കൊച്ചി: സംസ്ഥാനത്ത് ഹര്‍ത്താലും മിന്നല്‍ പണിമുടക്കുകളും അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുസമവായത്തിലെത്തണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ കേരള ഘടകം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം വലിയ വികസനക്കുതിപ്പിന് ഒരുങ്ങുമ്പോള്‍ അതിനെ പിന്നോട്ടുവലിക്കുന്ന പണിമുടക്കുകള്‍ അവസാനിപ്പിക്കണം. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇതിനായി ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും വിവിധ ചേംബറുകള്‍ ഇതിനായി സ്വാധീനം ചെലുത്തണമെന്നും മുരളീധരന് പറഞ്ഞു. ലോകടൂറിസം ദിനത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരുടെ നാടാണ് കേരളമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. വിഴിഞ്ഞം തുറമുഖവും കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിയും അടക്കമുള്ള പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറും.
കേരളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന് കേന്ദ്രം വലിയ മുന്‍ഗണനയാണ് നല്‍കുന്നത്. ദേശീയപാത ഭൂമിയേറ്റെടുക്കലിന് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഇരട്ടി വില നല്‍കേണ്ട സാഹചര്യം കേരളത്തിനുണ്ട്. പരിസ്ഥിതി പ്രശ്നങ്ങളും വികസന പദ്ധതികള്‍ വരുമ്പോള്‍ പരിഗണിക്കേണ്ട വിഷയമാണ്. എന്നിട്ടും വലിയ മാറ്റത്തിലേക്ക് സംസ്ഥാനം ചുവടുവയ്ക്കുമ്പോള്‍ അതിന് തുരങ്കം വയ്ക്കുന്ന സമീപനം ഉണ്ടാകരുത്. വിദ്യാസമ്പന്നരായ സംസ്ഥാനത്തെ ചെറുപ്പക്കാര്‍ക്ക് ഇവിടെത്തന്നെ സംരംഭങ്ങള്‍ ആരംഭിക്കാനാകുന്ന സാഹചര്യം ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ ഉത്പന്നങ്ങളുടെ ലോകവിപണി കണ്ടെത്താനാകണമെന്നും വി. മുരളീധരന് പറഞ്ഞു. വിവധ മേഖലകളില്‍ ഗള്‍ഫ് രാജ്യങ്ങളുമായി വലിയ സഹകരണം നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ ഇന്നുണ്ട്. 2014ല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 28,000 കോടി രൂപയുടെ നിക്ഷേപം ആയിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് അഞ്ച് ഇരട്ടിയായി. പ്രവാസി സമൂഹത്തിന്റെ ആരോഗ്യകരമായ ഇടപെടലുകള്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പ്രതിച്ഛായ കൂട്ടുന്നതായും മുരളീധരന് അഭിപ്രായപ്പെട്ടു.
ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സെന്‍ട്രല്‍ ഓഫീസ് ഉദ്ഘാടനം ഗള്‍ഫാര്‍ എന്‍ജിനീയറിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനി സ്ഥാപകന്‍ ഡോ.പി. മുഹമ്മദലി ഗള്‍ഫാര്‍ നിര്‍വഹിച്ചു. ഐഎന്‍എംഇസിസി ചെയര്മാന് ഡോ.എന്‍.എം ഷറഫുദ്ദിന് അധ്യക്ഷനായി. വൈസ് ചെയര്മാന്മാരായ ഡോ. ജെയിംസ് മാത്യു, അഹമ്മദ്ദ് കബീര്‍, സെക്രട്ടറി ജനറല്‍ ഡോ. സുരേഷ്കുമാര്‍ മധുസുദനന്‍, ഡയറക്ടര്‍മാരായ ഡേവിസ് കല്ലൂക്കാരന്, മുഹമ്മദ്ദ് റാഫി, രാജേഷ് സാഗര്‍, എക്സിക്യുട്ടിവ് ഡയറക്ടര്‍ ടി.സി. വര്‍ഗീസ്, കെ. ഹരികുമാര്‍, ദീപക് അസ്വാനി, ശ്രീജിത് കുനീല് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: