മുംബൈ: ഹിന്ദി സിനിമാ വ്യവസായത്തിനെതിരായ വിദ്വേഷം ഇല്ലാതാക്കാനും സോഷ്യല്‍ മീഡിയയിലെ ‘ബോളിവുഡ് ബഹിഷ്കരിക്കൂ’ പ്രവണതയില്‍ നിന്ന് രക്ഷപ്പെടാനും സഹായിക്കണമെന്ന് ബോളിവുഡ് നടന് സുനില്‍ ഷെട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ത്ഥിച്ചു.
രണ്ട് ദിവസത്തെ മുംബൈ സന്ദര്‍ശനത്തിനെത്തിയ യോഗി ആദിത്യനാഥിനെ സുനില്‍ ഷെട്ടി, സുഭാഷ് ഗായ്, ജാക്കി ഷറോഫ്, രാജ്കുമാര് സന്തോഷി, മന്മോഹന് ഷെട്ടി, ബോണി കപൂര്‍, സോനു നിഗം, തുടങ്ങിയ സിനിമാ രംഗത്തെ പ്രമുഖര്‍ കണ്ടിരുന്നു. നോയിഡ ഫിലിം സിറ്റിയിലെ ഷൂട്ടിംഗ്, നിക്ഷേപ സാധ്യതകള്‍ എന്നിവ ചര്‍ച്ച ചെയ്യാനായിരുന്നു യോഗത്തിന്റെ അജണ്ടയെങ്കിലും സുനില്‍ ഷെട്ടി സിനിമാ വ്യവസായത്തിന്റെ പരാതികള്‍ മുന്നോട്ട് വയ്ക്കുകയായിരുന്നു.
‘നടന്നുകൊണ്ടിരിക്കുന്ന ഈ ഹാഷ്ടാഗിനെ കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു ‘ബോളിവുഡ് ബഹിഷ്കരിക്കുക എന്ന ക്യാംപെയ്ന് അങ്ങ് പറഞ്ഞാല്‍ ഒരുപക്ഷേ അവസാനിച്ചിരിക്കും. അതിനാല്‍ സഹായിക്കണം. ബോളിവുഡിന് ചുറ്റുമുള്ള കളങ്കം നീക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ തേടണമെന്ന് സുനില്‍ ഷെട്ടി യോഗി ആദിത്യനാഥിനോട് അഭ്യര്‍ത്ഥിച്ചു.
‘ഈ കളങ്കം കാണുമ്പോള്‍ എനിക്ക് വേദന തോന്നുന്നു. ബോളിവുഡിലെ തൊണ്ണൂറ്റി ഒമ്പത് ശതമാനം ആളുകളും നല്ലവരാണ്. അതിനാല്‍, ദയവായി യോഗി ജി, ഈ കളങ്കം ഇല്ലാതാക്കുന്നതിനെക്കുറിച്ച് നമ്മുടെ പ്രധാനമന്ത്രിയോട് സംസാരിക്കുക,’ ഷെട്ടി പറഞ്ഞു. ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്നതില്‍ സിനിമാവ്യവസായത്തിന് വലിയ പങ്കുണ്ട്, ‘ബോളിവുഡ് ബഹിഷ്കരിക്കുക’ പ്രവണത അവസാനിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി തന്റെ സ്വാധീനം ഉപയോഗിക്കണമെന്നാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതെന്നും സുനില്‍ ഷെട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: