ദീപു ആര്.ജി. നായര്‍
ലോകത്തെ പ്രബല സൈനിക സാമ്പത്തിക ശക്തികളായ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. 2020ലെ ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ഗൗരവകരമായ സംഘട്ടനമാണ് ഇപ്പോഴത്തേത്.അന്ന് ഇന്ത്യക്ക് സ്ഥിരം സൈനിക സാന്നിധ്യം ഉണ്ടായിരുന്ന പ്രദേശമായിരുന്നില്ല ഗാല്‍വന്‍. പക്ഷേ ഇപ്പോള്‍ ചൈനീസ് പ്രകോപനം ഉണ്ടായിരിക്കുന്ന തവാങ് അങ്ങനെയല്ല. ഇന്ത്യയ്ക്ക് വ്യക്തമായ സൈനിക മേല്‍ക്കോയ്മയുള്ള മേഖലയാണിത്. ഇവിടെ ഇന്ത്യന്‍ സൈനികര്‍ സ്ഥാപിച്ചിരുന്ന യാങ്സേ പോസ്റ്റ് പിടിച്ചെടുക്കുകയായിരുന്നു ചൈനീസ് പട്ടാളത്തിന്റെ ലക്ഷ്യം. ദൗത്യ നിര്‍വഹണത്തിനായി ചൈന മുന്നൂറോളം പട്ടാളത്തെയും നിയോഗിച്ചു. ഇത്രയും വലിയ മുന്നൊരുക്കങ്ങള്‍ ബെയ്ജിങ്ങിന്റെ അറിവോടെയല്ലാതെ നടക്കില്ല എന്നതാണ് യാഥാര്‍ഥ്യം.
തവാങില്‍ സംഭവിച്ചത്
1996ല്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ച കരാര്‍ അനുസരിച്ച് അതിര്‍ത്തിയില്‍ തോക്ക് ഉപയോഗിക്കാന്‍ പാടില്ല. അതുകൊണ്ട് മുള്ള് കമ്പി ചുറ്റിയ വടികളും കല്ലും ആണി തറച്ച കമ്പികളും പാറകല്ലുകളുമായാണ് ചൈനീസ് പട്ടാളം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് എത്തിയത്.ചൈനയുടെ ചതി മുന്‍കൂട്ടി കണ്ട ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിക്ക് അതേ നാണയത്തില്‍ തന്നെ തയ്യാറെടുത്തിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി ജാട്ട് റെജിമെന്റ്, സിഖ് ലൈറ്റ് ഇന്‍ഫെന്‍ട്രി, ജമ്മു കശ്മീര്‍ റൈഫിള്‍സ് എന്നീ മൂന്ന് സൈനിക യൂണിറ്റുകളെയും ഇന്ത്യ അണിനിരത്തിയിരുന്നു. നിയന്ത്രണരേഖ മറികടന്നു കൊണ്ട് സംഘര്‍ഷത്തിന് ചൈനിസ് പട്ടാളം തിരികൊളുത്തിയതോടെ ഇന്ത്യ പ്രത്യാക്രമണം തുടങ്ങി.
ഇന്ത്യയുടെ ആക്രമണത്തില്‍ പതറിയ ചൈനിസ് സൈനികര്‍ പിന്തിരിഞ്ഞു ഓടി.പിന്നീട് ഇരു രാജ്യങ്ങളുടേയും സൈനിക കമാന്‍ഡര്‍മാര്‍ ഫ്ലാഗ് മീറ്റിംഗ് കൂടി സൈന്യത്തെ പിന്‍വലിച്ചു.ഏറ്റുമുട്ടലില്‍ ആറു ഇന്ത്യന്‍ സൈനികര്‍ക്ക് നിസാര പരുക്കേറ്റു. മറുവശത്ത് എത്ര ചൈനീസ് സൈനികര്‍ കൊല്ലപെട്ടന്നോ എത്ര പേര്‍ക്ക് പരുക്കേറ്റന്നോ ചൈന പുറത്ത് വിട്ടിട്ടില്ല.നാണക്കേട് കൊണ്ട് അവര്‍ പുറത്ത് വിടുകയും ഇല്ല.ഗാല്‍ വനില്‍ 40 ലധികം ചൈനീസ് പട്ടാളക്കാര്‍ ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലാപെട്ടന്നാണ് അമേരിക്കയും റഷ്യയും അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. പക്ഷെ ചൈനയുടെ കണക്കില്‍ മരിച്ചത് 4 പേര് മാത്രം. അതും സംഘര്‍ഷം ഉണ്ടായി ആറ് മാസത്തിന് ശേഷം.
തവാങ്ങിന്റെ പ്രാധാന്യം
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചൈനയ്ക്കെതിരെ പ്രതിരോധം തീര്‍ക്കാനുള്ള ഉരുക്ക് കോട്ടയാണ് തവാങ്.17000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഭൂമിശാസ്ത്രപരമായി, ഇന്ത്യക്ക് മേല്‍ക്കൈ നല്കുന്നു.ഉയര്‍ന്ന പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യന്‍ സേനക്ക് ചൈന നടത്തുന്ന നീക്കങ്ങള്‍ എല്ലാം, വ്യക്തമായി നിരീക്ഷിക്കാന്‍ കഴിയും.പടിഞ്ഞാറ് ഭൂട്ടാനും വടക്ക് ടിബറ്റുമാണ് അതിര്‍ത്തി. താവാങ് പിടിച്ചെടുത്താല്‍ ചൈനക്ക് ഭൂട്ടാനെ വളയാനാകും. ഇത് ഇന്ത്യക്ക് ഭീഷണിയാണ്. ഭൂട്ടാന് സുരക്ഷ ഒരുക്കുന്നതകാട്ടെ ഇന്ത്യയും . തവാങ് ചൈനീസ് നിയന്ത്രണത്തിലായാല്‍ ഇന്ത്യയുടെ മെയിന്‍ ലാന്‍ഡുമായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന സിലിഗുഡി ഇനാഴി പിടിച്ചെടുക്കാന്‍ ചൈനക്ക് ആകും.1962 ലെ യുദ്ധത്തില്‍ തവാങ് ചൈന പിടിച്ചെടുത്തിരുന്നുവെങ്കിലും പിന്നിട് പിന്മാറി.
യുദ്ധത്തില്‍ ഒരു പ്രദേശം പിടിച്ചെടുത്താല്‍, അത് സംരക്ഷിച്ച് നിര്‍ത്തുക എന്നത് പ്രധാനമാണ്. അന്ന് ഏറെനാള്‍ ഈ പ്രദേശം കൈക്കലാക്കി വയ്ക്കാനുള്ള ശക്തി ചൈനക്കില്ലായിരുന്നു. മാത്രവുമല്ല തിരിച്ചടിക്ക് ഇന്ത്യ തയ്യാറാടുക്കുന്ന വിവരവും വും തിരിച്ചറിഞ്ഞായിരുന്നു പിന്മാറ്റം. അരുണാചല്‍ പ്രദേശ് ഉള്‍പ്പെടുന്ന പ്രദേശം തെക്കന്‍ ടിബറ്റിന്റെ ഭാഗമെന്നാണ് ചൈനയുടെ അവകാശവാദം. ഇവിടുത്തെ അതിര്‍ത്തിയായ മക് മോഹന്‍ ലൈന്‍ ചൈന അംഗീകരിക്കുന്നില്ല. 1914ലെ ഷിംല സമ്മേളനത്തില്‍ ബ്രിട്ടന്റെയും ടിബറ്റിന്റെ പ്രതിനിധികള്‍ അംഗീകരിച്ചതാണ് ഈ രേഖ. മറ്റൊരു കാര്യം ചരിത്രപരമായി ഇന്ത്യയ്ക്ക് ചൈനയുമായി അതിര്‍ത്തി ഇല്ല എന്നതാണ്. 1950ല്‍ ടിബറ്റില്‍ ചൈന അധിനിവേശം നടത്തിയതോടെ ആയിരുന്നു ഇതിന് മാറ്റം വന്നത്.
പ്രകോപനത്തിന് പിന്നിലെ കാരണങ്ങള്‍
ഷി ജിന്‍പിങ് മൂന്നാതവണയും ചൈനയുടെ പ്രസിഡന്റയാതിന് പിന്നാലെ രാജ്യത്ത് കോവിഡ് നിയനന്ത്രണങ്ങള്‍ ശക്തമാക്കി. ഇത് രാജ്യത്ത് വലിയ പ്രതിഷേധത്തിനും ഷിയുടെ രാജി ആവശ്യപ്പെടുന്നതിലേക്കു വരെ എത്തിച്ചു. അശാസ്ത്രിയമായ ലോക്ക് ഡൗണുകളെ തുടര്‍ന്ന് ചൈനീസ് സമ്പദ്ഘടന തകര്‍ച്ചയുടെ വക്കിലാണ്. വിലക്കയറ്റവും തൊഴില്ലില്ലായ്മയും രാജ്യത്ത് വര്‍ദ്ധിച്ചു. ജനരോഷം അന്തരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയുമായി. ഇതില്‍ നിന്നും ലോകത്തിന്റെ ശ്രദ്ധ തിരിക്കാനും അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടാക്കുന്നതിലൂടെ ചൈന ലക്ഷ്യമിടുന്നു.
രണ്ടാമത്തേത്, ആഗോളതലത്തില്‍ ഇന്ത്യക്ക് കിട്ടുന്ന സ്വീകാര്യതയും സ്വാധീനവും ചൈനയെ അസ്വസ്ഥരാക്കുന്നു. ഏഷ്യയുടെ നേതൃത്വം ഇന്ത്യയുടെ കൈകളില്‍ എത്തുന്നതും പ്രകോപനത്തിന് കാരണമാണ്.ചൈനയുടെ വര്‍ദ്ധിച്ച് വരുന്ന ആക്രമണോത്സുകത്തെ ചെറുക്കാന്‍ രൂുപികരിച്ച ഇന്ത്യ അമേരിക്ക ജപ്പാന് ഓസ്ട്രേലിയ രാജ്യങ്ങള്‍ അടങ്ങുന്ന ക്വാഡ് സഖ്യത്തെ ചൈന ഭയപ്പെുന്നു. ഉത്തരാഖണ്ഡില്‍ ഇന്ത്യയും അമേരിക്കയും നടത്തിയ യുദ്ധ് അഭ്യാസ് എന്ന സൈനിക അഭ്യാസവും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.
മൂന്നാമത്തേത് അടിസ്ഥാന സൗകര്യ വികസനം. 1962 ലെ ചൈനയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ ഇന്ത്യ പരാജയപ്പെടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് അടിസ്ഥാന സൗ കര്യവികസനത്തിലെ അപര്യാപ്തതയായിരുന്നു. 1980 കളുടെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന സൈനിക നീക്കത്തിനാവശ്യമായ എല്ലാ സജീകരണങ്ങള്‍ക്കും തുടക്കം കുറിച്ചു.യുദ്ധം ഉണ്ടായാല്‍ അതിവേഗം സൈനികരെ എത്തിക്കാനുള്ള റോഡ്,പാലം ,തുടങ്ങി റെയില്‍വേ സംവിധാനം വരെ ചൈനക്കുണ്ട്. പക്ഷേ നിര്‍ഭാഗ്യവശാല്‍ മുന്‍ സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര താല്പര്യം കാണിച്ചില്ല.2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് മെല്ലപോക്കിന് മാറ്റം വന്നത്.
ചൈനീസ് അതിര്‍ത്തിയില്‍ ആവശ്യമായ റോഡ്,റെയില്‍,പാലങ്ങള്‍,വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എയര്‍സ്ട്രിപ്പുകള്‍, ടണലുകള്‍ തുടങ്ങി സൈന്യത്തിന് വേണ്ട സകല സൗ കര്യങ്ങളുടെയും നിര്‍മ്മാണത്തിന് വേഗം കൂട്ടി.ഇതില്‍ വലിയൊരു പങ്കും പൂര്‍ത്തിയായി കഴിഞ്ഞു. മക്മോഹന്‍ ലൈനിന് സമീപം 2000 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.44000 കോടിയാണ് പദ്ധതി ചെലവ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മാത്രം 2089കീമീ റോഡ് നിര്‍മ്മിച്ചു.13000 അടി ഉയരത്തില്‍ നിര്‍മ്മിക്കുന്ന സെല പാസ് അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാകും. ഇതോടെ ഏത് കാലാവസ്ഥയിലും ഇന്ത്യക്ക് സൈനിക നീക്കം സുഗമമാകും.
ഇന്ത്യ ചൈന അതിര്‍ത്തി
3488 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ളത്. ഇതിനെ പ്രധാനമായും മൂന്ന് മേഖലയായി തിരിക്കാം. പടിഞ്ഞാറന്‍ മേഖല, മധ്യ മേഖല, കിഴക്കന്‍ മേഖല. കേന്ദ്ര ഭരണ പ്രദേശമായ ലഡാക്ക്,ഹിമാചല്‍ പ്രദേശ് ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളും ചൈനയുമായി അതിര്‍ത്തി പങ്കിടുന്നു. 2150 കിലോമീറ്ററാണ് പടിഞ്ഞാറന്‍ മേഖലയുടെ ദൈര്‍ഘ്യം. ചൈന അന്യായമായി കൈവശം വച്ചിരിക്കുന്ന അക്സായി ചിന് സ്ഥിതിചെയുന്നത് ഇവിടെയാണ്. 1962ലെ യുദ്ധത്തിലാണ് ഈ പ്രദേശം ചൈന കൈക്കലാക്കിയത്. മധ്യമേഖലയുടെ ദൈര്‍ഘ്യം 625 കിലോമീറ്റര്‍ ആണ്.
ഹിമാചല്‍ പ്രദേശും ഉത്തരാഖണ്ഡ്മാണ് ഇവിടുത്തെ അതിര്‍ത്തി സംസ്ഥാനങ്ങള്‍. 1140 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കിഴക്കന്‍ മേഖലയിലാണ് അരുണാചല്‍ പ്രദേശും സിക്കിം ഉള്‍പ്പെടുന്നത്.ഇപ്പോള്‍ സംഘര്‍ഷം ഉണ്ടായിരിക്കുന്നതും ഇവിടെയാണ്.അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നിരവധി കരാറുകള്‍ നിലവിലുള്ളപ്പോഴും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ചൈനക്ക് താല്പര്യം ഇല്ല. അതിര്‍ത്തി തര്‍ക്കം ഇങ്ങനെ നിലനിര്‍ത്തി പോകാനാണ് അവര്‍ക്കിഷ്ടം. ഈ സാഹചര്യത്തില്‍ ചൈനീസ് വ്യാളിയുടെ പ്രകോപനത്തിന് തിരിച്ചടി നല്കാന് ഇന്ത്യ സാദാ സജ്ജമായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: