ദോഹ: ഖത്തറിലെ ദോഹയില്‍ ഡിസംബര്‍ 18 ന് നടക്കുന്ന ലോകകപ്പ് 2022 ഫൈനലിന് ശേഷം വിരമിക്കുകയാണെന്ന വിവരം സ്ഥിരീകരിച്ച് അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസി. ‘എന്റെ അവസാന മത്സരം ഫൈനലില്‍ കളിച്ച് ലോകകപ്പ് യാത്ര പൂര്‍ത്തിയാക്കാന്‍ ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്- അര്‍ജന്റീനിയന്‍ മാധ്യമമായ ഡയറിയോ ഡിപോര്‍ട്ടീവോ ഒലെയോട് മെസി പറഞ്ഞു. അടുത്ത ലോകകപ്പിന് ഇനി ഒരുപാട് വര്‍ഷങ്ങളുണ്ട്, എനിക്ക് അത് ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. ഏറ്റവും മികച്ച രീതിയില്‍ രാജ്യത്തിനായി കളി പൂര്‍ത്തിയാക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും ഈ ഫൈനലാണ് അതിനു മികച്ചതെന്നും മെസി.
സെമിയില്‍ ക്രൊയേഷ്യക്കെതിരേ ഒരു ഗോള്‍ കൂടി നേടിയതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും ലയണല്‍ മെസിക്ക് സ്വന്തമാക്കി. ക്രൊയേഷ്യയ്ക്കെതിരെ 34ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചുകൊണ്ടാണ് ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് മെസി മറികടന്നത്. ഇതോടെ മെസിയുടെ ലോകകപ്പ് ഗോള്‍ സമ്പാദ്യം പതിനൊന്നായി. ഓപ്പണ്‍ പ്ലേയില്‍ നിന്ന് ഏഴും, പെനാല്‍റ്റിയില്‍ നിന്നും മൂന്നും, ഫ്രീകിക്കില്‍ നിന്ന് ഒരു വട്ടവും മെസി ലോകകപ്പില്‍ ഗോള്‍ നേടിയത്.
ഈ ലോകകപ്പിലെ മെസിയുടെ അഞ്ചാമത്തെ ഗോളാണ് ഇന്നത്തെ മത്സരത്തില്‍ പിറന്നത്. ഇതോടെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ കിലിയന്‍ എംബാപ്പെയ്ക്കൊപ്പമെത്താനും മെസിക്കായി. ഖത്തര്‍ ലോകകപ്പിലെ ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളും മെസി നേടി.
2006 ലോകകപ്പില്‍ സെര്‍ബിയ ആന്‍ഡ് മോണ്ടെനെഗ്രോയ്ക്കെതിരെ ആയിരുന്നു മെസിയുടെ ലോകകപ്പ് അരങ്ങേറ്റവും ആദ്യ ഗോളും. പതിനെട്ട് വയസും 357 ദിവസവും മാത്രം പ്രായമുണ്ടായിരുന്ന മെസി അതോടെ അര്‍ജന്റീനയ്ക്കായി ലോകകപ്പില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരവുമായി. അഞ്ച് ലോകകപ്പുകളില്‍ നിന്ന് ഇരുപത്തിയഞ്ച് മത്സരങ്ങളില്‍ നിന്നാണ് അര്‍ജന്റീന നായകന് പതിനൊന്ന് ഗോളുകള്‍ നേടിയത്. രണ്ടാമതുള്ള ബാറ്റിസ്റ്റ്യൂട്ട 12 കളികളില്‍ നിന്ന് 10 ഗോളുകള്‍ നേടിയപ്പോള്‍, നാല് മത്സരങ്ങളില്‍ നിന്ന് എട്ട് ഗോള്‍ നേടിയ ഗില്ലെര്‍മോ സ്റ്റെബൈലും 21 മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകള്‍ നേടിയ മറഡോണയുമാണ് മൂന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: