ധര്‍മ്മപുത്രര്‍ എന്ന പേര് അന്വര്‍ത്ഥമാക്കുന്നതായിരുന്നു മഹാഭാരത ഇതിഹാസത്തിലെ പാണ്ഡവരില്‍ മുഖ്യനായ യുധിഷ്ഠിരന്റെ ജീവിതം. അര്‍ഹതപ്പെട്ട രാജ്യവും ഭരണവും അധികാരവും നേടിയെടുക്കാന്‍, അതിന്റെയെല്ലാം നിസ്സാരതയെക്കുറിച്ച് നല്ലബോധമുണ്ടായിട്ടും അദ്ദേഹം യുദ്ധം ചെയ്തു. ധര്‍മ്മ യുദ്ധത്തില്‍, എതിര്‍പക്ഷത്തിന് അവരുടെ തന്ത്രംകൊണ്ട് താല്‍ക്കാലികമായി സംഭവിക്കുന്ന നേട്ടവും ധര്മ്മത്തിന് അപകടമാണെന്ന് തിരിച്ചറിഞ്ഞ്, ഗുരുസ്ഥാനീയരുടെ ഉപദേശ പ്രകാരം അനുഷ്ഠിച്ച ‘അര്‍ദ്ധസത്യം എന്ന അധര്‍മ്മം,’ അതിന്റെ ഉദ്ദേശ്യശുദ്ധികൊണ്ട് ധര്‍മ്മപുത്രര്‍ക്ക് കളങ്കമായില്ല. പക്ഷേ, നിമിഷനേരമെങ്കിലും പാപികള്‍ക്കായുള്ള നരകം കാണാന്‍ അതിടവെച്ചു.
നേടിയതെല്ലാം നിസ്സാരമെന്ന തിരിച്ചറിവില്‍, ധര്‍മ്മപുത്രരും സഹോദരങ്ങളും മഹാപ്രസ്ഥാനത്തിന് പോയപ്പോള്‍ ഒപ്പമുണ്ടായിരുന്ന മറ്റാര്‍ക്കും എത്തിപ്പെടാന്‍ കഴിയാതെപോയ, ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശത്തിനുള്ള അവസരം, വേണ്ടെന്നുവെക്കാന്‍ തയാറായ യുധിഷ്ഠരന്റെ ധര്‍മ്മബോധം വിവരിക്കാന്‍ വേദവ്യാസന് സൃഷ്ടിച്ച കഥാപാത്രം ഒരു നായയായിരുന്നു. മഹാപ്രസ്ഥാന യാത്രയില്‍ തുടക്കം മുതല്‍ ഉണ്ടായിരുന്ന നായയെ ഉപേക്ഷിച്ച് സ്വര്‍ഗ്ഗത്തിലേക്ക് പോകാന്‍ ധര്‍മ്മപുത്രര്‍ തയാറായില്ല. നായ അങ്ങനെ ആ ഇതിഹാസത്തിലെ നിര്‍ണ്ണായക കഥാപാത്രമായി. ലോകത്തെ ഒരു ജന്തുകഥയിലും ഒരു ജന്തുവിനും ലഭിക്കാത്ത ഉന്നത സ്ഥാനമാണ് നായക്ക് അവിടെ ലഭിച്ചത്.
പില്ക്കാലത്ത് എത്രയെത്ര കഥകളില്‍ കവിതകളില്‍, സാഹിത്യ-കലാ സൃഷ്ടികളില്‍ നായ നായകനോ നായികയോ ആയി. ജ്ഞാനപീഠ പുരസ്കൃതനായ തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന ചെറുകഥയിലെ നായ, ടി. പത്മനാഭന്റെ ‘ശേഖൂട്ടി’, എം.പി. നാരായണപിള്ളയുടെ ‘പരിണാമം’ നോവലില്‍… അങ്ങനെ എത്രയെത്ര! നായകള്‍ എത്രയോ കാലംമുമ്പ് മനുഷ്യനുമായി ഇണങ്ങിച്ചേര്‍ന്ന മൃഗമാണ്. നന്ദിയുടെ പര്യായപദം പോലുമാണ് നായ സ്വഭാവം.
പക്ഷേ, നായകള്‍ അപകടകാരികളായ കാലവും നമുക്കുണ്ട്. അത് കന്നിമാസത്തിലെ അവയുടെ പ്രജനന കാലത്തില്‍ പണ്ടും പതിവായിരുന്നെങ്കിലും അടുത്തകാലത്ത് അവ സാമൂഹ്യ ജീവിതത്തിനുണ്ടാക്കിയ ഭീഷണി ചെറുതല്ല. നായ, ചെന്നായ, കുറുക്കന്, കാട്ടുനായ് തുടങ്ങി നായവര്ഗ്ഗത്തില് ജാതികളും ഉപജാതികളുമുണ്ട്. നായകളെ ഭാഷയിലും സാഹിത്യത്തിലും ‘അന്യനുവേണ്ടി ദാസ്യവൃത്തി ചെയ്യുന്ന, ആത്മാഭിമാനം ഇല്ലാത്ത, കൊള്ളരുതാത്ത, എന്നിങ്ങനെയുള്ള അര്‍ത്ഥത്തിലും നായ എന്ന വാക്കുപയോഗിച്ചുകാണാറുണ്ട്. നായ, ചില നാട്ടിടങ്ങളില്‍ പട്ടിയാണ്, ചിലവേളകളില്‍ ‘പുഴുത്ത പട്ടി’യും ചിലപ്പോള്‍ ‘കൊടിച്ചിപ്പട്ടി’യും ‘ചാവാലിപ്പട്ടി’യുമായി. കാവലിനും കരുതലിനും നായകള്‍ കീര്ത്തികേട്ടിട്ടുള്ളവയാണ്. നായയുടെ മുന്കാലില് അഞ്ചുനഖവും പിന്‍കാലുകളില്‍ നാലുമാണ്.
നായപുരാണവും ശാസ്ത്രവും പറയാനല്ല, ഇങ്ങനെ തുടങ്ങിയത്. അത് പറഞ്ഞാല്‍ തീരുകയുമില്ല. ആന കഴിഞ്ഞാല്‍ നായയെക്കുറിച്ചാണ് മൃഗങ്ങളിലെ പകയുടെ, സ്നേഹത്തിന്റെ, ഇണക്കത്തിന്റെ, ആക്രമണത്തിന്റെ, സംരക്ഷണത്തിന്റെ കഥകളും സംഭവങ്ങളും ഏറെയുള്ളത്. അവ കേള്‍ക്കാന്‍ ആര്‍ക്കും എതു സമയത്തും മുഷിപ്പും ഉണ്ടാകാറില്ല. ആ നായയെ മനുഷ്യന്റെ സാംസ്കാരിക ലോകം എങ്ങനെ വ്യവഹാരത്തിന് വിനിയോഗിക്കുന്നുവെന്ന് തിരിച്ചറിയുമ്പോള്‍ ലജ്ജതോന്നും, പ്രത്യേകിച്ച് ആനുകാലികമായ ചില സംഭവങ്ങളുടെ പശ്ചാത്തലത്തില്‍.
സംസ്ഥാന ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം. ചലച്ചിത്ര അക്കാദമി ചെയര്മാന്, സിനിമാ സംവിധായകന് രഞ്ജിത്തിനെ ആള്‍ക്കൂട്ടം കൂവി. അത് ആര്പ്പുവിളിച്ചതാണെന്ന് പിന്നീട് വ്യാഖ്യാനിച്ച രഞ്ജിത്ത് പക്ഷേ കൂകിയവരെ വിരട്ടാനാണ് ആദ്യം ശ്രമിച്ചത്. ഞാന്‍ എസ്എഫ്ഐയില്‍ കുരുത്തവനാണെന്നും കൂവിത്തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും രഞ്ജിത്ത് പറഞ്ഞു. പിന്നാലെ വീട്ടില്‍ വളര്‍ത്തുന്ന പട്ടികള്‍ക്ക് യജമാനനായ തന്നോടുള്ള പെരുമാറ്റ സ്വഭാവം വിവരിച്ച് കൂവിയവരെ രഞ്ജിത്ത് നായകളാക്കി ആക്ഷേപിച്ച് വിമര്‍ശിച്ചു. കൂവലായാലും കുരവയിടലായാലും അത് പ്രേക്ഷകരുടെ ആവിഷ്കാര സ്വാതന്ത്ര്യമായി കാണാനുള്ള കലാബോധം കലാപ ബോധമേറെയുള്ള, കലാലയങ്ങളിലുള്പ്പെടെ കുരുത്തക്കേടിന്റെ കരുത്തു കാട്ടുന്ന, എസ്എഫ്ഐയില്‍ കുരുത്തുവെന്ന് അവകാശപ്പെടുന്ന രഞ്ജിത്തിന് ഇല്ലാതെപോയി. രഞ്ജിത് കാണിച്ചത് സംസ്കാര ശൂന്യതയാണെന്ന് തിരിച്ചറിഞ്ഞ്, രഞ്ജിത്ത് എസ്എഫ്ഐ ആയിരുന്നില്ലെന്ന വിശദീകരണവുമായി പഴയ എസ്എഫ്ഐ നേതാവ് വന്നെങ്കിലും ആ സംഘടനയോ ഒരുകാലത്ത് എസ്എഫ്ഐയുടെ സംസ്ഥാനത്തെ ചുമതലക്കാരനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനോ വന്നില്ല എന്നതാണ് കൗതുകകരം. ആവിഷ്കാര സ്വാതന്ത്ര്യത്തിനെ ‘നായയുടെ കുര’യായി വ്യാഖ്യാനിച്ച ഈ സംവിധായകന്, ഒരു ഘട്ടത്തില്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സാംസ്കാരിക നായകനെന്ന നിലയിലുള്ള തെരഞ്ഞെടുപ്പുസ്ഥാനാര്ത്ഥിയായി പരിഗണിക്കപ്പെട്ടയാളാണ്!
ഇതേ ഫിലിം ഫെസ്റ്റിവലില്‍ സിനിമാ ജീവിതത്തിലെ സമഗ്ര സംഭാവനയ്ക്ക് സമ്മാനിതനായ ഹംഗേറിയന്‍ സിനിമാ സംവിധായകന് ബേലാ താര് ആ സത്യം വിളിച്ചു പറഞ്ഞു, ”കമ്മ്യൂണിസ്റ്റുകള്‍ ക്രിമിനലുകളാണ്, ജീവിതത്തില്‍ ഇതുവരെ കൊള്ളാവുന്ന ഒരാളെ കമ്യൂണിസ്റ്റുകാരില്‍ കണ്ടിട്ടില്ല” എന്ന്. കമ്യൂണിസ്റ്റുകളെ ‘ഓട്ടക്കാലണകള്‍’ എന്ന് മലയാളത്തില്‍ വിളിച്ചില്ലെന്നുമാത്രം. ഞാന്‍ എസ്എഫ്ഐ ആണെന്ന് വിളിച്ചു പറഞ്ഞ, പ്രേക്ഷകരെ നായകളെന്ന് വിളിച്ച രഞ്ജിത്ത്, ഹംഗേറിയിലെ കമ്യൂണിസ്റ്റുകാരുടെ പീഡനം ഏറെ അനുഭവിച്ച ബേലാ താറിനെ കണ്ടെത്തി അവാര്‍ഡ് നല്കിയപ്പോള് രഞ്ജിത്തിനെ കൂവിയത് കമ്യൂണിസ്റ്റുകള്തന്നെയാണെങ്കില് എസ്എഫ്ഐക്കാരന് രഞ്ജിത്തിന്റെ നായവിശേഷണം കുറിക്കുകൊണ്ടുവെന്ന് വേണം പറയാന്‍. ‘കൂടെ കിടക്കുന്നവര്‍ക്കല്ലേ രാപ്പനി അറിയൂ’
കമ്മ്യൂണിസ്റ്റുകളില്‍ സിപിഎംകാരനാണ് രഞ്ജിത്. അപ്പോള്‍ സിപിഐക്കാര്‍ മോശക്കാരാകരുതല്ലോ. ‘ആരാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്’ എന്ന സിപിഐ-സിപിഎം തര്‍ക്കം എത്രയോകാലമായി തീര്‍പ്പാകാതെ തുടരുകയാണല്ലോ. അത് ജനങ്ങളെ ബാധിക്കാത്ത വിഷയമായതിനാല്‍ ആരും കണക്കിലെടുക്കില്ലെന്നുമാത്രം. പക്ഷേ നായക്കാര്യത്തിലും അവര്‍ സിപിഎമ്മിനോട് കട്ടയ്ക്കുനിന്നു. സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ സ്റ്റാഫ് ഡ്രൈവര്‍ ഇന്ത്യന്‍ സൈന്യത്തെയാണ് നായയോട് തുലനം ചെയ്തത്. മണിക്കൂറുകള്‍ക്കകം ഫലം കിട്ടി, ജോലി പോയി. അങ്ങനെ ബേലാ താര് പറഞ്ഞത് സിപിഐക്കാരും ശരിവെച്ചു. അത് ഒരു ഡ്രൈവര്‍ അയാളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടില്‍ പറഞ്ഞകാര്യമല്ലേ അതെങ്ങനെ പാര്‍ട്ടിയുടെ നിലപാടാകും എന്ന് ചോദിക്കാം. പക്ഷേ, സിപിഐയോ അവരുടെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയോ യുവജന സംഘടനയോ ഈ വിഷയത്തില്‍ തൊട്ടടുത്ത നിമിഷം എന്തുനിലപാടെടുത്തു എന്നതാണ് പാര്‍ട്ടിയുടെ നയവും നിലപാടും ഇക്കാര്യത്തില്‍ നിശ്ചയിക്കുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍, ഇന്ത്യന്‍ സൈനികരെ ആക്രമിക്കാന്‍ വന്ന ചതിയന്മാരായ ചീനപ്പട്ടാളത്തെ ഇന്ത്യന്‍ സൈനികര്‍ അടിച്ചോടിച്ച വേളയില്‍ നമ്മുടെ സൈന്യത്തെ പ്രകീര്‍ത്തിച്ച ഒരു പരാമര്‍ശത്തിലാണ് സിപിഐ മന്ത്രിയുടെ ജീവനക്കാരന്റെ പ്രതികരണം വന്നത്. അതിന് വ്യക്തമായ രാഷ്ട്രീയ പിന്തുണയുടെ, കാലങ്ങള്‍ പഴകിയ, ആഴത്തിലോടിയ വേരുകളുടെ, പിന്‍ബലമുണ്ട്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാണ്. സ്വാതന്ത്ര്യ സമരവും നേട്ടവും അതിന് കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളുടെ ബലിദാനവും പ്രസംഗിച്ചപ്പോള്‍ ഖാര്‍ഗെയും ഒരു നായക്കൂട്ടു പിടിച്ചു. ബിജെപിയോടും സര്‍ക്കാര്‍ പക്ഷത്തോടുമായി ഖാര്‍ഗെ ചോദിച്ചത് ‘നിങ്ങളുടെ വീട്ടിലെ നായകളെങ്കിലും സമരത്തില്‍ പങ്കെടുത്തിട്ടുണ്ടോ’ എന്നാണ്. ഖാര്‍ഗെ അങ്ങനെ ചോദിക്കും, കാരണം, ‘കോണ്‍ഗ്രസിന്റെയുംകൂടി ജനറല്‍ സെക്രട്ടറി’യാണല്ലോ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അപ്പോള്‍ ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ക്ക് ഒരേ സ്വരവും അനുയായികള്‍ക്ക് ഒരേ വാക്കുമായിരിക്കുമല്ലോ. ഈ യെച്ചൂരിയാണല്ലോ ഇന്ന് ലോകം മുഴുവന്‍ അംഗീകരിച്ച് അനുവര്‍ത്തിക്കുന്ന ‘യോഗ’യെ നായയുടെ മൂരിനിര്‍വര്‍ക്കലായി പണ്ട് തുലനം ചെയ്തത്. അതേ യെച്ചൂരിയും കൂട്ടരും ഇന്ന് യോഗ രഹസ്യമായല്ല, പരസ്യമായിത്തന്നെ അനുഷ്ഠിക്കുന്നുണ്ടെന്നത് വേറേ കാര്യം.
ഖാര്‍ഗെയുടെ ആദ്യത്തെ ‘സെല്‍ഫ് ഗോള’ല്ല ഇത്. 2017 ല്‍ പാര്‍ലമെന്റില്‍ സമാനമായി പ്രസംഗിച്ചതാണ്. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തക്ക മറുപടിയും നല്കി. ‘സ്വാതന്ത്ര്യ സമരം തുടങ്ങിയത് കോണ്‍ഗ്രസല്ല. ആ പാര്‍ട്ടി ഉണ്ടാകും മുമ്പേ സ്വാതന്ത്ര്യ പ്രക്ഷോഭം തുടങ്ങി. സമരത്തില്‍ ഞങ്ങളുടെ വീട്ടിലെ നായകള്‍ ഒന്നും പങ്കെടുത്തിട്ടില്ല. ഞങ്ങളുടെ പൈതൃകം നായയുടേതുമല്ല. നായകള്‍ക്ക് അതില്‍ പങ്കുണ്ടായിരുന്നെങ്കില്‍ നിങ്ങളുടെ നായകളായിരിക്കും പങ്കെടുത്തിട്ടുണ്ടാവുക. പക്ഷേ ഒന്നുണ്ട്. അന്ന് പങ്കെടുത്തവര്‍ പാര്‍ട്ടിയും പക്ഷവും നോക്കിയിരുന്നില്ല. അന്നും താമരയുണ്ടായിരുന്നു, ഇന്നും ഉണ്ട്,’ എന്ന ആ മറുപടിയില്‍ എല്ലാമുണ്ടായിരുന്നു. പക്ഷേ, ഖാര്‍ഗെയ്ക്ക് അത് മനസ്സിലായില്ല. അല്ലെങ്കില്‍ വീണ്ടും നായയുടെ പൈതൃകം അദ്ദേഹം പറയില്ലായിരുന്നല്ലോ.
ഒരു നായപ്രയോഗംകൂടി പറഞ്ഞാല്‍ ചുരുക്കത്തിലെല്ലാമാകും. സാഹിത്യ-സാംസ്കാരിക-സാമൂഹ്യ-കലാ പ്രവര്ത്തകന് ശ്രീമൂലനഗരം മോഹന്‍ കഴിഞ്ഞ ദിവസം ഒരു പുസ്തക പ്രകാശന ചടങ്ങില്‍ നടത്തിയ പ്രയോഗം ‘സാംസ്കാരിക നായകള്‍’ എന്നായിരുന്നു. നേരത്തേ പറഞ്ഞതുപോലെ, നായയെ അതിന്റെ നന്മയും തിന്മയും കൊണ്ട് വിലയിരുത്തപ്പെടാറുണ്ട്. ‘നായകള്‍’ എന്ന പ്രയോഗം സാംസ്കാരിക ലോകത്ത് വിമര്‍ശനത്തിനോ പരിഹാസത്തിനോ ആണ് ചിലര്‍ വിനിയോഗിക്കാറ്. പക്ഷേ, ശ്രീമൂലനഗരം നായയുടെ ഈ രണ്ട് ഭാവവും പെരുമാറ്റത്തിന്റെ രീതിയനുസരിച്ച് സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് ചേരുന്നുവെന്ന് സ്ഥാപിക്കുകയായിരുന്നു. ഒന്നുകില്‍ നായ ഇഷ്ടക്കാരെ അനുസരിച്ച്, സ്നേഹത്തോടെ ഒട്ടിനിന്ന് വാലാട്ടി യജമാനനെ അനുസരിച്ച് ജീവിക്കും. അല്ലെങ്കില്‍, കുരച്ചും ചാടിയും കടിച്ചും മാന്തിയും പ്രതിഷേധിച്ച് വിയോജിക്കുന്നവരെ വിറപ്പിക്കും. അധികാരത്തോട്, ഭരണത്തോട് ഒട്ടി നില്‍ക്കുന്നവരും മറിച്ച് അന്ധമായി എതിര്‍ക്കുന്നവരുമായി സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തകര്‍ ചേരി തിരിയുമ്പോള്‍ അവര്‍ക്ക് ചേരുന്ന വിശേഷണം നായകരല്ല, നായകളെന്നാണെന്നാണ് ശ്രീമൂലനഗരം മോഹന്റെ പക്ഷം. ഏറെക്കുറേ എന്നല്ല, പൂര്‍ണമായും ശരിയാണെന്ന പക്ഷക്കാരായിരിക്കും വായനക്കാരിലേറെയും
പിന്കുറിപ്പ്:
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യകാലത്ത് അവാര്‍ഡ് വാപ്സിയുടെ തിക്കിത്തിരക്കായിരുന്നു. കേന്ദ്ര മന്ത്രിയുടെ പക്കല്‍നിന്ന് അവാര്‍ഡ് വാങ്ങാത്തവര്‍, മോദി സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ തിരസ്കരിക്കുന്നവര്‍ എന്നിങ്ങനെ നിത്യവും വാര്‍ത്തകളില്‍ നായകര്‍ ഇടംപിടിച്ചു. അതുകൊണ്ട് ആ അവാര്‍ഡുകള്‍ നിര്‍ത്തല്‍ ചെയ്തില്ല. അവ മോദി ഭക്തര്‍ക്ക് മാത്രമായല്ല ഇപ്പോള്‍ കൊടുക്കുന്നതും. കടുത്ത മോദി എതിര്‍പ്പുകാരും അവാര്‍ഡുകള്‍ വാങ്ങുന്നു. ‘കാഞ്ഞിരക്കുരു പാലിലിട്ടാല്‍ കാലക്രമത്തില്‍ കയ്പ്പ് പോകില്ലെ’ന്ന് ആരാണ് പറഞ്ഞത്. അവാര്‍ഡുകള്‍ പഥ്യമാകുന്നവര്, അന്ധമായ വിയോജിപ്പില്ലാതാകുന്നവര് കൂടിക്കൂടി വരികയാണ്. നമ്മുടെ ‘നായകരും’ നന്നാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: