കൊച്ചി: ഹര്‍ത്താലിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സംസ്ഥാനത്തെ പൊതുമുതല്‍ നശിപ്പിച്ചതില്‍ നടപടികള്‍ വൈകിക്കുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പൊതുമുതല്‍ നശിച്ചതുമായി ബന്ധപ്പെട്ടുള്ള റവന്യൂ റിക്കവറി വൈകുന്നതിലാണ് വിമര്‍ശനം ഉന്നയിച്ചത്.
സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ആറ് മാസം സമയം വേണമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനോടായിരുന്നു. ഹൈക്കോടതിയുടെ ഈ പ്രതികരണം. ഇതൊരു സാധാരണ കേസല്ല. സ്വത്ത് കണ്ടുകെട്ടല്‍ ഉള്‍പ്പെടെ എല്ലാ നടപടികളും ജനുവരിക്കകം പൂര്‍ത്തിയാക്കണം.
പൊതുമുതല്‍ നശിപ്പിച്ചത് നിസ്സാരമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വെള്ളിയാഴ്ച വീണ്ടും ഹര്‍ജി പരിഗണിക്കും. അന്ന് ആഭ്യന്തര സെക്രട്ടറിയോട് കോടതിയില്‍ ഹാജരാകണമെന്നും ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാരുടെ ഡിവിഷന് ബഞ്ച് നിര്‍ദ്ദേശം നല്കി.
പോപ്പുലര്‍ ഫ്രണ്ട് നോതാക്കളുടെ വീട്ടിലും ഓഫീസുകളിലും എന്‍ഐഎ തെരച്ചില്‍ നടത്തിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ സെപ്തംബര്‍ 23നാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിയത്. ഇതില്‍ നിരവധി അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നൂറ് കണക്കിന് ബസുകള്‍ ഉള്‍പ്പെടെ അക്രമികള്‍ തകര്‍ത്തിരുന്നു. ഇതിനെതിരെ ഹൈക്കോടതി നേരത്തേയും പ്രതികരിക്കുകയും സ്വത്ത് വകകള്‍ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: