ഭോപ്പാൽ: മധ്യപ്രദേശിലെ റേവയിൽ 19കാരിയായ കാമുകിയെ ക്രൂരമായി മർദ്ദിച്ച യുവാവിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി. പങ്കജ് ത്രിപാഠി (24) എന്ന യുവാവാണ് പെൺകുട്ടിയെ മർദ്ദിച്ചത്. മൗഗഞ്ചിലെ ധേര ഗ്രാമ സ്വദേശിയാണ് ഇയാൾ. ഇയാളുടെ വീട് അനധികൃത ഭൂമിയിലാണ് നിർമിച്ചതെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടിയെ മർദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് പോലീസ് കേസെടുത്തത്. കാമുകി വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇയാൾ മർദ്ദിച്ചത്. മുഖത്തടിച്ച് വീഴ്ത്തിയ ശേഷം ശരീരത്തിലും മുഖത്തും ആവർത്തിച്ച് ആഞ്ഞുചവിട്ടുന്നതും വീഡിയോയിൽ കാണാം. തുടർന്ന് ബോധരഹിതയായ യുവതിയെ ഇയാൾ പൊക്കിയെടുത്ത് നിലത്ത് നിർത്തി.
ശനിയാഴ്ച വൈകിട്ടോടെ മിർസാപൂരിൽ വെച്ചാണ് ത്രിപാഠിയെ അറസ്റ്റ് ചെയ്തതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഡ്രൈവറായ ഇയാളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. സംഭവത്തിൽ കേസെടുക്കാൻ വൈകിയതിൽ മൗഗഞ്ച് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെയും സസ്പെൻഡ് ചെയ്തു. വീഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവിനെതിരെയും പെൺകുട്ടി പരാതി നൽകിയിരുന്നു. ആദ്യം പരാതി സ്വീകരിക്കാന്‍ കൂട്ടാക്കിയില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: