തിരുവനന്തപുരം : വര്‍ക്കലയില്‍ 17കാരിയെ കഴുത്തുത്ത് കൊന്നതിന് പിന്നില്‍ പ്രണയപ്പകയെന്ന് പോലീസ്. സംഗീത പ്രണയത്തില്‍ പിന്മാറിയതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. ഗോപുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
പുലര്‍ച്ചെ 1.30 ഓടെയാണ് സംഗീത കൊല്ലപ്പെട്ടത്. ഗോപുവും സംഗീതയും തമ്മില്‍ മുമ്പ് പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ഇക്കാര്യം അറിഞ്ഞതോടെ അ്ത് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ ഗോപു മറ്റൊരു നമ്പറില്‍ വേറെ പേരില്‍ ചാറ്റ് ചെയ്ത് രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു.
ഹെല്‍മെറ്റ് ധരിച്ചാണ് ഗോപു സംഗീതയെ കാണാനെത്തിയത്. സംസാരത്തിനിടെ സംശയം തോന്നിയ പെണ്‍കുട്ടി ഗോപുവിനോട് ഹെല്‍മെറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു. അതോടെ ഗോപു കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് സംഗീതയെ ആക്രമിക്കുകയായിരുന്നു. സംഗീതയുടെ കഴുത്തിനാണ് വെട്ടേറ്റത്. ഉടന്‍ തന്നെ ഗോപു സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ കയറി വീട്ടില്‍പോയി.
കഴുത്തിന് മുറിവേറ്റ സംഗീത പേടിച്ച് വീട്ടിലേക്ക് ഓടി വാതിലില്‍ മുട്ടി അച്ഛനേയും അമ്മയേയും വിളിക്കുകയായിരുന്നു. ഇവര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ച നിലയില്‍ ആണ് സംഗീത വാതിലില്‍ മുട്ടിയതെന്ന് അച്ഛന് സജീവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: