ജനാധിപത്യത്തില്‍ ഭരിക്കുന്നവരുടെ അലംഭാവത്തിനും അഹങ്കാരത്തിനും അഴിമതിക്കുമുള്ള മികച്ച മറുമരുന്നാണ് ക്രിയാത്മക പ്രതിപക്ഷം. ‘ഭരണം കാത്തിരിക്കുന്നവര്‍’ എന്നാണ് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രതിപക്ഷത്തെക്കുറിച്ച് പറയാറ്. ഭരണത്തില്‍ തിരുത്തല്‍ ശക്തിയായി നിലകൊള്ളുന്ന പ്രതിപക്ഷമാണ് ജനാധിപത്യത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നത്. ഭരണക്കാരുടെ അധികാര ദുര്‍വിനിയോഗം, സാമ്പത്തിക ക്രമക്കേടുകള്‍ തുടങ്ങിയവ തുറന്നുകാട്ടാനും ഇക്കാര്യങ്ങളെപ്പറ്റി ജനങ്ങളെ ബോധവാന്‍മാരാക്കാനും പ്രതിപക്ഷത്തിനാവണം. അതുവഴി സര്‍ക്കാരിനെ സമൂഹത്തോട് ഉത്തരവാദിത്തമുള്ളവരാക്കാന്‍ പ്രതിപക്ഷത്തിന് കഴിയും. ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇന്നുള്ളത് ക്രിയാത്മക പ്രതിപക്ഷത്തെക്കാള്‍ ‘സഹകരണാത്മക പ്രതിപക്ഷ’മാണ്. പ്രതിപക്ഷ നേതാവ് തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുള്ളതാണ്.
കള്ളക്കടത്തും കള്ളപ്പണവുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഴിമതിയുടെ സകലസീമയും ലംഘിക്കുമ്പോള്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലാണ്. ഭരണഘടനയെയും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും വെല്ലുവിളിക്കുന്ന നിലപാടുമായി സിപിഎം മുന്നോട്ടു പോകുമ്പോള്‍ ആറുദശാബ്ദം രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടില്ലാതെ പരുങ്ങുന്നു. അല്ലെങ്കില്‍ മുസ്ലീം ലീഗിന്റെ പിന്നിലൊളിക്കുന്നു! സ്വര്‍ണക്കടത്ത് കേസ് മുതല്‍ ഇ.പി ജയരാജനെതിരായ കള്ളപ്പണ ആരോപണം വരെയുള്ളവയിലെ കോണ്‍ഗ്രസ് നിലപാട് പരിശോധിച്ചാല്‍ ഇതുവ്യക്തമാകും.
സ്വര്‍ണകള്ളക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഴിക്കുള്ളിലായിട്ടും കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനാണ് കോണ്‍ഗ്രസ് തുനിഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തില്‍ പങ്കാളിയാവുക എന്ന ഗൗരവതരമായ സാഹചര്യം ജനങ്ങളിലേക്കെത്തിക്കാന്‍ ഭാരതീയ ജനതാപാര്‍ട്ടി ശ്രമിച്ചപ്പോള്‍ കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യത മുഖ്യവിഷയമാക്കി കോണ്‍ഗ്രസും യുഡിഎഫും പിണറായിക്ക് കാവലായി. ‘കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നു’ എന്ന ഇരവാദം ഉന്നയിക്കാന്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് സാധിച്ചത് കോണ്‍ഗ്രസ് പിന്തുണച്ചതിനാലാണ്. രാജ്യാന്തര മാനങ്ങളുള്ള ഒരു കേസിന്റെ നടപടികള്‍ തുടരവെ, ‘കേസ് ഒത്തുതീര്‍പ്പാക്കി’ എന്ന വ്യാജപ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് ആരെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നത്.?
കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വിദേശനാണ്യ വിനിമയ ചട്ടത്തിന് പുറത്താണോയെന്ന ഇഡി അന്വേഷണത്തിനെതിരെ സര്‍ക്കാരിനെക്കാള്‍ ആവേശത്തോടെ രംഗത്തിറങ്ങിയത് പ്രതിപക്ഷ നേതാവായിരുന്നു. മസാല ബോണ്ട് ഭരണഘടനാവിരുദ്ധമാണെന്നും സംസ്ഥാനത്തിന് വിദേശവായ്പയെടുക്കാനാവില്ലെന്നും സിഎജി തന്നെ വ്യക്തമാക്കിയതാണ്. കിഫ്ബിക്കെതിരെ അന്വേഷണം നടത്താന്‍ ഇഡിക്ക് അവകാശമില്ലെന്ന തോമസ് ഐസക്കിന്റെ വാദത്തിന്റെ മുഖ്യപ്രചാരകനായി വി.ഡി സതീശന്‍. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടി(1999) ലെ സെക്ഷന്‍ 37(1) പ്രകാരം അന്വേഷിക്കാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ ബോധ്യപ്പെടുത്തുകയുണ്ടായി. കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിടുന്ന മസാല ബോണ്ട് ഇടപാടില്‍ മുന്‍ ധനമന്ത്രിയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ശ്രമിച്ചത് എന്തിനാണ്? പറവൂര്‍ മണ്ഡലത്തിലെ പുനര്‍ജനി പദ്ധതിയുടെ പേരില്‍ സതീശന്‍ നടത്തിയ വിദേശയാത്രയും ഫണ്ട് ശേഖരണവും അന്വേഷിക്കപ്പെടേണ്ടതാണെന്ന് സിപിഎം അംഗങ്ങള്‍ തന്നെ നിയമസഭയില്‍ ഉന്നയിച്ചിട്ടും പിണറായി വിജയന്‍ മൗനം തുടരുന്നത് ഇതുമായി ചേര്‍ത്തുവായിക്കണം.
സര്‍വകലാശാലകളുടെ തലപ്പത്തുനിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്ലിലായിരുന്നു സര്‍ക്കാര്‍ പ്രതിപക്ഷ ഒത്തുകളി പിന്നീട് കണ്ടത്. സിപിഎം നേതാക്കളുടെ അഴിമതിയും സ്വജനപക്ഷപാതവും ചോദ്യം ചെയ്തതിനാണ് ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതെന്നിരിക്കെ പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നിന്നു. ഫലത്തില്‍, സര്‍വകലാശാലകളില്‍ അഴിമതിയും ബന്ധു നിയമനവും നടത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വി.ഡി സതീശനും കൂട്ടരും ഒത്താശചെയ്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ‘സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാന്‍’ ശ്രമിക്കുന്നു എന്ന കമ്മ്യൂണിസ്റ്റ് കള്ളപ്രചാരണം യുഡിഎഫ് നേതാക്കള്‍, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് ഏറ്റുപാടി. യുഡിഎഫിന്റെ നിയന്ത്രണം കയ്യാളുന്ന മുസ്ലീം ലീഗിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും സമ്മര്‍ദം കൂടിയായപ്പോള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ പ്രതിപക്ഷ നേതാവ് മുട്ടുകുത്തി. സര്‍വകലാശാലകളില്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ ‘കാവിവല്‍ക്കരണം’ എന്തെന്ന ഭാരതീയ ജനതാപാര്‍ട്ടിയുടെ ചോദ്യത്തിന് ഈ നിമിഷം വരെയും ഉത്തരം നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കായിട്ടില്ല. സര്‍വകലാശാലകളെ കമ്മ്യൂണിസ്റ്റ് വല്‍ക്കരിക്കാനും യോഗ്യരായ ചെറുപ്പക്കാര്‍ക്ക് അവസരം നിഷേധിക്കാനുമുള്ള സര്‍ക്കാര്‍ ശ്രമത്തെ തുറന്നുകാട്ടാനുള്ള അവസരം പ്രതിപക്ഷം ബോധപൂര്‍വം പാഴാക്കി.
ഇ.പി.ജയരാജനെതിരായ കള്ളപ്പണ ആരോപണത്തിലും കേരളത്തിലെ ഭരണപ്രതിപക്ഷ ഒത്തുകളി നാം കാണുന്നു. കമ്മ്യൂണിസ്റ്റ് നേതാവിന് കോടികളുടെ നിക്ഷേപം എന്ന വാര്‍ത്ത പുറത്തുവന്ന് മൂന്നാംദിവസമാണ് കേരളത്തിലെ പ്രതിപക്ഷം മടിച്ചുമടിച്ച് വായതുറന്നത്. അവിടെയും ‘കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കരുത്’എന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് ആദ്യം പറഞ്ഞത്. ഇഡി അന്വേഷണത്തോട് വിയോജിപ്പില്ലെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞെങ്കിലും അഭിപ്രായ ഐക്യത്തിലെത്താന്‍ കോണ്‍ഗ്രസിനായില്ല. ഇ.പി ജയരാജന്റെ അനധികൃത സ്വത്ത് സമ്പാദനം സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്! സ്രോതസ് വ്യക്തമല്ലാത്ത കോടികള്‍ കുഞ്ഞാലിക്കുട്ടിക്ക് പാര്‍ട്ടിക്കാര്യം മാത്രമാകുന്നതില്‍ അദ്ഭുതമില്ല. കള്ളപ്പണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന പോരാട്ടത്തോട് പൊതുവെ അസഹിഷ്ണുത പുലര്‍ത്തുന്നവരാണ് ഇവരെല്ലാം.
രാജ്യത്ത് തൊഴില്‍ നിഷേധം എന്ന വ്യാജ ആരോപണവുമായി രാഹുല്‍ഗാന്ധി നടക്കുമ്പോള്‍ തിരുവനന്തപുരം നഗരസഭയിലെ നിയമനക്കത്ത് വിവാദത്തില്‍ ശക്തമായ സമരത്തിന് പോലും യുഡിഎഫ് യുവജനസംഘടനകള്‍ തയാറായില്ല എന്നതുമോര്‍ക്കണം. ഭാരതീയ ജനതാപാര്‍ട്ടിയാണ് സിപിഎമ്മിന്റെ അഴിമതി നിയമനങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നത്.
നിലപാടുകളിലെ കാപട്യമാണ് രാജ്യത്താകെ കോണ്‍ഗ്രസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയത്. ചൈന ഇന്ത്യന്‍ മണ്ണില്‍ കടന്നുകയറിയെന്ന് നരേന്ദ്രമോദിയെ ആക്ഷേപിക്കുന്നവര്‍ യുപിഎ ഭരണകാലത്ത് ചൈന നടത്തിയിട്ടുള്ള കയ്യേറ്റങ്ങളെക്കുറിച്ച് മൗനം നടിക്കുന്നു. ശബരിമല യുവതീ പ്രവേശനവും ഏകീകൃത സിവില്‍ കോഡും കശ്മീരുമടക്കം വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ നിലപാടുകളിലെ സ്ഥിരതയില്ലായ്മ ചരിത്രം വ്യക്തമാക്കുന്നു. ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും ജനം ആ പാര്‍ട്ടിയെ തള്ളിക്കളയുന്നതും അതിനാല്‍ തന്നെ. ഈ നിലപാട് തുടര്‍ന്നാല്‍ കേരളത്തിലും അതുതന്നെയാവും കോണ്‍ഗ്രസിന്റെ ഗതിയെന്നതില്‍ സംശയമില്ല. നിലപാടുകളില്‍ വ്യക്തതയുള്ള, പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളാണ് കാലഘട്ടത്തിന്റെ ആവശ്യം. ആ തിരിച്ചറിവ് പുതുവര്‍ഷത്തില്‍ മലയാളിക്കുണ്ടാവുമെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: