സഭ തോമാസ്ലീഹായെ മൈലാപ്പൂരില്‍ വെച്ച് ബ്രാഹ്മണനെക്കൊണ്ടു കൊല്ലിച്ചു, ഇത് ക്രിസ്തുമത വ്യാപനത്തിന് രക്തസാക്ഷിത്വം അനിവാര്യമായതുകൊണ്ടാണ്. യേശുവിന്റെ എല്ലാ ശിഷ്യന്മാര്ക്കും ഇത്തരം ഒരു ദുരന്തം ഭവിച്ചിരിക്കേ അതില്‍ നിന്നും വേറിട്ട ഒരന്ത്യം ഉണ്ടാകുന്നതിന്റെ അസാംഗത്യം ഗ്രഹിച്ചതു കൊണ്ടാകാം തോമസിനും മറ്റു ശിഷ്യന്മാര്ക്കു സമാനമായ ഒരന്ത്യമുണ്ടാക്കാന് സഭ നിര്‍ബ്ബന്ധിതമായത്. ഒപ്പം, അടുത്ത കാലം വരേക്കും വത്തിക്കാന്‍ വിശുദ്ധ പദവി കൊടുക്കുന്നതിന്റെ അനിവാര്യ ഘടകം ആയിരുന്നു രക്തസാക്ഷിത്വം. കേരളത്തിന്റെ പൂര്‍വ്വ മധ്യകാലം തൊട്ടുള്ള നീതിന്യായ വ്യവസ്ഥയില്‍ ബ്രാഹ്മണര്‍ക്ക് ഉണ്ടായിരുന്ന പ്രത്യേക സ്ഥാനം (അതായത് ബ്രാഹ്മണര്‍ക്ക് വധശിക്ഷ നല്‍കിയിരുന്നില്ല) കണക്കിലെടുത്ത് എന്തുകൊണ്ട് ധര്മ്മിഷ്ഠന്മാരായ രാജാക്കന്മാര് ഭരിച്ചിരുന്ന ഇന്നാട്ടില് തോമസിന്റെ ഘാതകന് ശിക്ഷിക്കപ്പെട്ടില്ല എന്ന ചോദ്യം ഒഴിവാക്കാനായിരിക്കാം ബ്രാഹ്മണ കഥാപാത്രത്തെ കൊണ്ട് തോമസിനെ കൊല്ലിച്ചത്. കേരളത്തിലെ ക്രിസ്തുമത ചരിത്രത്തിന് പോര്‍ച്ചുഗീസ് ആഗമനശേഷം ഒരുസവര്ണ്ണ പാരമ്പര്യം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത ഉണ്ടായിരുന്നു. അതായിരുന്നു തോമാശ്ലീഹ ഐതിഹ്യത്തിന്റെ സൃഷ്ടിയുടെ പശ്ചാത്തലം. ശ്രേഷ്ഠമായ പാരമ്പര്യവും, മഹത്തായ പൈതൃകവും അവകാശപ്പെടുക എന്നുളളത് എല്ലാ നാഗരികത അഥവാ സംസ്കാരം ആര്‍ജ്ജിച്ചിട്ടുളള സമൂഹങ്ങളും ചരിത്രാരംഭം മുതല്ക്കു തന്നെ പിന്തുടരുന്നതാണ്. ഇങ്ങനെ അവകാശപ്പെടുന്ന ശ്രേഷ്ഠതയെ ചരിത്ര വല്ക്കരിക്കുന്നതിനു വേണ്ടി ഐതിഹ്യങ്ങള്‍, ജനകഥകള്‍(ഫോക്ലോര്‍സ്), പുരാണങ്ങള്‍ തുടങ്ങിയവകളുടെ പിന്‍ബലം തേടുന്നതും സാര്‍വ്വത്രീകമാണ്. മതങ്ങളുമായി ബന്ധപ്പെട്ട എല്ലാ പൗരാണിക ഗ്രന്ഥങ്ങളിലും ഇത്തരം പാരമ്പര്യങ്ങളും പൈതൃകങ്ങളും സ്ഥാപിച്ചെടുക്കാനുളള വിഫലശ്രമങ്ങളും കാണാനാകും.
ഈ തോമാ ഐതിഹ്യം കേരളീയ ക്രൈസ്തവരുടെ മാത്രം ദൗര്‍ബല്യമല്ല, മറിച്ച് ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലുളളവരും ഇതിനെ ചുമലിലേറ്റുന്നുണ്ട് എന്നതാണ് ഒരു വസ്തുത. ചരിത്രകാരനും ദാര്‍ശനികനുമായ മിഷല്‍ ഡാനിനോ ‘ഇന്ത്യന്‍ കള്‍ച്ചര്‍ ആന്റ് ഇന്ത്യാസ് ഫ്യൂച്ചര്‍’ എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു: ‘സര്‍വ്വവ്യാപിയായ ഈ അപ്പൊസ്തോലന്റേത് എന്നു പറയപ്പെടുന്ന ഒരു ഡസന്‍ കുഴിമാടങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി സംരക്ഷിച്ചു പോരുന്നുണ്ട്. ആറെണ്ണം കേരളത്തിലും തമിഴ്നാട്ടിലുമായുണ്ട്. ബാക്കി ആറെണ്ണം ഭാരതത്തിനു പുറത്ത് ബ്രസീലുമുതല് ടിബറ്റ്, എഡേസ, ജപ്പാന് വരെ ഉണ്ട്. ചുരുക്കത്തില്‍ തോമാസ് യേശുവിനേക്കാള്‍ വലിയ അത്ഭുത പ്രവര്‍ത്തകനായി മാറി’ ഏതാണ്ട് സര്‍വ്വവ്യാപിയായ തോമായുടേതെന്നു പറയപ്പെടുന്ന ഒരുഡസന്‍ കുഴിമാടങ്ങളെപ്പോലെ തന്നെ ലോകത്ത് മൂന്നിടത്തായി ഈ പരേതാത്മാവിന്റേതെന്നു പറയപ്പെടുന്ന തലയോട്ടിയോടു കൂടിയ അസ്ഥിക്കൂടങ്ങളും സൂക്ഷിച്ചിട്ടുണ്ട്. ആദ്യത്തേത് ഇറ്റലിയിലെ ഓര്തോനാ കത്തീഡ്രലിലാണ്. മറ്റൊന്ന് മൈലാപ്പൂരിലും. വേറൊന്ന് ഗ്രീസിലെ ഏജിയന്‍ കടലിലുള്ള പദ്മോസ് ദ്വീപിലെ സെയിന്റ് ജോണ്‍ ദി തീയോളജിയന് മൊണാസ്ട്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് ശരിയായ തലയോട്ടിയാണങ്കില് യേശു ശിഷ്യനായ തോമസിന് മൂന്നു തലകളും രണ്ട് ഉടലുകളും ഉണ്ടായിരിക്കുവാനുള്ള സാദ്ധ്യത ഇപ്പോള്‍ തള്ളിക്കളയാനാവില്ലല്ലോ? പദ്മോസ് ദ്വീപിലെ ഈ മൊണാസ്ട്രി യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിലുള്‍പ്പെട്ട സ്ഥലംകൂടിയാണ്.
എഡേസ്സയില്‍ പൊ. വ. 201 നോട് അടുത്തു ജീവിച്ചിരുന്ന ബാര്ഡേനസ് എന്നു പേരുള്ള കവി രിചച്ച ‘ദി ആക്ട്സ് ഓഫ് തോമസ്’ എന്ന സുറിയാനി കല്പിത കഥയില്‍ നിന്നാണീ ഐതിഹ്യത്തിന്റെ ഉത്ഭവം. തോമസിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതെന്നു കരുതപ്പെടുന്ന ഗ്രന്ഥമാണ് ‘തോമസിന്റെ പ്രവൃത്തികള്‍’. പക്ഷേ ഈ ഗ്രന്ഥം മലബാറിനെക്കുറിച്ച് ഒരുപരാമര്‍ശവും നടത്തിയതുമില്ല. തോമസ് മാസ്ഡായില്വെച്ച് മരിച്ചു എന്നുളളതാണ് ഈ ഗ്രന്ഥത്തിലുളള ഏക പരാമര്‍ശം. തോമായുടെ യാത്രയുടെ കാലം ഈ ഗ്രന്ഥത്തില്‍ സൂചിപ്പിച്ചിട്ടുമില്ല. ഈ ഗ്രന്ഥം അദ്ദേഹം ജറുസലേമില്‍ നിന്നും യാത്രതിരിച്ച് കുറേനാള്‍ സിറിയായില്‍ ചെലവഴിച്ചതിനും ശേഷം അഫ്ഘാനിസ്ഥാനില്‍ എത്തിയതായി പറയുന്നു. അഫ്ഘാനിസ്ഥാനിലെ ഭരണാധികാരി ഗോണ്ടോഫെര്ന്നസ് ആയിരുന്നു. അദ്ദേഹം രാജാവിനേയും അയാളുടെ സഹോദരനേയും ക്രിസ്തുമതത്തിലേക്കു മാര്‍ഗം ചേര്‍ത്തതായും ഈ ഗ്രന്ഥം പറയുന്നു. തുടര്‍ന്നയാള്‍ അവിടെ നിന്നും മാസ്ഡായിലേക്കു യാത്ര തിരിച്ച് മാസ്ഡായില് വെച്ച് രക്തസാക്ഷി ആയതായി ഈ ഗ്രന്ഥം പറയുന്നുണ്ട്. (സെയിന്റ് തോമസ്സ് ക്രിസ്റ്റ്യന്‍ എന്സൈക്ലോ പീഡിയാ, വാല്യം 2, തൃശ്ശൂര്‍, 1973, പുറം 3.)
പൊ. വ. 52 ല്‍ (ഇപ്പോള്‍ ആയതു 54 ആയി) യേശുവിന്റെ 12 ശിഷ്യന്മാരിലൊരുവനായ (അവശേഷിച്ച 11 പേരിലൊരുവനായ) തോമാ കേരളതീരത്തെത്തി ഇവിടുത്തെ സവര്‍ണ്ണ ഹിന്ദുക്കളെ, അതായത് നമ്പൂതിരിമാരെ തോമായുടെ മതത്തിലേക്കു അത്ഭുത പ്രവൃത്തി അരങ്ങേറി മാര്‍ഗം ചേര്‍ത്തു എന്നതാണ് ഐതിഹ്യം. തീര്‍ന്നില്ല, ഒരു നല്ല സംഖ്യ നമ്പൂതിരിമാരുടെ ക്രൈസ്തവ മാര്‍ഗം ചേര്ക്കലിനുശേഷം കൊടുങ്ങല്ലൂര്‍ മുതല്‍ കൊല്ലം വരെയുളള പ്രദേശത്ത് പലയിടങ്ങളിലായി തോമാ 8 പളളികള്‍ (തോമസ് സ്ഥാപിച്ചതെന്നു പറയപ്പെടുന്ന എട്ടു പളളികളാണ് കൊടുങ്ങല്ലൂര്‍, പാലയൂര്‍ അഥവാ ഗുരുവായൂര്‍, പറവൂര്‍, മലയാറ്റൂര്‍, കോക്കമംഗലം, നിരണം, നിലക്കല്‍ അഥവാ ചായല്‍, കൊല്ലം. തോമസ് ഏഴര പളളികള്‍ സ്ഥാപിച്ചു എന്നാണ് പളളിക്കഥ. പളളി ഇക്കഥ നെയ്തത് ഏറ്റുമാനൂര്‍ ശിവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ സാമൂഹ്യ അഥവാ ഭക്തജന സ്വാധീനം മനസ്സിലാക്കിയതില്നിന്നുമാണ്) സ്ഥാപിക്കുകയും തുടര്‍ന്ന് കാല്‍നടയായി പശ്ചിമഘട്ട മലനിരകളും കടന്ന് ആയിരത്തിലധികം കിലോമീറ്ററുകള്‍ താണ്ടി ഇന്നത്തെ ചെന്നൈ നഗരത്തിനടുത്തുളള മൈലാപ്പൂരിലെത്തുകയും അവിടെ വെച്ച് ബ്രാഹ്മണന്മാരുടെ കുന്ത മുനകളേല്പ്പിച്ച് രക്ത സാക്ഷിയാക്കിക്കൊണ്ടാണ് ദുഃഖപര്യവസായിയായി ഈ മതപരിവര്‍ത്തന ഐതിഹ്യം അവസാനിപ്പിക്കുന്നത്.
ഇവിടെ ഏറെ ശ്രദ്ധേയമായുള്ളത് പൊ. വ എഴാം നൂറ്റാണ്ടില്‍ യൂപി യിലെ അഹി ക്ഷേത്രത്തില്‍ നിന്നും ചതുപ്പുനില കൃഷി, സൂര്യപഞ്ചാംഗം, ആയുര്‍വേദം, വേദങ്ങള്‍, യജ്ഞങ്ങള്‍, എന്നീ വിദ്യകളുമായി കുടിയേറിയവരാണ് ഇവിടുത്തെ നമ്പൂതിരിമാര്‍. ഇവരെ എങ്ങനെ ക്രിസ്തു മതത്തില്‍ ചേര്‍ക്കാനാകും? വരാത്ത തോമാസ്ലീഹാ ഇല്ലാത്ത നമ്പൂതിരിയെ എങ്ങനെ ക്രിസ്തുമതത്തില്‍ ചേര്‍ത്തത് എന്ന ചോദ്യം ബാക്കിയാകുന്നു. പ്രശസ്ത ഫ്രഞ്ച് ദാര്‍ശനികനായ വോള്‍ട്ടയറുടെ അഭിപ്രായത്തില്‍ സിറിയന്‍ വ്യാപാരിയായ മറ്റൊരു തോമസ് ഒരു കൂട്ടം അഭയാര്‍ത്ഥികളോടൊപ്പം പൊ. വ. ആറാം നൂറ്റാണ്ടില്‍ കേരള തീരത്തെിയ കഥയെ തെറ്റായി അവതരിപ്പിച്ചതാണീ തോമാ ഐതിഹ്യത്തിന്റെ സ്രോതസ്സ് എന്നാണ്. ചരിത്രത്തിലൊരിക്കലും ആരെയും ഹിംസിച്ചിട്ടില്ലാത്ത ബ്രാഹ്മണര്‍ തോമസിനെ വധിച്ചുവെന്ന കഥ വെറും കാല്‍പ്പനിക സൃഷ്ടി മാത്രമാണ് എന്നത്രേ വോള്‍ട്ടയറുടെ അഭിപ്രായം,(ആദ്യ പ്രസാധനം 1773), അതിനുള്ള കഴിവ് ഇവിടുത്തെ ബ്രാഹ്മണര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ ഭാരതത്തെ വൈദേശീയരിത്രമാത്രം ചൂഷണം ചെയ്യുമായരുന്നോ എന്ന് വോള്‍ട്ടയര്‍ ചോദിക്കുന്നു. ചുരുക്കത്തില്‍ ഇല്ലാത്ത നമ്പൂതിരിയെ ജ്ഞാനസ്നാനം ചെയ്യുക ആയിരുന്നില്ലേ ഈ വരാത്ത തോമാസ്ലീഹാ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: