‘തെറ്റുകളും തിരുത്തല്‍ രേഖകളും ഒരിക്കലും ഒരിടത്തും കൂട്ടിമുട്ടാത്ത സമാന്തരങ്ങളാണ് സിപിഎമ്മില്‍’ എന്ന് പറഞ്ഞത് പത്രപ്രവര്‍ത്തകനായ സഖാവാണ്. രേഖകള്‍ സമാന്തരങ്ങളാണ്, അവ ഒരിക്കലും കൂട്ടിമുട്ടുന്നില്ല. അതറിഞ്ഞുകൊണ്ടുതന്നെയാണ് സിപിഎമ്മിലെ തെറ്റുതിരുത്തലിന് രേഖ എന്ന് പേരിട്ടിരിക്കുന്നതെന്ന് സഖാവ് സ്വയം പരിഹസിക്കുന്നു.
1978ല്‍ ഹൗറയിലെ സാല്‍ക്കീന പ്ലീനം മുതല്‍ സിപിഎം സംസ്ഥാന നേതൃത്വം രൂപം നല്കിയ പാര്‍ട്ടി പ്ലീനം വരെ എത്രതവണയാണ് തെറ്റുതിരുത്തല്‍ രേഖകള്‍ പുറത്തിറക്കിയത്. ഓരോ തിരുത്തലിനുശേഷവും തെറ്റുകള്‍ കൂടിവരികയും തിരുത്താനാവാത്ത തലത്തില്‍ അത് നേതൃത്വത്തെയാകെ ബാധിക്കുന്നുവെന്നതുമാണ് സിപിഎം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. തൊഴിലാളികള്‍ക്കുവേണ്ടി രൂപീകരിച്ച പാര്‍ട്ടി തൊഴില്‍ കൊടുക്കുന്ന പാര്‍ട്ടിയായി മാറിയതിനു ശേഷം അത് തികഞ്ഞ ”മുതലാളിത്ത പാര്‍ട്ടി” യായി രൂപാന്തരം പ്രാപിച്ചിരിക്കുന്നുവെന്ന വിലയിരുത്തലാണ് സിപിഎമ്മിന്റെ ‘രേഖകള്‍’ തന്നെ നമ്മോട് പറയുന്നത്. ഒരു ദിവസത്തെ ബക്കറ്റ് പിരിവ് കൊണ്ട് കോടികള്‍ ശേഖരിക്കാവുന്ന തരത്തില്‍ ”തൊഴിലാളികള്‍ പണക്കാരായി” മാറിയിരിക്കുന്നുവെന്ന് സംസ്ഥാന കമ്മിറ്റി തന്നെ കണക്കുകള്‍ പുറത്തു വിടുമ്പോള്‍ നമുക്കത് മനസിലാക്കാവുന്നതേയുള്ളൂ. മറ്റൊരു മുതലാളിത്ത പാര്‍ട്ടിക്കും സ്വപ്നം കാണാനാവാത്ത ധനാര്‍ജനശേഷി കൈവരിച്ച സിപിഎമ്മിനകത്ത് ട്രേഡ് യൂണിയന് നേതാക്കളല്ല, മറിച്ച് പാര്‍ട്ടിയെ മാനേജ് ചെയ്യാന്‍ കഴിയുന്നവരാണ് ഇന്ന് നേതൃത്വത്തിലെത്തുന്നത്. കണ്ണൂര്‍ ജയരാജന്മാര് തമ്മിലെ പോരിന് കാരണമാവുന്നത് പാര്‍ട്ടി ലൈനിനെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസമോ ബദല്‍ രേഖകളോ അല്ല, മറിച്ച് സാമ്പത്തികസമാഹരണത്തിനുള്ള ആര്‍ത്തി മാത്രമാണ്. സാല്‍ക്കിയ പ്ലീനത്തിന്റെതീരുമാനപ്രകാരം എന്തില്‍ നിന്നൊക്കെയാണോ മാറി നടക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയത് അതിലൊക്കെ മുഴുകി രമിക്കുന്ന വിഭാഗമായി പാര്‍ട്ടിനേതാക്കള്‍ മാറിയിരിക്കുന്നു. കുമ്പസാരക്കൂടുള്ളതിനാല്‍ ഇനിയും തെറ്റുകള്‍ ചെയ്യാമല്ലോ എന്ന് ആശ്വസിക്കുന്നവരെപ്പോലെ ഇനിയും പ്ലീനമുണ്ടാകുമല്ലോ തെറ്റുതിരുത്താന്‍ എന്ന് കരുതി ജീവിക്കുന്നവരായി നേതാക്കള്‍ മാറിയിരിക്കുന്നു. പിറക്കാത്ത കുട്ടിയും ശവശരീരവും മാത്രമേ തെറ്റു ചെയ്യാത്തവരായുള്ളൂ എന്ന ലെനിന്‍വാക്യം ഉദ്ധരിച്ച് കൊടും തെറ്റുകളെ പ്രത്യയശാസ്ത്രപരമായി വിശദീകരിക്കുന്ന ന്യൂ ജെന്‍ നേതാക്കളാണ് ഇന്ന് പാര്‍ട്ടിയെ നയിക്കുന്നത്. ദേശാഭിമാനിക്ക് ഫണ്ടുപിരിക്കാന്‍ എകെജിയുടെ കാലഘട്ടത്തില്‍ സിലോണില്‍ ഫണ്ട് പിരിക്കാന്‍ പോയിട്ടുണ്ടെന്ന ന്യായം പറഞ്ഞ് വിദേശയാത്രകള്‍ക്ക് ചരിത്രപരമായ ന്യായീകരണം കണ്ടെത്തുന്നവരാണ് ഇന്നത്തെ നേതാക്കള്‍.
അക്കാദമികളും തീംപാര്‍ക്കുകളും ആഡംബര റിസോര്‍ട്ടുകളും മാത്രമല്ല മദ്യമയക്കുമരുന്ന് വ്യാപാരത്തിന്റെയടക്കം ദല്ലാള്‍മാരും ഉടമകളുമായി സിപിഎം നേതൃത്വം മാറിയിരിക്കുന്നു. പാര്‍ട്ടി നേതാക്കളുടെ പീഡനം സഹിക്കാതെ നിശ്ശബ്ദരാവുന്ന വനിതാസഖാക്കള്‍ മുതല്‍ പരാതിപറഞ്ഞതിനാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുന്ന വനിതാ സഖാക്കള്‍വരെയുള്ളവരുടെ ശാപവും ഇന്ന് പാര്‍ട്ടി നേരിട്ടുകൊണ്ടിരിക്കുന്നു. ബ്രാഞ്ച് തലം മുതല്‍ സംസ്ഥാനതലം വരെ അപചയത്തിന്റെ വ്യാപ്തിഎത്തി നില്ക്കുന്നു. ധനാസക്തി മുതല്‍ മദ്യാസക്തിവരെ പാര്‍ട്ടിയുടെ ശരീരത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു. പാര്‍ട്ടി അച്ചടക്കത്തിന്റെ സകല അതിരുകളും കടന്നിട്ടും എന്തുകൊണ്ടാണ് ജയരാജന്മാര്ക്കെതിരെ നടപടികള്‍ ഉണ്ടാവാത്തത് എന്ന ചോദ്യമുയരുന്നുണ്ട്. മറ്റെല്ലാപാര്‍ട്ടികളെയുംപോലെയല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും അതിന് സവിശേഷമായ ചട്ടക്കൂടും ചട്ടങ്ങളും ഉണ്ടെന്നതുമായിരുന്നു മുമ്പുണ്ടായിരുന്ന അവകാശവാദങ്ങള്‍. സൈദ്ധാന്തിക നിലപാടുകളുടെ യാന്ത്രിക വ്യാഖ്യാനങ്ങള്‍ ഇന്ന് വിലപ്പോവില്ലെന്ന് തിരിച്ചറിഞ്ഞ പാര്‍ട്ടി നേതൃത്വം പുതിയ ക്യാപ്സൂളുകള് രംഗത്തിറക്കാന്‍ നിര്‍ബ്ബന്ധിതമായിരിക്കുന്നു.
”നിങ്ങള്‍ വലതുപക്ഷത്തെ അപചയം കാണാതെ പോവുന്നു” എന്ന ദുര്‍ബലപ്രതിരോധത്തിലൊളിക്കാനാണ് ഇന്ന് നേതൃത്വം ശ്രമിക്കുന്നത്. 2015 ലെ സംഘടനാ പ്ലീനത്തിലെ കണ്ടെത്തലുകള്‍ എന്തൊക്കെയായിരുന്നു. അവയൊക്കെ പരിഹരിക്കാന്‍ പാര്‍ട്ടി പരിപാടി പുതുക്കിനിശ്ചയിച്ച സിപിഎമ്മാണ് ഇന്ന് മുറിവ് വ്രണമായി പുഴുവരിയ്ക്കുന്ന നിലയിലെത്തിയിരിക്കുന്നത്. പാര്‍ട്ടി അംഗത്വത്തിന് മിനിമം യോഗ്യതയില്ലാതായിരിക്കുന്നു. അധികാര ദുര്‍വിനിയോഗം നടത്തുന്ന നേതാക്കള്‍ക്കെതിരെയുള്ള പരാതികളില്‍ അന്വേഷണമില്ല. വരുമാനവുമായി ബന്ധമില്ലാത്ത തരത്തില്‍ നേതാക്കള്‍ കണക്കില്‍പ്പെടാത്ത ആസ്തിയുടെ ഉടമകളാകുന്നു. ആഡംബരങ്ങളില്‍ ആസക്തിയേറുന്നു, റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ ഏജന്റുമാരാകുന്നു എന്നൊക്കെയായിരുന്നു അന്ന് കണ്ടെത്തിയ ലക്ഷണങ്ങള്‍. എന്നാല്‍ ഇന്ന് രോഗം മൂര്‍ച്ഛിച്ച് ലക്ഷണങ്ങള്‍ തന്നെ രോഗമായി മാറിയിരിക്കുന്ന രോഗിയുടെ അവസ്ഥയിലാണ് സിപിഎം. സാന്റിയാഗോ മാര്‍ട്ടിനുമായുള്ള ഇടപാടിലെ കുരുക്കുകള്‍ പാര്‍ട്ടി അനുഭാവികള്‍ ഉണ്ടാക്കിയതായിരുന്നില്ല. തെറ്റുതിരുത്തല്‍ രേഖ തയ്യാറാക്കാന്‍ കൂടിയ പാലക്കാട് പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച വിവാദ വ്യവസായിയുമായുള്ള ചങ്ങാത്തം പെട്ടെന്നുണ്ടായതല്ല. വന്‍കിട മുതലാളിമാരുടെ ചാക്കില്‍ പാര്‍ട്ടിയുംപത്രവും വീണു പോയതുമല്ല. അത്തരം വന്‍ ചാക്കുകളുടെ താത്പര്യം സംരക്ഷിക്കുന്നതാണ് ഇന്നത്തെ പാര്‍ട്ടി. നേതാക്കളുടെ മക്കളും മുതലാളിമാരുടെ മക്കളും നടത്തുന്ന കൂട്ടുകച്ചവടത്തിന്റെ ലാഭക്കണക്കില്‍ പാര്‍ട്ടി താത്പര്യത്തിന് സ്ഥാനമില്ലാതായിട്ട് പതിറ്റാണ്ടുകളായി. പിതൃത്വമൊഴിയാന്‍ ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുന്ന മക്കളുടെ ഭാരം പേറിയാണ് നേതാക്കള്‍ ജീവിക്കുന്നത്. ലാവ് ലിനില്‍ മൂത്ത സഖാവ് ആരോപണ വിധേയനാണെങ്കില്‍ പുതുതലമുറ സ്പ്രിംഗഌ അഴിമതിയുടെ വീണമീട്ടുകയാണ്. വിദേശത്ത് മക്കളെ പഠിപ്പിക്കാനും വിദേശ ചികിത്സ ലഭിക്കാനുമുള്ള മൂലധനമാണിന്ന് ആവശ്യമെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. പഴയ കട്ടന്‍ ചായയും പരിപ്പുവടയുമല്ല ഇന്നത്തെ കമ്മ്യൂണിസ്റ്റ് പരിസരമെന്ന് മിനി കൂപ്പറുകളില്‍ കമ്മ്യൂണിസ്റ്റ് മുന്നേറ്റം നടത്തുന്ന നേതാക്കള്‍ ഉറക്കെ പ്രഖ്യാപിക്കുന്നു.
സ്വന്തം സഖാക്കളുടെ കുതികാല് വെട്ടുന്നതിലും തലയറുക്കുന്നതിലും അറപ്പില്ലാത്ത വര്‍ഗ്ഗമായി തൊഴിലാളി വര്‍ഗ പാര്‍ട്ടി മാറിയിരിക്കുന്നു. മതവര്‍ഗ്ഗീയ ശക്തികളുമായി ഏത് തരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ക്കും നേതൃത്വം തയാറായിരിക്കുന്നു. നിരോധിക്കപ്പെട്ട സംഘടനകളുടെ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഏറ്റെടുത്തുകൊണ്ട് തീവ്രവാദ സംഘടനകളുടെ നിരോധനത്തെപ്പോലും റദ്ദ് ചെയ്യുന്ന പ്രതിലോമകരമായ നിലപാടുകളാണ് നേതൃത്വം കൈക്കൊള്ളുന്നത്. രക്തസാക്ഷികളുടെ ചോരയുണങ്ങുന്നതിന് വേട്ടക്കാരോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നതിന് അവര്‍ക്ക് തടസ്സമില്ലാതായിരിക്കുന്നു. വലതുപക്ഷ വ്യതിയാനത്തിന്റെ അതിര്‍ത്തികള്‍ അപ്രസക്തമാക്കി മുതലാളിത്ത വികസന രീതികളില്‍ അവര്‍ അഭിരമിക്കുന്നു. അധികാരഘടനയില്‍പ്പെട്ട് ആലസ്യത്തിലാണ്ടുപോയത് നേതാക്കള്‍ മാത്രമല്ല. കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ ഭൂതകാലക്കുളിരിനെക്കുറിച്ച് പറഞ്ഞും പാടിയും എഴുതിയും നടന്ന ഇടത് സാംസ്കാരിക നായകസംഘങ്ങള്‍ കൂടിയാണ്. അവരിന്ന് സത്യാനന്തര കാലത്ത് രാജാവിനെ സ്തുതിക്കുന്ന ഒപ്പു പട്ടികയില്‍ സ്ഥാനം പിടിക്കാനുള്ള മത്സര ഓട്ടത്തിലാണ്. അടിമുടി ജീര്‍ണ്ണത ബാധിച്ച ഇടതുരാഷ്ട്രീയത്തിന്റെ ദുര്‍ഗന്ധമാണ് ചുറ്റും പരക്കുന്നത്.
പി. ജയരാജനും ഇ.പി.ജയരാജനും തമ്മിലെ പോരല്ല, മറിച്ച് രണ്ട് ജയരാജന്മാരെയും വെട്ടിനിരത്തി പാര്‍ട്ടി നേതൃത്വം കൈപ്പിടിയിലൊതുക്കാനുള്ളചിലരാണ് ഇതിനു പിന്നിലെന്ന് പാര്‍ട്ടിക്കകത്തെ രഹസ്യങ്ങള്‍ തിരിച്ചറിയുന്നവര്‍ സൂചിപ്പിക്കുന്നു. ”കണ്ണൂരിലെ ഒളിഞ്ഞു നില്ക്കുന്ന വെടിക്കാരെക്കുറിച്ച്” എഴുതിയ ഇടത് സഹയാത്രികന് ആസാദ് പറയുന്നത് കോടിയേരി പോയതോടെ കണ്ണൂരിന്റെ നേതൃശബ്ദം ശശിയിലെത്തിയാലേ അവര്‍ക്ക് സമാധാനമാവൂ എന്നാണ്. ഇരകളും കരുക്കളും ചേര്‍ന്നുള്ള കളിമാത്രമല്ല ഇതെന്നും കളത്തിന് പുറത്ത് നിന്ന് ചരടു വലിക്കുന്നവര്‍ വേറെയുമുണ്ടെന്നാണ് സൂചനകള്‍. അങ്ങിനെയെങ്കില്‍അറിഞ്ഞതിനേക്കാള്‍ ഭീകരമായിരിക്കും ഇനി അറിയാനുളള സത്യങ്ങള്‍. അത്രമേല്‍ ആഴത്തിലുള്ളതാണ് വിഭാഗീയതയെന്നും അത് മൂലധനത്തെച്ചൊലിയുള്ളതര്‍ക്കം മാത്രമാണെന്നും അറിയുമ്പോഴാണ് സിപിഎമ്മിന്റെ തകര്‍ച്ച എത്ര ആഴത്തിലുള്ളതാണെന്ന് തിരിച്ചറിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: