കോഴിക്കോട് : സമസ്തയുടെ ഇടപെടലിനെ തുടര്‍ന്ന് മുജാഹിദ് സമ്മേളനത്തില്‍ നിന്ന് മുനവറലി തങ്ങളും ബഷീറലി തങ്ങളും പിന്മാറി. പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഇരുവരും സംഘാടകരെ അറിയിച്ചു കഴിഞ്ഞു. മുജാഹിദ് സമ്മേളനത്തില്‍ സുന്നി നേതാക്കന്മാര് ആരുംപങ്കെടുക്കില്ലെന്ന് സമസ്ത നിലപാട് വ്യക്തമാക്കിയിരുന്നു. കൂടാതെ പാണക്കാട് കുടുംബത്തില്‍ നിന്ന് മുജാഹിദ് സമ്മേളനത്തില്‍ ആരും പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തിയിരുന്നതായാണ് വിവരം.
പാണക്കാട് കുടുംബത്തില്‍ നിന്ന് സാദിഖലി തങ്ങളെ മുജാഹിദ് നേതൃത്വം ആദ്യം ക്ഷണിച്ചിരുന്നെങ്കിലും വരാന്‍സാധിക്കില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. എന്നാല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങളും വഖഫ് ബോര്‍ഡ് മുന്‍ ചെയര്മാന് റഷീദലി തങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചുകൊണ്ട് മൂജാഹിദ് നേതൃത്വം നോട്ടീസില്‍ പേരുവെക്കുകയായിരുന്നു.
ആശയപരമായിത്തന്നെ സമസ്തയും മുജാഹിദും അഭിപ്രായ വ്യത്യാസമുള്ള സംഘടനകളാണ്. കൂടാതെ സമസ്ത വിരുദ്ധ ക്യാമ്പയിനുകള്‍ നടത്താന്‍ മുജാഹിദ് തയ്യാറെടുക്കുന്നു എന്ന ചില സൂചനകളും സമസ്ത നേതാക്കള്‍ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സമ്മേളനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. കുടുംബം ധാര്‍മ്മികത എന്ന സെഷനിലായിരുന്നു റഷീദലി തങ്ങള്‍ പങ്കെടുക്കേണ്ടിയിരുന്നത്. ലിബറലിസവുമായി ബന്ധപ്പെട്ട സെമിനാറില്‍ മുനവറലി തങ്ങള്‍ പങ്കെടുക്കുമെന്നായിരുന്നു നോട്ടീസില്‍ അറിയിച്ചിരുന്നത്. എന്നാല്‍ സമസ്തയുടെ നിലപാട് മുന്നില്‍കണ്ട്, മുജാഹിദ് സമ്മേളനവുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന വിവാദങ്ങള്‍കൂടി കണക്കിലെടുത്താണ് പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് ഇവര്‍ അറിയിച്ചത്. മുനവറലി തങ്ങള്‍ വിദേശത്താണെന്നും റഷീദലി തങ്ങള്‍ മറ്റു ചില അസൗകര്യങ്ങളുമാണ് അറിയിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: