കാസര്‍കോട്: തൃക്കരിപ്പൂര്‍ സ്വദേശികളായ ദമ്പതികളും മക്കളും ഉള്‍പ്പെടെ ആറു പേരും മറ്റ് രണ്ടു യുവാക്കളും ഉള്‍പ്പെടെ എട്ട് പേരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കാണാതായ സംഭവം എന്‍ഐഎ അന്വേഷിക്കും. ഇവര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യമാണ് അന്വേഷിക്കുക.
കഴിഞ്ഞ രണ്ടുമാസം മുന്‍പ് ഇവരുടെ തിരോധാനം സംബന്ധിച്ച കേന്ദ്രസംഘം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ദുരൂഹസാഹചര്യത്തില്‍ യെമനില്‍ കഴിയുന്നതായ വിവരം ലഭിച്ചത്. ചില സൂചനകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിലെ പ്രത്യേക അന്വേഷണസംഘം തൃക്കരിപ്പൂരിലെത്തി നിരീക്ഷിച്ചിരുന്നു.
ഇവര്‍ യമനിലേക്ക് കടന്നുവെന്ന കാര്യം സ്ഥിരീകരിച്ചതോടെയാണ് ഈ കേസ് എന്‍ഐഎയ്ക്ക് വിടാന്‍ തീരുമാനിച്ചത്. കാരണം മുന്‍വര്‍ഷങ്ങളില്‍ ഇതുപോലെ യെമനിലേക്ക് പോയ യുവതികളും യുവാക്കളും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുകയായിരുന്നു. അതില്‍ ഏഴ് പേര് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാധ്യത ഉള്ളതിനാലാണ് ഇക്കാര്യം എന്‍ ഐഎ അന്വേഷിക്കുന്നത്. ഉദിനൂര്‍ സ്വദേശി മുഹമ്മദ് ഷബീര്‍, ഭാര്യ റിസ്വാന, ഇവരുടെ നാല് മക്കള്‍ എന്നിവരെയാണ് ദുബായില്‍ നിന്ന് കാണാതായത്. 12 വര്‍ഷമായി യുഎഇയില്‍ കഴിയുകയായിരുന്ന ഈ കുടുംബത്തെക്കുറിച്ച് കഴിഞ്ഞ നാല് മാസമായി ഒരു വിവരമില്ല. ഇന്നലെ ബന്ധുക്കൾ കാസര്‍ഗോഡ് ചന്തേര പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഈ കുടുംബം യമനിലുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് വാട്സ്ആപ്പ് വഴി ചിലരെ കുടുംബം ബന്ധപ്പെട്ടിരുന്നതായി പറയുന്നു. മതപഠനത്തിന് പോയെന്നാണ് വിശദീകരണം. ഇവര്‍ക്ക് ഏതെങ്കിലും തീവ്രവാദികളുമായോ തീവ്രവാദസംഘടനകളുമായോ ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യക്കാര്‍ക്ക് യമനിലേക്ക് പോകാന്‍ നിരോധനം നിലനില്‍ക്കേയാണ് ഇവര്‍ യുഎഇയില്‍ നിന്നും കടന്നത്. ഇവര്‍ എങ്ങനെ അവിടെയെത്തി എന്നതാണ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുക.
കാസര്‍കോട് പടന്ന സ്വദേശികളായ രണ്ട് യുവാക്കളെയും കാണാതായിട്ടുണ്ട്. ഒരാള്‍ സൗദി വഴിയും മറ്റേയാള്‍ ഒമാനില്‍ നിന്നും യമനില്‍ എത്തിയെന്നുമാണ് വിവരം. അവിടെ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായും പറയപ്പെടുന്നു. ഇവരും മതപഠനത്തിന് പോയതാണെന്ന് പറയുന്നു. ഇവര്‍ക്കും തീവ്രവാദികളുമായോ തീവ്രവാദസംഘടനകളുമായോ ബന്ധമില്ല.
രണ്ട് കേസുകളിലും വിശദമായ അന്വേഷണം നടത്തും. ഇവര്‍ക്ക് തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നതിന് വേണ്ടിയാണ് കേസ് എന്‍ഐഎയ്ക്ക് കൈമാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: