട്ടില്‍ വാര്‍ത്തയിലെ സത്യം തിരയുന്ന ഫാക്ട് ചെക്കറായ മുഹമ്മദ് സുബൈറും ഈ ട്വീറ്റുകള്‍ പങ്കുവെച്ചിരുന്നു:
മുന വെച്ചുകൊണ്ടുള്ള ട്വീറ്റില്‍ ബിജെപി പ്രവര്‍ത്തകയായ പ്രീതി ഗാന്ധി കുറിച്ചതിങ്ങിനെ:”തെര്‍മല്‍ ധരിച്ച സന്യാസി…ഇപ്പോള്‍ എല്ലാം മനസ്സിലായി”.
“സത്യത്തിന്റെ കവചം ധരിച്ചതിനാലാണ് വെറും ടി-ഷര്‍ട്ട് മാത്രം ധരിച്ചിട്ടും രാഹുല്‍ ഗാന്ധിയ്ക്ക് ചൂടനുഭവപ്പെടുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. ചില ആളുകള്‍ എന്നോട് പറഞ്ഞിരുന്നു- നിന്റെ സഹോദരന് മഞ്ഞുകാലത്ത് തണുക്കില്ലേ എന്ന്. തണുത്തുവിറയ്ക്കുന്ന തണുപ്പില്‍ വെറും ടി ഷര്‍ട്ടാണ് ധരിക്കുന്നത്. തണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു ജാക്കറ്റെങ്കിലും ധരിയ്ക്കാന്‍ പറയൂ. രാഹുലിന്റെ സുരക്ഷയില്‍ നിങ്ങള്‍ക്ക് ആശങ്കയില്ലേ എന്നും ചിലര്‍ ചോദിച്ചു. അതിന് ഞാന്‍ നല്കിയ മറുപടി ഇതായിരുന്നു- അവര്‍ സത്യത്തിന്റെ കവചം ധരിച്ചിട്ടുണ്ട്. ദൈവം അവനെ സുരക്ഷിതനാക്കും.” – ഇതായിരുന്നു പ്രിയങ്ക ഗാന്ധി രാഹുല്‍ ടി-ഷര്‍ട്ട് മാത്രം ധരിച്ച് നടക്കുന്നതിന് നല്കിയ വിശദീകരണം. എന്നാല്‍ ടീ ഷര്‍ട്ടിനുള്ളില്‍ തെര്‍മല്‍ ധരിച്ചിരുന്നുവെന്ന കണ്ടെത്തലോടെ രാഹുല്‍ സന്യാസിയെപ്പോലെ യാണ് എന്ന കോണ്‍ഗ്രസ് കള്ളപ്രചാരണം പൊളിഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: