ശബരിമല: ശബരിമല മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തെ വെടിക്കെട്ട് പുരയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അന്വേഷണം ഊര്‍ജിതം. ഇന്നലെ ഫോറന്‍സിക് സംഘം പൊട്ടിത്തെറി ഉണ്ടായ വെടിക്കെട്ട് പുരയില്‍ പരിശോധന നടത്തി. കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു.
തൃശൂര്‍ ഫോറന്‍സിക് കെമിസ്ട്രി ലാബിലെ അസി. ഡയറക്ടര്‍ ബി.എസ്. ജിജി, കൊല്ലം ഫോറന്‍സിക് സയന്റിഫ് ഓഫീസര്‍ രാഹുല്‍ രാജുവിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കത്തി നശിച്ച വെടിക്കെട്ട് പുരയില്‍ നിന്നും കതിന, ഇത് നിറയ്ക്കാന്‍ ഉപയോഗിക്കുന്ന ആപ്പ് എന്നിവ സംഘം ശേഖരിച്ചു. വെടിമരുന്നിന്റെ സാമ്പിളും, കത്തി നശിച്ച ഷെഡിലെ ചാരവും വിദഗ്ധ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.
വെടിമരുന്ന് കതിനയില്‍ നിറയ്ക്കുമ്പോള്‍ ഉണ്ടായ സമ്മര്‍ദ്ദം മൂലമോ, ജീവനക്കാരുടെ ശ്രദ്ധക്കുറവ് മൂലമോ ആകാം പൊട്ടിത്തെറി ഉണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിശദമായ പരിശോധനയ്ക്ക് ശേഷമെ അപകടകാരണം വ്യക്തമാക്കുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള ബിഡിഡിഎസ് തൃശൂര്‍ റേഞ്ച് എസ്.ഐ എ. രാജനും, സന്നിധാനം എസ്ഐ അനൂപ് ചന്ദ്രനും തെളിവെടുപ്പ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: