അഹമ്മദാബാദ്: ബിജെപി ചരിത്രവിജയം നേടിയ ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉച്ചകഴിഞ്ഞ് രണ്ടിന് സെക്രട്ടേറിയറ്റിന് സമീപമുള്ള ഹെലിപാഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവ വ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. 16 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
കനുഭായ് ദേശായി, റുഷികേശ് പട്ടേല്‍, രാഘവ്ജി പട്ടേല്‍, ബല്‍വന്ത്സിംഗ് രാജ്പുത് എന്നിവർ ഭൂപേന്ദ്ര പട്ടേലിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആദ്ധ്യാത്മിക സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാനെത്തിയിരുന്നു.
ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കപ്പെട്ട സംസ്ഥാനത്തെ 200 സന്യാസിമാരും പങ്കെടുത്തു. ചടങ്ങിനായി ഒരുക്കിയ കൂറ്റൻ വേദിയിൽ ഇടതുവശത്തെ സ്റ്റേജിലാണ് ഇവർക്ക് ഇരിപ്പടം ഒരുക്കിയിരുന്നത്. 182 അംഗ നിയമസഭയില്‍ 156 സീറ്റുകള്‍ നേടി റിക്കാര്‍ഡ് വിജയത്തോടെയാണ് ബിജെപി തുടര്‍ച്ചയായ ഏഴാം തവണയും അധികാരത്തിലെത്തുന്നത്.
അഹമ്മദാബാദിലെ ഗട്ടോല്‍ദിയ നിയോജക മണ്ഡലത്തില്‍ നിന്ന് 1.92 ലക്ഷം വോട്ടുകള്‍ക്കാണ് ഭൂപേന്ദ്ര പട്ടേല്‍ വിജയിച്ചത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം നേരത്തെ മുഖ്യമന്ത്രി പദം രാജി വച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: