സനില്‍ പി. തോമസ്
”സ്പോര്‍ട്സില്‍ ആക്രമണശൈലി കൈവരുന്നത് ഐക്യവും സഹകരണവും നല്കുന്ന ഉത്തേജനത്തില്നിന്നാണ്.” 1983 മാര്‍ച്ചില്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ എണ്‍പത്തിയാറാം സെഷന് ന്യൂദല്‍ഹിയില്‍ നടന്നപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. പക്ഷേ, 1984-ല്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് സാരഥിയായ വി.സി. ശുക്ല തന്റെ നേതാവിന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ടില്ല. ഐഒഎ യില്‍ രാഷ്ട്രീയക്കാരുടെ കടന്നുവരവിന്റെ തുടക്കമായിരുന്നു ശുക്ലയുടെ വരവ്. മൂന്നുവര്‍ഷത്തിനുശേഷം ഡോ. ബി. ശിവന്തി ആദിത്യന് സാരഥിയായെങ്കിലും സുരേഷ് കല്‍മാഡിയുടെ വരവോടെ വീണ്ടും രാഷ്ട്രീയക്കാരുടെ സര്‍വ്വാധിപത്യമായി. വി. കെ. മല്‍ഹോത്രയും അഭയ്സിങ് ചൗട്ടാലയുമൊക്കെ പിന്നീട് ആ കസേരയില്‍ ഇരുന്നു.
ഒളിംപ്യന്‍ പി.ടി. ഉഷയാണല്ലോ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ പുതിയ സാരഥി. എതിരില്ലാതെയാണ് ഉഷ തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി നാമനിര്‍ദ്ദേശം ചെയ്ത രാജ്യസഭാംഗമാണ് പി.ടി. ഉഷ. അതുകൊണ്ടാണ് അവസരം കൈവന്നതെന്നും പറയാം. പക്ഷേ, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്ലിറ്റുകളില് ഒരാളെന്ന ലേബല്‍ ഉഷയ്ക്കുണ്ട്. പ്രധാനമന്ത്രിയുടെ ഉറച്ച പിന്തുണ ഉഷയ്ക്കു ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു കായികതാരത്തിന് അവസരം നല്‍കിയെന്ന് ബിജെപിക്ക് പറയാം. ആര്‍ക്കും ഈ ചുവടുവയ്പിനെ ചോദ്യം ചെയ്യാനാവില്ല. ഉഷയുടെ സാരഥ്യത്തിലൂടെ പ്രധാനമന്ത്രി വലിയ സ്വപ്നങ്ങള്‍ കാണുന്നു.
ജവഹര്‍ലാല്‍ നെഹ്രുവിനുശേഷം ഇന്ത്യയിലെ പ്രമുഖ കായികതാരങ്ങളെയെല്ലാം പേരെടുത്തു വിളിക്കാനും വീട്ടുവിശേഷം ചോദിക്കാനും കഴിയുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. നെഹ്രുവിന്റെ കാലത്ത് ധ്യാന്‍ ചന്ദും മില്‍ഖാ സിങും മിഹിര്‍ സെന്നുമൊക്കെ മാത്രമായിരുന്നു ഇതിഹാസ താരങ്ങള്‍. ഇന്ന് ഇതിഹാസങ്ങള്‍ ഏറെയാണ്. അവരെ തിരിച്ചറിഞ്ഞ് ക്ഷേമാന്വേഷണം നടത്താന്‍ മോദിക്ക് സാധിക്കുന്നുണ്ട്. എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കാന്‍ മറക്കരുതെന്ന് പറഞ്ഞ് സാനിയ മിര്‍സയ്ക്ക് ഫോണ്‍ നമ്പര്‍ നല്കിയ ചരിത്രവും മോദിക്കുണ്ട്.
ലക്ഷ്യം ഒളിംപിക്സ്
ഐഒഎയില്‍ കായിക താരങ്ങളുടെ നിരയെത്തന്നെ അണിനിരത്തി മുന്നോട്ടുപോകുമ്പോള്‍ ഇന്ത്യയില്‍ ഒളിംപിക്സിന് വേദിയൊരുക്കുക എന്ന ലക്ഷ്യം ഈ സര്‍ക്കാരിനു മുന്നിലുണ്ട്. ഒളിംപിക്സ് വേദിയായി അവതരിപ്പിക്കപ്പെടുക അഹമ്മദാബാദ് ആയിരിക്കും. അധികം താമസിയാതെ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ(ഐഒസി) ഒരു സെഷന് മുംബൈയില്‍ നടക്കും. നിത അംബാനി ഐഒസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരിക്കെ ആ സെഷന് ശ്രദ്ധേയമാകും. ഒളിംപിക്സിനു വേദിയൊരുക്കാനുള്ള ഇന്ത്യയുടെ ദീര്‍ഘകാല ആഗ്രഹം അവിടെ അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.
ഒളിംപിക്സ് ഇന്ത്യയില്‍ നടക്കുക എന്നത് ഏതൊരു കായിക പ്രേമിക്കും അഭിമാനിക്കാവുന്ന കാര്യമാണ്. അതില്‍ രാഷ്ട്രീയം കാണേണ്ടതില്ല. അതിലപ്പുറം കൂടുതല്‍ കായിക താരങ്ങള്‍ക്ക് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് ഭരണത്തില്‍ പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ട്. സൗരവ് ഗാംഗുലിയെ ബിസിസിഐ അദ്ധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയത് അദ്ദേഹം ബിജെപിക്കാരനല്ലാത്തതിനാലാണെന്ന് ആരോപിക്കുമ്പോഴും ഐഒഎയുടെ ഭരണത്തിലെത്തുന്ന താരങ്ങളെല്ലാം ബിജെപിക്കാരല്ല എന്നോര്‍ക്കണം. പലര്‍ക്കും രാഷ്ട്രീയമേ ഇല്ല. എന്തായാലും ഒളിംപിക്സ് വരട്ടെ. നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.
സംസ്ഥാന ഘടകങ്ങള്‍ക്ക് പൂട്ട്
ഏതു മാഹാരാജാവിനെയും അട്ടിമറിക്കാനോ മത്സരത്തില്‍ നിന്നു പിന്തിരിപ്പിക്കാനോ കെല്പുള്ള വോട്ടുബാങ്കായിരുന്നു സംസ്ഥാന ഒളിംപിക് അസോസിയേഷനുകള്‍. ഭരണഘടന പരിഷ്കരിച്ചതോടെ സംസ്ഥാന ഘടകങ്ങളുടെ വോട്ടവകാശം റദ്ദാക്കപ്പെട്ടു. പല സംസ്ഥാന ഒളിംപിക് അസോസിയേഷനുകളും ഭരിക്കുന്നത് സ്പോര്‍ട്സുമായി യാതൊരു ബന്ധവുമില്ലാത്ത രാഷ്ട്രീയക്കാരാണ്. സംസ്ഥാന ഭാരവാഹികള്‍ ശക്തമായി എതിര്‍ത്തെങ്കിലും കഴിഞ്ഞ മാസം നടന്ന ഐഒഎ സ്പെഷല്‍ ജനറല്‍ മീറ്റിങ് ഭേദഗതി പാസാക്കി.
പുതിയ ഭരണഘടന അനുസരിച്ച് പ്രസിഡന്റ്, ഒരു സീനിയര്‍ വൈസ് പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാര്‍, ട്രഷറര്‍, രണ്ടു ജോയിന്റ് സെക്രട്ടറിമാര്‍, ആറ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നീസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. നിലവില്‍ വൈസ്പ്രസിഡന്റുമാരില് ഒരാള്‍ ഒളിമ്പിക് മെഡല്‍ ജേതാവായ ഷൂട്ടിംഗ് താരം ഗഗന് നരംഗ് ആണ്. അത്ലിറ്റ്സ് കമ്മിഷന് രണ്ടു പ്രതിനിധികളെ തെരഞ്ഞെടുക്കും. സെക്രട്ടറി ജനറല്‍ എന്ന തിളക്കമാര്‍ന്ന സ്ഥാനം ഇനിയില്ല. പകരം പ്രഫഷണല്‍ സിഇഒ വരും. മാനേജുമെന്റ് പരിജ്ഞാനമുള്ള സിഇഒയെ പ്രസിഡന്റും ഐഒസി അംഗവും അത്ലിറ്റ്സ് കമ്മിഷന് ചെയര്‍പേഴ്സണും ചേര്‍ന്ന് നാമനിര്‍ദ്ദേശം ചെയ്യും. സിഇഒയ്ക്ക് ഭരണകാര്യങ്ങളില്‍ വോട്ടവകാശമില്ല. ഇപ്പോഴത്തെ സ്ഥിതിയില്‍ നിത അംബാനിയും പി.ടി. ഉഷയും മേരി കോമും ചേര്‍ന്നാകും സിഇഒയെ നിശ്ചയിക്കുക.
എല്ലാ സ്ഥാനങ്ങള്‍ക്കും 70 വയസ്സാണ് പ്രായപരിധി. നാലുവര്‍ഷം വീതമുള്ള മൂന്നു ടേം ഭരണത്തില്‍ ഇരിക്കാം. പക്ഷേ, രണ്ടു ടേം കഴിഞ്ഞാല്‍ നാലുവര്‍ഷം പുറത്തിരിക്കണം. നേരത്തെ അഞ്ചു ടേം ആണ് അനുവദിച്ചിരുന്നത്. ഒളിംപിക്സ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ മത്സര ഇനമായ സ്പോര്‍ട്സ് ഇനത്തിന്റെ സംഘടനാ ഭാരവാഹികള്‍ മാത്രമാകും ഇനി ഐഒഎയില്‍ വോട്ടവകാശമുള്ള അംഗങ്ങള്‍. ഒരു സംഘടനയ്ക്ക് രണ്ടു വോട്ടുണ്ട്. അതില്‍ ഒരാള്‍ പുരുഷനും മറ്റൊരാള്‍ വനിതയും ആകണം എന്ന നിബന്ധന കൂടുതല്‍ വനിതകളെ കായിക സംഘടനാ രംഗത്ത് എത്തിക്കും. വിപ്ലവകരമായ മാറ്റമെന്നുതന്നെ പറയാം. ഐഒസി അംഗത്തിനും വോട്ടവകാശം ഉണ്ട്.
ശ്രദ്ധേയ നേട്ടം കൈവരിച്ച നാല് വീതം പുരുഷ, വനിതാ കായിക താരങ്ങളെ വോട്ടവകാശമുള്ള അംഗങ്ങളായി അത്ലിറ്റ്സ് കമ്മിഷന് നാമനിര്‍ദ്ദേശം ചെയ്യും. ഈ എട്ടുപേരില്‍ ഒരാളാണ് പി.ടി. ഉഷ. ബോക്സിങ് താരം മേരി കോമാണ് അത്ലിറ്റ്സ് കമ്മിഷന് ചെയര്പേഴ്സന്. രണ്ട് ഒളിംപ്യന്മാര്ക്കും വോട്ടവകാശം അനുവദിച്ചു- ഗഗന് നരങ്ങിനും പി.വി.സിന്ധുവിനും. ശ്രദ്ധേയനേട്ടം കൈവരിച്ചവരായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഉഷയ്ക്കു പുറമെ എം.എം. സോമയ്യ (ഹോക്കി), യോഗേശ്വര്‍ ദത്ത് (ഗുസ്തി), സുമ ഷിരൂര്‍ (ഷൂട്ടിങ്), രോഹിത് രാജ്പാല് (ടെന്നിസ്), അപര്‍ണ പോപ്പട്ട് (ബാഡ്മിന്റന്‍), അഖില്‍ കുമാര്‍ (ബോക്സിങ്), ഡോളാ ബാനര്‍ജി (ആര്‍ച്ചറി) എന്നിവരുണ്ട്. സ്പോര്‍ട്സില്‍ നിന്നു വിരമിച്ചവരും ഒളിംപിക്സ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ ഏതിലെങ്കിലും മെഡല്‍ നേടിയവരും എന്നതാണ് യോഗ്യതയായി നിശ്ചയിച്ചത്. എന്നിട്ടും അന്‍പതില്‍ അധികം അപേക്ഷകര്‍ ഉണ്ടായിരുന്നു. മികച്ച കായിക താരങ്ങള്‍ ഒളിംപിക് അസോസിയേഷനിലേക്ക് ശ്രദ്ധയൂന്നുന്നു എന്നത് നല്ല ലക്ഷണമായി വേണം കണക്കാക്കുവാന്‍.
2006 ല്‍, തൊട്ടുതലേ ടേമില്‍ (നാലുവര്‍ഷം) എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉണ്ടായിരുന്നവര്‍ക്കേ പ്രസിഡന്റിന്റെയും ജനറല്‍ സെക്രട്ടറിയുടെയും സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ കഴിയൂ എന്ന ഭേദഗതി കൊണ്ടുവന്നിരുന്നു. അധികാരം ചിലര്‍ കുത്തകയാക്കാന്‍ ഇതു സഹായിച്ചു. ഇതില്‍ നിന്നുള്ളമാറ്റവും ശുഭസൂചനയായി കണക്കാകാം.
വെല്ലുവിളികള്‍
രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അടക്കം വമ്പന്മാര് ഇരുന്ന കസേരയിലേക്കാണ് പി.ടി. ഉഷയെത്തുന്നത്. തലമുറയെ മുഴുവന്‍ പ്രചോദിപ്പിച്ച നേട്ടങ്ങളുടെ ഉടമയ്ക്കെതിരെ മത്സരിക്കാന്‍ ആരും തുനിഞ്ഞില്ല എന്നതുതന്നെ ഉഷയ്ക്കു ലഭിച്ച വന്‍ സ്വീകാര്യതയാണ്.
മാനേജ്മെന്റ് വൈദഗ്ദ്ധ്യമുള്ള സിഇഒയും ഭരണ സമിതിയില്‍ മറ്റു കായികതാരങ്ങളും എത്തുന്നത് ഉഷയ്ക്ക് അനുഗ്രഹമാണ്. ഒരു പാനലില്‍ മത്സരിച്ചു ജയിച്ചശേഷം പ്രസിഡന്റും സെക്രട്ടറി ജനറലും രണ്ട് അധികാര കേന്ദ്രങ്ങളായി മാറുന്നത് ഐഒഎയിലെ സ്ഥിരം കാഴ്ചയായിരുന്നു. ഉഷയ്ക്ക് അങ്ങനെയൊരു സാഹചര്യം നേരിടേണ്ടിവരില്ല. പക്ഷേ, വോട്ടവകാശമുള്ളവരും അല്ലാത്തവരുമായ ദേശീയ സംഘടനാപ്രതിനിധികള്‍ പലരും താപ്പാനകളാണ്. പലരും പണവും സ്വാധീനവും കൊണ്ട് തലപ്പത്ത് എത്തിയവര്‍. ഇവരെ മേയ്ക്കുക എളുപ്പമാകില്ല. ഉഷ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതാകും.
ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന്റെ നടത്തിപ്പു ചുമതല മറ്റാര്‍ക്കെങ്കിലും കൈമാറേണ്ടിയും വരും. രാജ്യസഭാംഗമാമെന്ന നിലയിലുള്ള ചുമതലകള്‍ ഭാരമാകില്ല. പലപ്പോഴും ആ സ്ഥാനം അനുഗ്രമായെന്നുമിരിക്കും. അഹമ്മദാബാദില്‍ ഒളിംപിക്സ് ലക്ഷ്യമിടുമ്പോള്‍ ഉത്തരവാദിത്തം കൂടും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശീര്‍വാദത്തോടെയാണ് ഉഷ മത്സരിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. എങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തിന്റെ പിന്തുണ ലഭിക്കും. കായിക കേരളത്തിന്റെ വളര്‍ച്ചയ്ക്കും ഉഷയ്ക്ക് സഹായങ്ങള്‍ ചെയ്യാന്‍ കഴിയും, കഴിയണം. എന്തായാലും ജീവിതം സ്പോര്‍ട്സിനായി ഉഴിഞ്ഞുവച്ചൊരു വ്യക്തി ഐഒഎ സാരഥ്യമേല്ക്കുന്നതില് ഇന്ത്യന്‍ കായിക വേദിക്ക് അഭിമാനിക്കാം. കേരളത്തിനു പ്രത്യേകിച്ചും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: