കോഴിക്കോട്: 76-ാമത് സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് ഗംഭീര തുടക്കം. ഏകപക്ഷീയമായ ഏഴു ഗോളുകള്‍ക്ക് രാജസ്ഥാനെ തകര്‍ത്താണ് കേരളം തുടക്കമിട്ടത്. കേരളത്തിന്റെ ആക്രമിച്ചുള്ള കളിയില്‍ രാജസ്ഥാന് ടീം പതറി.കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ വിഘ്നേഷും നരേഷും റിസ്വാനും കേരളത്തിനായി ഇരട്ടഗോള്‍ നേടിയപ്പോള്‍ നിജോ ഗില്‍ബര്‍ട്ടും രാജസ്ഥാന്റെ ഗോള്‍വല ചലിപ്പിച്ചു.
ആദ്യപകുതിയില്‍ അഞ്ച് ഗോളടിച്ച് രാജസ്ഥാനെ ഞെട്ടിച്ച കേരളം രണ്ടാം പകുതിയില്‍ രണ്ടെണ്ണം കൂടി വലയിലെത്തിച്ചതോടെ ഗ്യാലറി ഇളകി മറിഞ്ഞു. ആറാം മിനിറ്റില്‍ രാജസ്ഥാന് പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ വന്ന പന്ത് ഗില്‍ബര്‍ട്ട് സ്വീകരിച്ച് അനായാസം വലകുലുക്കിയാണ് ജൈത്രയാത്ര തുടങ്ങിയത്. പിന്നാലെ 12-ാം മിനിറ്റില്‍ വിഘ്നേഷും കേരളത്തിനായി ഗോള്‍ കരസ്ഥമാക്കി. പന്തുമായി മുന്നേറിയ വിഘ്നേഷ് ഗോള്‍ കീപ്പറുടെ പിഴവ് മുതലെടുത്ത് വല കുലുക്കുകയായിരുന്നു. 20-ാം മിനിറ്റില്‍ മനോഹരമായ ഫിനിഷിലൂടെ വിഘ്നേഷ് വീണ്ടും ഗോള്‍ നേടി. പന്തുമായി ഇടതു ഭാഗത്തിലൂടെ ബോക്സിലേക്ക് മുന്നേറിയ വിഘ്നേഷിന്റെ വലംകാലന്‍ ഷോട്ട് പോസ്റ്റിന്റെ വലതുമൂലയില്‍ ചെന്നാണ് പതിച്ചത്.
യുവതാരം നരേഷിലൂടെ 23-ാം മിനിറ്റില്‍ കേരളം വീണ്ടും വലകുലുക്കി. 36-ാം മിനിറ്റില്‍ നരേഷ് വീണ്ടും ഗോളടിച്ചപ്പോഴും പ്രതിരോധിക്കാനാവാതെ നിസഹായവസ്ഥയിലായിരുന്നു രാജസ്ഥാന്. 54-ാം മിനിറ്റില്‍ റിസ്വാനിലൂടെ ആറാം ഗോളടിച്ചതോടെ രണ്ടാം പകുതിയിലും കേരളത്തിന്റെ അക്രമണ മൂര്‍ച്ച തുടര്‍ന്നു. 81-ാം മിനിറ്റില്‍ മികവുറ്റ ഫിനിഷിലൂടെ റിസ്വാന് തന്നെ കേരളത്തിന്റെ ഏഴാമത്തെ ഗോള്‍ സ്വന്തമാക്കി. ജയത്തോടെ മത്സരത്തില്‍ കേരളം ഗ്രൂപ്പ് രണ്ടില്‍ ഒന്നാമതെത്തി. കേരളത്തിന്റെ അടുത്ത മത്സരം ഡിസംബര്‍ 29ന് ബിഹാറുമായി.
ഇന്നലെ രാവിലെ നടന്ന ആദ്യ മത്സരത്തില്‍ ജമ്മു കശ്മീര്‍ മറുപടിയില്ലാത്ത രണ്ടു ഗോളിന് ബിഹാറിനെ തോല്‍പ്പിച്ചു. ആദ്യ പകുതിയിലെ 38-ാം മിനിറ്റില്‍ ഫൈസല്‍ മക്സൂദ് താക്കുറും രണ്ടാം പകുതിയുടെ 58-ാം മിനിറ്റില്‍ ആക്കിഫ് ജാവിദുമാണ് ജമ്മു കശ്മീരിന് വേണ്ടി ഗോളുകള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: