തിരുവനന്തപുരം : മന്ത്രിസഭയിലേക്ക് വീണ്ടും മടങ്ങി വരുന്നത് സംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്ന് സജി ചെറിയാന് എംഎല്‍എ. മന്ത്രിസഭയിലേക്ക് തിരിച്ചു വിളിക്കാന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനം എടുത്തതതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ പോലീസിന്റെ റഫര്‍ റിപ്പോര്‍ട്ടും നിയമോപദേശത്തിന്റേയും അടിസ്ഥാനത്തിലാണ് സജി ചെറിയാനെ നിയമസഭയിലേക്ക് തിരികെ വിളിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗീക അറിയിപ്പൊന്നും തനിക്ക് കിട്ടിയിട്ടില്ല. പ്രസംഗം സംബന്ധിച്ച് നിലവില്‍ നിയമപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും സജി ചെറിയാന് പ്രതികരിച്ചു. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ രാജിവെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനം. നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞ നടത്താനാണ് യോഗത്തിലെ ധാരണ.
ഇതിനായി ഗവര്‍ണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ ചടങ്ങിന്റെ തിയതി നിശ്ചയിക്കാനും സിപിഎം നേതൃത്വം പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മല്ലപ്പള്ളിയിലെ പ്രസംഗത്തിന്റെ പേരിലാണ് സാം സ്ക്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാന് കഴിഞ്ഞ ജൂലൈ മാസം മന്ത്രിസ്ഥാനം രാജിവെച്ചത്. ഈ വര്‍ഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയില്‍ വച്ചാണ് സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച വിവാദ പരാമര്‍ശമുണ്ടായത്.
അഞ്ച് മാസത്തിന് ശേഷം പുറത്തിറക്കിയ പോലീസ് റഫര്‍ റിപ്പോര്‍ട്ടില്‍ സജി ചെറിയാന് വിമര്‍ശനാത്മകമായി സംസാരിക്കുക മാത്രമാണ് ചെയ്തതെന്നാണ് പ്രതിപാദിച്ചത്. പ്രസംഗത്തില്‍ മനപ്പൂര്‍വം ഭരണഘടനയെ അവഹേളിക്കാന്‍ സജിചെറിയാന് ഉദ്ദേശിച്ചിട്ടില്ല. സജി ചെറിയാനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയെന്നും പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ട് മുന്‍ നിര്‍ത്തിയാണ് സജി ചെറിയാനെ ഇപ്പോള്‍ മന്ത്രിസഭയിലേക്ക് തിരിച്ചു വിളിച്ചിരിക്കുന്നത്.
അതേസമയം സജി ചെറിയാനെതിരായ കേസുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പരാതിക്കാരനായ ബൈജു പ്രതികരിച്ചു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെടുമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: