ദോഹ: ലോകകപ്പ് ട്രോഫി അനാവരണം ചെയ്ത് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. സ്പെയ്ന്‍ മുന്‍ നായകന് ഇകര്‍ കസിയസും ദീപികയുമാണ് ഫൈനലിന് മുന്നോടിയായി ജേതാക്കള്‍ക്ക് സമ്മാനിക്കുന്ന ട്രോഫി അവതരിപ്പിച്ചത്.
ആദ്യമായാണ് ഇന്ത്യയില്‍ നിന്നൊരാള്‍ ഈ ചടങ്ങ് നിര്‍വഹിക്കുന്നത്. ആദ്യമായാണ് ഒരു സിനിമ താരത്തെ ഈ ചടങ്ങിന് നിയോഗിക്കുന്നത്. മുന്‍ കാലങ്ങളില്‍ കഴിഞ്ഞ ലോകകപ്പില്‍ കിരീടം നേടിയ ടീമിന്റെ നായകനും, ആതിഥേയ രാജ്യത്തെ പ്രമുഖ മോഡലുകളും ചേര്‍ന്നാണ് സ്റ്റേഡിയത്തിലേക്ക് ട്രോഫി എത്തിച്ചിരുന്നത്.
ഖത്തറിന്റെ കലാ, സാംസ്കാരിക പാരമ്പര്യം വിളിച്ചോതിയുള്ള കലാവിരുന്നിന് അവസാനമായിരുന്നു ട്രോഫി അവതരിപ്പിച്ചത്. ആദ്യം ഖത്തറിന്റെ സംസ്കാരത്തെക്കുറിച്ചുള്ള അവതരണം. പിന്നാലെ വിവിധ രാജ്യങ്ങളുടെ പതാകകള്‍ പന്തിന്റെ രൂപത്തില്‍ സ്റ്റേഡിയത്തിലെത്തി.
മറ്റെല്ലാ പന്തുകളും അപ്രത്യക്ഷമാകുന്ന നേരം അര്‍ജന്റീനയുടെയും ഫ്രാന്‍സിന്റെയും പതാക രൂപത്തിലുള്ള ഫുട്ബോള്‍ മുകളിലേക്കുയര്‍ന്നു. ഇതിനു ശേഷം ലോകകപ്പ് സംഗീതത്തിന്റെ മാസ്മരികതയുമായി അവതരണ ഗാനം പാടിയ നോറ ഫത്തേഹിയടക്കമുള്ളവരും ഹയ്യ ഹയ്യ ഗാനവുമായി ഡേവി ഡോയും ഐഷയുമെത്തി. ഒസുന, ബാല്‍ക്കിസ് തുടങ്ങിയ ഗായകരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കലാവിരുന്നിനു ശേഷമാണ് മത്സരം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: