പട്ന: ബീഹാറില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവര്‍ ദയ അര്‍ഹിക്കുന്നില്ലെന്ന വിചിത്ര പ്രസ്താവനയുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ചപ്രയിലെ വ്യാജമദ്യ ദുരന്തത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും നിതീഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു. ചാപ്രയിലെ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. ഇത്രയും വലിയ ദുരന്തമുണ്ടായശേഷമാണ് മുഖ്യമന്ത്രിയുടെ നിരുത്തരവാദപരമായ ഈ പ്രതികരണം.
“ചാപ്രയില്‍ മദ്യദുരന്തത്തില്‍ മരിച്ചവരുടെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കില്ല. സര്‍ക്കാര്‍ ഇതേക്കുറിച്ച് കൂടുതല്‍ പരസ്യം കൊടുക്കാന്‍ പോവുകയാണ്. ‘മദ്യം കഴിച്ചാല്‍ നിങ്ങള്‍ മരിക്കും’ (പിയോ മാരേഗാ) എന്ന പരസ്യം കൂടുതലായി നല്‍കുകയാണ്.” – നിതീഷ് കുമാര്‍ പ്രസ്താവിച്ചു. നിതീഷ്കുമാറിന്റെ ഈ പ്രസ്താവനയെ മദ്യദുരന്തത്തിന് ഇരയായവരുടെ കുടുംബവും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ്. ബിജെപി രാജ്യസഭയില്‍ ചാപ്ര മദ്യദുരന്തക്കേസ് ചര്‍ച്ചാവിഷയമാക്കിയിരുന്നു.
“മദ്യം കഴിച്ച് മരിക്കുന്നവര്‍ക്ക് ഈ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കില്ല. അതേക്കുറിച്ച് ചോദ്യമേ ഉദിക്കുന്നില്ല. വ്യാജമദ്യം കഴിച്ച് മരിച്ചവര്‍ ദയ അര്‍ഹിക്കുന്നില്ല.” – നിതീഷ് കുമാര്‍ പ്രസ്താവിച്ചു.
മദ്യ ദുരത്തില്‍ ഇരയായവരുടെ മുറിവില്‍ ഉപ്പും ആസിഡും തേയ്ക്കുന്നതിന് തുല്ല്യമാണ് നിതീഷ് കുമാറിന്റെ ഈ പ്രസ്താവനയെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു. മദ്യ ദുരന്തത്തിന് ഇരയായവരെ കുറ്റപ്പെടുത്തുന്നതിന് പകരം ഉദ്യോഗസ്ഥരെയും മന്ത്രിമാരെയുമാണ് കുറ്റപ്പെടുത്തേണ്ടതെന്നും ഷെഹ്സാദ് പൂനവാല പറഞ്ഞു. ഇത് നിതീഷ് കുമാര്‍ സര്‍ക്കാരല്ല. വ്യാജമദ്യത്തിന്റെയും കാടന്ഭരണത്തിന്റെയും സര്‍ക്കാരാണ്. – ഷെഹ്സാദ് പൂനവാല പറഞ്ഞു. “മദ്യമാഫിയയും ക്രിമിനല്‍ സംഘങ്ങളും ബീഹാറില്‍ സ്വൈരവിഹാരം നടത്തുകയാണ്. നിതീഷ് കുമാര്‍ നിസ്സഹായനാണ്. അദ്ദേഹത്തിന് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് ദുരന്തത്തിന് ഇരയായ പാവങ്ങളെ കുറ്റവാളികളാക്കുകയാണ്. നിതീഷ്കുമാര്‍ രാജിവെയ്ക്കണം.”- ഷെഹ്സാദ് പൂനവാല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: