വര്‍ക്കല: ശങ്കരാചാര്യരെ ക്രൂരമായി അധിക്ഷേപിച്ചും പരിഹസിച്ചും തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. ശങ്കരാചാര്യര്‍ കേരളത്തിന്റെ ആചാര്യനല്ലെന്നും ജാതിവ്യവസ്ഥയെയും വര്‍ണാശ്രമ വ്യവസ്ഥയെയും സംരക്ഷിച്ചയാളാണെന്നും എം.ബി. രാജേഷ് ആരോപിച്ചു. ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംഘടനാ സമ്മേളനം ഉദ്ഘാടനം ചെയ്യവേ ആയിരുന്നു എം.ബി. രാജേഷിന്റെ വിവാദ പ്രസ്താവന.
ജാതിയുടെയും വര്‍ണാശ്രമത്തിന്റെയും ഏറ്റവും തീവ്രവക്താവായിരുന്നു ശ്രീശങ്കരനെന്നും മനുസ്മൃതിയിലധിഷ്ഠിതമായ ക്രൂരവും കുടിലവുമായ ജാതിവ്യവസ്ഥയുടെ ശക്തനായ വക്താവും പ്രയോക്താവുമായിരുന്നു ശങ്കരാചാര്യരെന്നും മന്ത്രി അധിക്ഷേപിച്ചു. അന്നത്തെ ബ്രാഹ്മണ നേതൃത്വത്തില്‍ നിന്ന് ക്രൂരമായ പരിഹാസവും ഒറ്റപ്പെടുത്തലും ഏറ്റുവാങ്ങേണ്ടിവരികയും സ്വന്തം മാതാവിന്റെ മൃതദേഹം പോലും ഒറ്റയ്ക്കു മറവുചെയ്യേണ്ടിവന്ന സംന്യാസി വര്യനായിരുന്നു സ്വാമികളെന്നും അറിയാത്തതുകൊണ്ടായിരുന്നില്ല മന്ത്രിയുടെ പ്രസ്താവന. മറിച്ച് ശ്രീനാരായണ ആദര്‍ശങ്ങള്‍ ശിവഗിരിയുടെ മണ്ണില്‍വച്ച് തന്നെ ഹൈജാക്ക് ചെയ്യുക എന്നതായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്.
കഴിഞ്ഞദിവസം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും പണ്ഡിത സംന്യാസിവര്യന്‍ ചിദാനന്ദപുരി സ്വാമികളും ശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുദേവന്റെയും കൃതികളിലെ സാമ്യവും അദൈ്വത ചിന്തയും താരതമ്യം ചെയ്ത് രണ്ടും ഒന്നുതന്നെയാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതാണ് ഇടതുപക്ഷത്തെ ചൊടിപ്പിച്ചത്. ചിലര്‍ ശങ്കരാചാര്യര്ക്കുശേഷമുള്ള ആചാര്യന് എന്ന് ഗുരുദേവനെ പറയുന്നുവെന്നും എന്നാല്‍ ശ്രീശങ്കരന് കേരളത്തിന്റെ ആചാര്യനായിരുന്നില്ലെന്നും രാജേഷ് പറഞ്ഞത് ഇതുകൊണ്ടാണ്.
ഗുരുവിന്റേത് മതാതീത ദര്‍ശനമാണെന്നും മറ്റ് ഭാരതീയ സംന്യാസപരമ്പരകളുമായി അതിന് ബന്ധമില്ലെന്നും ഗുരുദര്‍ശനങ്ങളുടെ തുടര്‍ച്ചയാണ് ഇടതുപക്ഷമെന്നും വിശ്വാസികളെ പറഞ്ഞുപറ്റിച്ചത് സ്വാമി ചിദാനന്ദപുരിയുടെ വാക്കുകളിലൂടെ ഭക്തര്‍ തിരിച്ചറിഞ്ഞതാണ് ശങ്കരാചാര്യസ്വാമികളെ അധിക്ഷേപിച്ച് രംഗത്തിറങ്ങാന്‍ എം.ബി. രാജേഷിനെ പ്രേരിപ്പിച്ചത്. ആചാര്യസ്വാമികളെ അധിക്ഷേപിച്ചതോടെ ഹൈന്ദവ വികാരങ്ങളെയാണ് മന്ത്രി വ്രണപ്പെടുത്തിയതെന്ന ആരോപണം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: