തിരുവനന്തപുരം: ഭിന്നശേഷിക്കാരായ വനിതകളുടെ സാമൂഹിക ശാക്തീകരണം ലക്ഷ്യംവച്ച് കുടുബശ്രീ മാതൃകയില്‍ വനിതാ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. ഭിന്നശേഷിക്കാരായ വനിതകളെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതു സാമൂഹിക ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.
ദേശീയ വനിതാ കമ്മിഷന്റെ സഹകരണത്തോടെ ‘ഭിന്നശേഷി സ്ത്രീകളുടെ അവകാശങ്ങള്‍’ എന്ന വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മിഷന് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാര്‍ക്കു സമൂഹവുമായി നേരിട്ട് ഇടപഴകുന്നതിനു നിലനില്‍ക്കുന്ന തടസങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കണമെന്നു മന്ത്രി പറഞ്ഞു. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ ‘ബാരിയര്‍ ഫ്രീ കേരളം’ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുകയാണ്.
സമൂഹത്തിന്റെ എല്ലാ വ്യവഹാര മേഖലകളിലും ആത്മവിശ്വാസത്തോടെ കടന്നുവരാന്‍ ഭിന്നശേഷിക്കാര്‍ക്കു കഴിയണം. പൊതു ഇടങ്ങളിലും കലാലയങ്ങളിലും യാത്രാ സംവിധാനങ്ങളിലുമെല്ലാം യാതൊരു വേര്‍തിരിവോ തടസമോ ഇല്ലാതെ ഇവര്‍ക്ക് ഇടപഴകാനുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന വനിതകള്‍ ശാരീരികവും മാനസികവും സാമ്പത്തികവുമായ ചൂഷണങ്ങള്‍ക്ക് ഇരയാകാറുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
പലപ്പോഴും ഇതിനെതിരേ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ കഴിയാതെ നിശബ്ദരായിരിക്കേണ്ട സാഹചര്യമുണ്ടാകുന്നു. ഇതിനെതിരായ നിയമ നിര്‍മാണം ശക്തിപ്പെടുത്തണം. നിലവിലുള്ള നിയമങ്ങളുടെ അപര്യാപ്തത വലിയ നിലയില്‍ ചൂണ്ടിക്കാണിച്ചു മുന്നോട്ടുപോകണം. ഭിന്നശേഷിക്കാരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട 2016ലെ റൈറ്റ്സ് ഓഫ് പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് ആക്ട് ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും ഭിന്നശേഷിക്കാര്‍ക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും പോരായ്മകള്‍ പരിഹരിക്കുകയും വേണം.
ഭിന്നശേഷിക്കാരുടെ ശാക്തീകരണം ലക്ഷ്യംവച്ചു സംസ്ഥാന സര്‍ക്കാര്‍ വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അസിസ്റ്റിവ് ടെക്നോളജിയുടെ മേഖലയില്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ സാമൂഹ്യ നീതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ശാരീരിക പരിമിതികളെ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള സഹായ ഉപകരണങ്ങളുടെ സഹായത്തോടെ മറികടക്കാനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണു ലക്ഷ്യം. ചെന്നൈ ഐഐടിയുമായി ചേര്‍ന്ന് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: