കോട്ടയം: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നഴ്സ് രശ്മി(33) മരിച്ചു. കഴിഞ്ഞ ദിവസം കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലില്‍ നിന്ന് അല്‍ഫാം കഴിച്ചതിനെ തുടര്‍ന്നാണ് രശ്മിക്ക് ദേഹ അസ്വാസ്ഥ്യം ഉണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു.
ഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദ്ദിയും വളറിക്കവും അനുഭവപ്പെട്ടു. ശാരീര തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെ ഇവരുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഞായറാഴ്ച വെന്റിലേറ്റര്‍ സഹായം നല്കി. ഇന്ന് ഡയാലിസിസിനും വിധേയമാക്കിയെങ്കിലും വൈക്കിട്ടോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
രശ്മിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളജ് അസ്ഥിരോഗ തീവ്രപരിചരണ വിഭാഗത്തിലെ നഴ്സായിരുന്നു രശ്മി.
അതേസമയം ഈ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച മറ്റ് 20 പേര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി. ഇതില്‍ 14 വയസ്സുകാരനായ സംക്രാന്തി സ്വദേശി മെഡിക്കല്‍ കോളജിലും മറ്റുള്ളവര്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തെ തുടര്‍ന്നു ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം നടപടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: