ദല്‍ഹിയടക്കം ഉത്തരേന്ത്യയില്‍ കടുത്ത തണുപ്പാണ്. രണ്ടു ദിവസത്തിനകം പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ശൈത്യതരംഗം ഉണ്ടാകാനിടയുണ്ടെന്നും റിപ്പോര്‍ട്ട്. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ദല്‍ഹി, വടക്കന്‍ രാജസ്ഥാന്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണിത്. സൗരാഷ്ട്ര, കച്ച് മേഖലകളിലും ഏതാണ്ട് അതേ അവസ്ഥ തന്നെയാണ്. ക്രിസ്മസ്ദിനമായ ഞായറാഴ്ച ദല്‍ഹിയിലെ താപനില 5.3 ഡിഗ്രിയായിരുന്നു. വരും ദിവസങ്ങളില്‍ 4 ഡിഗ്രിയായാലും അത്ഭുതപ്പെടാനില്ല. നാലു ഡിഗ്രി ആകുമ്പോഴാണത്രെ ശൈത്യ തരംഗം അനുഭവപ്പെടുക. നിരവധി ട്രെയിനുകള്‍ ഡല്‍ഹിയില്‍ നിന്ന് പുറപ്പെടാന്‍ വൈകി. കാഴ്ചശക്തി കുറഞ്ഞതാണ് കാരണം. ജനുവരി ഒന്നുമുതല്‍ ദല്‍ഹിയില്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതോടൊപ്പം കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഹിമാചലിലെ കുളു, ചംബ, ലാഹോര്‍, സ്പിന്നി, കിന്നൗര്‍ എന്നീ പ്രദേശങ്ങളിലാണിത് അനുഭവപ്പെടുക. കാശ്മീരിലടക്കം അതിശൈത്യമാണ് അനുഭവപ്പെടുന്നത്. ദാല്‍ തടാകത്തിലെ വെള്ളം തണുത്തുറഞ്ഞിരിക്കുകയാണ്. മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതോടെ അതിര്‍ത്തികളില്‍ സേനകളുടെ കാര്യവും അതീവ കഷ്ടത്തിലാണ്.
അതേസമയം വ്യത്യസ്ത കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശവും രാജ്യത്തുണ്ട്. ചൂടേറിയ പ്രദേശങ്ങളില്‍ ഒന്നാണ് കണ്ണൂര്‍. ക്രിസ്മസ് ദിനത്തില്‍ കണ്ണൂരിലെ താപനില 35.9 ഡിഗ്രിയാണ്. അന്ന് മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരിലുണ്ടായിരുന്നു. ഇ.പി.ജയരാജനെ വെട്ടിലാക്കി, വിവാദനായകന്‍ പി. ജയരാജന് രണ്ടുതവണ മുഖ്യമന്ത്രിയെ കണ്ടു. മാത്രമല്ല, പാര്‍ട്ടി പരിപാടി നടന്ന വേദിയിലേക്ക് മുഖ്യമന്ത്രിയോടൊപ്പമാണ് ജയരാജന് എത്തിയത്. ഇ.പി.ജയരാജനെക്കുറിച്ച് പി.ജയരാജന് ഒന്നും പറയില്ലെന്നുണ്ടോ? പറഞ്ഞോ ഇല്ലയോ എന്നറിയില്ല. ഏതായാലും പാര്‍ട്ടി യോഗത്തിലും പി.ജയരാജന്, ഇ.പി.ജയരാജനെക്കുറിച്ച് പറഞ്ഞതുവന് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നല്ലോ. അത് ഇനിയും കത്തിത്തീര്ന്നിട്ടേയില്ല. പി.ജയരാജനെതിരെയും ഫണ്ട് തട്ടിപ്പിന്റെയും ക്വട്ടേഷന്‍ സംഘത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഈ സമയം കിട്ടിയ അവസരം ഉപയോഗപ്പെടുത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത് സ്വാഭാവികം.
തലങ്ങും വിലങ്ങും ശ്രമിച്ചു, എന്തെങ്കിലും കിട്ടുമോ എന്നറിയാന്‍. ഞാനാരാ മോന് എന്ന മട്ടിലായി ഭാവം. അരിയെത്രയെന്ന് ചോദിച്ചാല്‍ അതിനുത്തരം നല്‍കാതെ പയറിന്റെ അളവ് പറയുന്ന തന്ത്രമുണ്ടല്ലോ. അതുപോലെയായി മുഖ്യമന്ത്രി. ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനെതിരേ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ച് പി. ജയരാജന് തുടങ്ങിവച്ച പോരില്‍ എന്തുചെയ്യണമെന്നറിയാതെ സിപിഎം കേന്ദ്ര നേതൃത്വം. കണ്ണൂരിലെ പാര്‍ട്ടിയെയാകെ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് നയിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവങ്ങളെപ്പറ്റി കേന്ദ്ര നേതൃത്വം വിവരങ്ങള്‍ ശേഖരിച്ചെങ്കിലും പതിവു പോലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിന് കാത്തിരിക്കുകയാണ് കേന്ദ്ര നേതൃത്വം.
രണ്ടു ദിവസത്തെ പിബി യോഗത്തിനായാണ് പിണറായി വിജയന് ദല്‍ഹിയിലെത്തിയത്. ഇ.പി. ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തെപ്പറ്റി മാധ്യമങ്ങള്‍ മുഖ്യമന്ത്രിയോട് ആരാഞ്ഞെങ്കിലും തണുപ്പെങ്ങനെയുണ്ട് എന്ന മറുചോദ്യമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. മാധ്യമങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നിങ്ങളുടെ അടുത്തേക്ക് വന്നോളാമെന്ന് പറഞ്ഞ് കനത്ത പോലീസ് സുരക്ഷയില്‍ പിണറായി കേരള ഹൗസിലേക്ക് കയറിപ്പോയി. പ്രശ്ന പരിഹാരത്തിന് പിണറായി വിജയന് നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടന്ന സൂചനകളാണ് പുറത്തുവരുന്നത്.
പ്രമുഖ നേതാക്കള്‍ ഇരുവശങ്ങളിലുമായി നിന്നുള്ള ബലാബലത്തില്‍ ഇടപെടാനാവാത്ത സ്ഥിതിയിലാണ് കേന്ദ്ര നേതൃത്വമെങ്കിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും നിലപാട് ഏതു പക്ഷത്തിനൊപ്പം എന്നതിനെ ആശ്രയിച്ചിരിക്കും കണ്ണൂരിലെ പൊട്ടിത്തെറിയില്‍ സിപിഎം നിലപാട്. തെറ്റുതിരുത്തല്‍ രേഖയില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാടെങ്കിലും പി. ജയരാജന്റെ ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തണമോ എന്നതടക്കമുള്ള തീരുമാനങ്ങള്‍ സംസ്ഥാന നേതൃത്വം തന്നെ സ്വീകരിക്കേണ്ടി വരും. എന്നാല്‍ കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി. ജയരാജനെതിരേ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സമിതിക്ക് സാധിക്കില്ല. കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്തു മാത്രമേ അത്തരം കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവൂ. ഇന്നത്തെ നിലക്ക് കേന്ദ്രകമ്മിറ്റി വൈകിയേ ചേരാനിടയുള്ളൂ. ഏതായാലും വിവാദം കത്തിപ്പടരുന്നതും കണ്ണൂരിലെ ചൂടിന് പ്രാധാന്യമേറുന്നു. ആരോപണത്തില്‍ പിന്നോട്ടില്ലെന്ന നിലപാടില്‍ പി.ജയരാജന് ഉറച്ചുനില്‍ക്കുമ്പോള്‍ അത് ചുമ്മാതുള്ള ഇരുപ്പല്ലെന്നുറപ്പ്. മുഖ്യമന്ത്രിയുടെ പിന്തുണ ഉറപ്പാക്കിയശേഷമാണ് ഈ ഉറച്ചനില്പ്.
പി.ജയരാജന് ആരോപണത്തില്‍ ഉറച്ചുനിന്നാല്‍ മുന്നണി കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങുകയാണ് ഇ.പി.ജയരാജന്. ബന്ധുനിയമനവിവാദം വന്നപ്പോള്‍ മന്ത്രിസ്ഥാനം ഉപേക്ഷിച്ച പാരമ്പര്യമുണ്ടെന്ന് അവകാശപ്പെടുന്ന ജയരാജനെതിരെ മുന്‍പും ആരോപണം വന്നതാണ്. ദേശാഭിമാനിയുടെ ചുമതലയുള്ളപ്പോഴായിരുന്നു അത്. സാന്റിയാഗോ മാര്‍ട്ടിനെന്ന ലോട്ടറി മാഫിയയുടെ തുക വാങ്ങിയത് കയ്യോടെ പിടിച്ചപ്പോള്‍ അത് ദേശാഭിമാനിക്കായതിനാല് ശിക്ഷയില്‍ നിന്നും ഒഴിവായി.
കണ്ണൂര്‍ എന്നാല്‍ സിപിഎമ്മിന്റെ അഭിമാനമാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കെട്ടുറപ്പുള്ള പാര്‍ട്ടികോട്ട. അവിടെയാണിപ്പോള്‍ വിള്ളല്‍. ജയരാജന്മാര് തമ്മില്‍ പോരു മുറുകുന്നതിനു പിന്നാലെ കണ്ണൂര്‍ സിപിഎമ്മിലും അസ്വാരസ്യം ഉയരുകയാണ്. കഴിഞ്ഞ ദിവസം പി.ജയരാജന് എതിരെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതികള്‍ ലഭിച്ചതോടെയാണ് പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം മറനീക്കി പുറത്തുവന്നത്.
2014ല്‍ ആണ് അരോളിയില്‍ ഇ.പി.ജയരാജന്റെ വീടിനു തൊട്ടുചേര്‍ന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി റജിസ്റ്റര്‍ ചെയ്തത്. ഇതിനു കീഴിലാണ് മൊറാഴയില്‍ നിര്‍മിച്ച ‘വൈദേകം’ എന്ന റിസോര്‍ട്ട്. സിപിഎമ്മിന്റ പല സ്ഥാപനങ്ങളും ചില ഉന്നത നേതാക്കളുടെ വീടുകളും നിര്‍മിച്ചു നല്കിയ കെട്ടിട നിര്‍മാണക്കരാറുകാരനാണു മറ്റൊരു ഡയറക്ടര്‍. 3 കോടി രൂപയുടെ പ്രവര്‍ത്തന മൂലധനത്തോടെ തുടങ്ങിയ സ്ഥാപനത്തിന് 10 കോടി രൂപ വരെ ഓഹരി സ്വീകരിക്കാന്‍ കഴിയും. ഇതിനകം 6.65 കോടി രൂപ സമാഹരിച്ചതായാണ് രേഖകളില്‍ കാണുന്നത്. മന്ത്രിയായിരിക്കെ 2021 ഏപ്രില്‍ 28ന് ആണ് ഇ.പി.ജയരാജന് റിസോര്‍ട്ട് ഉദ്ഘാടനം ചെയ്തത്.
ഇ.പി.ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ഈ വിഷയത്തില്‍ പൊളിറ്റ്ബ്യൂറോ യോഗത്തില്‍ ഒരു ചര്‍ച്ചയും ഇല്ലെന്നും എം.വി.ഗോവിന്ദന് ദല്‍ഹിയില്‍ പറഞ്ഞു. വിഷയത്തില്‍ ആദ്യമായാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം വരുന്നത്. ഇ.പിക്കെതിരെ പി.ജയരാജന് ഉന്നയിച്ച അഴിമതി ആരോപണത്തില്‍ അന്വേഷണം വേണമോ എന്ന കാര്യത്തില്‍ തീരുമാനം ഉടനുണ്ടായേക്കും.
ഇരുനേതാക്കളുമായും മുതിര്‍ന്ന നേതാക്കള്‍ ആശയവിനിമയം നടത്തുന്നുണ്ട്. രണ്ടു ജയരാജന്മാര്ക്കും എതിരെയുള്ള ആരോപണങ്ങള്‍ പാര്‍ട്ടി നേരത്തെ ചര്‍ച്ച ചെയ്ത് തള്ളിക്കളഞ്ഞതാണ്. തെറ്റു തിരുത്തല്‍ രേഖ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ നേതൃത്വത്തിനും ഒരു എത്തും പിടിയുമില്ലെന്നുതന്നെയാണ് സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: