കെ.വി.മദനന്‍സാര്‍ ജ്വലിക്കുന്ന ഓര്‍മ്മയായി എന്നും ഹൃദയത്തില്‍ തങ്ങിനില്ക്കും. കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, ആദ്ധ്യാത്മിക, ധാര്‍മ്മിക മണ്ഡലങ്ങളില്‍ തന്റെ കഴിവുകള്‍ പൂര്‍ണ്ണമായി വിനിയോഗിച്ച് സ്വയം സമര്‍പ്പിതനായി പ്രവൃത്തിച്ച അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന് തീരാനഷ്ടമാണ്. അവശ ജനവിഭാഗങ്ങളുടെ ഇടയില്‍ ഐക്യവും സന്മനോഭാവവും വളര്‍ത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന തീവ്രമായ അഭിലാഷമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും അദ്ദേഹം ഈ ആഗ്രഹം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചു. വിദ്യാഭ്യാസ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന കാലത്താണ് അദ്ദേഹത്തെ അടുത്തുപരിചയപ്പെടാന്‍ ഇടയായത്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ തിരിക്കുകള്‍ക്കിടയിലും തിരുവനന്തപുരം നഗരത്തിലെ ധാര്‍മ്മിക, സാംസ്കാരിക, ആദ്ധ്യാത്മിക പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുന്നത് പതിവാക്കിയിരുന്നു. ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതിന് തന്റെ ഔദ്യോഗിക സ്ഥാനം അദ്ദേഹത്തിന് ഒരിക്കലും തടസ്സമായിരുന്നില്ല. ഈ സമീപനത്തെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പലരും വിമര്‍ശിച്ചിരുന്നു. വിദ്യാഭ്യാസ ഡയറക്ടര്‍ മതപരമായ, ഹൈന്ദവപരിപാടികളില്‍ പങ്കെടുക്കുന്നത് ശരിയാണോയെന്ന ചോദ്യമുയര്‍ത്തിയവരുടെ മുമ്പില്‍ വിനയത്തോടെ, അതേസമയം അഭിമാനത്തോടെ മറുപടി പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിലെ സൂക്ഷ്മതയും സുതാര്യതയും കൈമുതലായുള്ള അദ്ദേഹത്തെ തടയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ സ്വാമി സത്യാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ നടന്നുവന്ന ഹൈന്ദവ സമ്മേളനത്തില്‍ അദ്ദേഹത്തെ ശ്രോതാവായി കാണാനിടയായി. ഇത്തരം പരിപാടികള്‍ക്ക് ആരുടെയെങ്കിലും ക്ഷണം അദ്ദേഹം കാത്തുനിന്നില്ല. വിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗം വഹിക്കുമ്പോഴാണ് കേവലം ശ്രോതാവായി, സദസ്സിലിരിക്കാന്‍ അദ്ദേഹംതയ്യാറായത്. വേദിയില്‍ അലങ്കരിച്ച സ്ഥാനമില്ലെങ്കിലും ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. തന്റെ സാന്നിദ്ധ്യം അറിയിക്കാനോ ആരെയുംവന്ന് പരിചയപ്പെടാനോ മിനക്കെടാതെ എല്ലാ ദിവസവും കൃത്യസമയത്ത് പുത്തരിക്കണ്ടം മൈതാനിയില്‍ അദ്ദേഹമെത്തി.
പട്ടികജാതി വിഭാഗത്തില്‍ നിന്ന് വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലയില്‍ എത്തിയ ഇദ്ദേഹം ഹൈന്ദവ കാര്യങ്ങളില്‍ സജീവമായി താല്പര്യം പ്രകടിപ്പിക്കുന്നതും പങ്കാളിയാകുന്നതും ഒപ്പം പ്രവൃത്തിച്ചിരുന്ന ചിലര്‍ക്കെങ്കിലും വിസ്മയകരമായിരുന്നു. ചിലര്‍ എതിര്‍ത്തു. മറ്റു ചിലര്‍ അപലപിച്ചു. എന്നാല്‍ അപ്പോഴൊക്കെ ഒരുചിരിയില്‍ മറുപടിയൊതുക്കിക്കൊണ്ട് അദ്ദേഹം വിമര്‍ശകരെ നിരായുധരാക്കി. തന്റെ കൃത്യനിര്‍വ്വഹണത്തില്‍ തെറ്റുകളെന്തെങ്കിലും ചൂണ്ടിക്കാണിക്കാനുണ്ടോയെന്ന മറുചോദ്യത്തിനു മുമ്പില്‍ അവര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല.
ഔദ്യോഗിക കാലയളവ് പൂര്‍ത്തിയാക്കിയതിന് ശേഷം ഹിന്ദു സംഘടനാ പ്രവര്‍ത്തനത്തില്‍ അദ്ദേഹം പ്രത്യക്ഷമായി പ്രവര്‍ത്തനമാരംഭിച്ചു. കേരള പുലയര്‍ മഹാസഭയുടെ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹത്തിന് അടുത്തബന്ധമുണ്ടായിരുന്നു. അതോടൊപ്പം ഹൈന്ദവ സംഘടനകളുമായി അദ്ദേഹം സഹവര്‍ത്തിച്ചു. വൈരുദ്ധ്യവും വൈമുഖ്യവുമില്ലാതെ ഉറച്ച നിലപാടുകളിലൂടെ ഹൈന്ദവ സമൂഹ മനസ്സിലേക്ക് എളുപ്പം കടന്നുചെല്ലന് അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ ആലുവ ജില്ലാ സംഘചാലക് പദവി ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ ഒരു മടിയും കാണിക്കാതെ ധീരമായി ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായി. വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുമ്പോള്‍ ഞാന്‍ സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന ചുമതല ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ അദ്ദേഹം അതിന് തയ്യാറായി. അച്ചടക്കമുള്ള സ്വയം സേവകന് എങ്ങനെയാണോ തന്നില്‍ നിക്ഷിപ്തമായ ചുമതലകള്‍ പ്രശംസനീയമായി നിര്‍വ്വഹിക്കുന്നത് എന്ന കാര്യത്തില്‍ അദ്ദേഹം ഉദാത്തമാതൃകയായിമാറി.
സംഘടനാ ചുമതല ഏറ്റെടുക്കണമെന്ന ആവശ്യവുമായി വീട്ടിലെത്തിയപ്പോള്‍ ”രാജശേഖരന് വന്നത് വിശ്വഹിന്ദുപരിഷത്തിന്റെ ചുമതലയിലേക്ക് ക്ഷണിക്കാനാണ്. എന്തെങ്കിലും അഭിപ്രായം പറയാനുണ്ടോ”എന്ന് ഭക്ഷണം വിളമ്പിത്തരുന്ന ഉദ്യോഗസ്ഥയായ ഭാര്യയോട് അദ്ദേഹം ആരാഞ്ഞു. ധൈര്യമായി സ്ഥാനമേറ്റെടുക്കണം മറ്റൊന്നിനും വേണ്ടിയല്ലല്ലോ ധര്‍മ്മത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാമല്ലോ എന്നായിരുന്നു അവര്‍ നല്കിയ മറുപടി. പൊട്ടിച്ചിരിച്ചുകൊണ്ടായിരുന്നു മദനന് സാര്‍ ഈ മറുപടിയെ വരവേറ്റത്. ഈ ഉത്തരമാണ് ലഭിക്കുകയെന്നറിയാമെങ്കിലും എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് അറിയാനായിരുന്നു ചോദ്യമെന്ന് മദനന് സാര്‍ വെളിപ്പെടുത്തി. വിശ്വഹിന്ദു പരിഷത്തിന്റെ കലൂര്‍ പാവക്കുളത്തെ സംസ്ഥാന കാര്യാലയത്തിലേക്ക് സന്തോഷത്തോടെ അദ്ദേഹം ചുമതലയേല്‍ക്കാനെത്തി. സംസ്ഥാനതല നേതാക്കള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. സംഘടനാ പ്രവര്‍ത്തനങ്ങളെകുറിച്ചും അതിനുണ്ടാവേണ്ട മാറ്റങ്ങളെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. സംസ്ഥാന അദ്ധ്യക്ഷനെന്ന നിലയില്‍ സംസ്ഥാന വ്യാപകമായി അദ്ദേഹം സഞ്ചരിച്ചു.
പൂജചെയ്യാനുള്ള അറിവും കഴിവും അര്‍ഹതയും അധ:സ്ഥിത വിഭാഗത്തിന് ലഭിക്കണമെന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്. അതിനായി മഠ-മന്ദിരപ്രമുഖ്, ധര്‍മ്മപ്രസാര്‍ പ്രമുഖ്, ധാര്മ്മാചാര്യ സമ്പര്‍ക്കപ്രമുഖ് തുടങ്ങിയ ചുമതലകള്‍ ഏര്‍പ്പെടുത്തി. ഇവര്‍ വ്യാപകമായി സമ്പര്‍ക്കം ചെയ്ത് ഇതിനുള്ള അന്തരീക്ഷം ഒരുക്കി. തന്ത്രശാസ്ത്രവിശാരദനായ കാരുമാത്ര വിജയന് തന്ത്രികള്‍ക്കായിരുന്നു ഈ പദ്ധതിയുടെ മേല്‍നോട്ടം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു. പറവൂര്‍ ശ്രീധരന് തന്ത്രി, കാരുമാത്ര വിജയന് തന്ത്രി, ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട് തുടങ്ങിയ തന്ത്രശാസ്ത്ര രംഗത്തെ പ്രമുഖര്‍ ഈ ശിബിരങ്ങളില്‍ മാര്‍ഗ്ഗദര്‍ശികളായി. നിരവധി യുവാക്കള്‍ പൂജാപഠന രംഗത്തേക്ക് വന്നു. അറിവും അര്‍ഹതയും നേടി. കേരളത്തെ സംബന്ധിച്ച വലിയ ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു ഇത്. ഇച്ഛാശക്തി മാത്രം കൈക്കലാക്കി മദനന് സാര്‍ ഒരു നിശബ്ദ വിപ്ലവം നടപ്പാക്കുകയായിരുന്നു. ഡിസംബര്‍ അവധിക്കാലത്ത് കലൂര്‍ പാവക്കുളത്തെ ക്ഷേത്രസങ്കേതത്തില്‍ കാരുമാത്ര വിജയന് തന്ത്രികളുടെ നേതൃത്വത്തിലുള്ള തന്ത്രശാസ്ത്ര ക്ലാസുകളില്‍ നിരവധി പേര് പങ്കാളികളായി. കയ്യടി നേടാനുള്ള പ്രസംഗമായിരുന്നില്ല, മാറ്റം വരാനുള്ള പ്രവര്‍ത്തനമായിരുന്നു മദനന് സാര്‍ മുന്നോട്ട് വെച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്പോഴും മനസ്സില്‍ മുഴങ്ങുന്നുണ്ട് ” ഹൈന്ദവസമൂഹം എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊണ്ട് വലിയ പ്രവാഹമായി ഭാരതമണ്ണിനെ നനച്ച് ഒരു തീര്‍ത്ഥഭൂമിയായി അതിനെ നിലനിര്‍ത്തണം. അത് ഒരു പ്രവാഹമായി മുന്നോട്ട് ഒഴുകണം. പല ചാലുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം നദിയായും പിന്നീട് സമുദ്രമായും മാറും. സമുദ്രമായാല് പിന്നെ ചാലുകളില്ല. സമുദ്രം മാത്രമേയുള്ളൂ. ഹിന്ദു മഹാസമുദ്രം” എല്ലാ ശാസ്ത്രവിധികളും എല്ലാവരും പഠിക്കണം. എല്ലാം എല്ലാവരുടെയുമാണ്. ഒന്നിന്റെയും കുത്തക ആര്‍ക്കുമില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം.
നിസ്വാര്‍ത്ഥവും ഉജ്ജ്വലവുമായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ തിരിച്ചറിഞ്ഞ് അശോക്സിംഗാള്‍ജി അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഭാരതത്തിലുടനീളം നടക്കേണ്ട ധാര്‍മ്മിക മുന്നേറ്റം, കൈവരിക്കേണ്ട സാമൂഹ്യസമരസത എന്നതായിരുന്നു അവര്‍ തമ്മിലുണ്ടായിരുന്ന ചര്‍ച്ച. ഇതിനായി അഖിലഭാരതീയ തലത്തില്‍ രൂപം കൊണ്ട സമിതിയുടെ ചെയര്‍മാനായി മദനന് സാര്‍ നിയോഗിക്കപ്പെട്ടു. സന്തോഷപൂര്‍വ്വം അദ്ദേഹം അത് ഏറ്റെടുത്തു. മതപരിവര്‍ത്തനം ചെയ്ത പട്ടികവിഭാഗങ്ങള്‍ക്ക് സംവരണാനുകൂല്യം നല്‍കുന്നതിനെ അദ്ദേഹം ശക്തമായി എതിര്‍ത്തു. ഈ ആവശ്യത്തിന് വേണ്ടി അദ്ദേഹം ദേശീയ തലത്തില്‍ ബന്ധപ്പെട്ടു. സുപ്രീം കോടതിയില്‍ ഹരജിയില്‍ കക്ഷിചേര്‍ന്നുകൊണ്ട് ഉറച്ച നിലപാട് പ്രഖ്യാപിക്കാന്‍ വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തോട് ആവശ്യപ്പെട്ടു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ യുക്തിസഹമായി ഈ വാദമുഖം അവതരിപ്പിച്ചതിന് പിന്നില്‍ മദനന് സാറിന്റെ പങ്ക് വലുതാണ്. പ്രവര്‍ത്തനത്തിലെ കണിശതയും മികവും സൂക്ഷ്മതയും തിരിച്ചറിഞ്ഞ അശോക് സിംഗാള്‍ അദ്ദേഹത്തെ വിശ്വഹിന്ദുപരിഷത്തിന്റെ ദേശീയ നേതൃസ്ഥാനത്തേക്ക് നിയോഗിച്ചു. അഖിലഭാരതീയ ഉപാദ്ധ്യക്ഷനായി അദ്ദേഹം പ്രവര്‍ത്തനമാരംഭിച്ചു. വിശ്വഹിന്ദുപരിഷത്തിന്റെ ഗവേണിംഗ് കൗണ്‍സില്‍, കേന്ദ്രീയ മാര്‍ഗ്ഗദര്‍ശക മണ്ഡല്, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് തുടങ്ങിയ യോഗങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയതല പ്രവര്‍ത്തനത്തിന് അദ്ദേഹം നേതൃത്വം നല്കി.
വിശ്വഹിന്ദു പരിഷത്തിന്റെ കലൂരിലെ സംസ്ഥാന കാര്യാലയനിര്മ്മാണത്തിന്റെ ചുമതല അദ്ദേഹം സ്വയം ഏറ്റെടുത്തു. ഒരു കാര്യാലയത്തിനപ്പുറം ഒരു സാംസ്കാരിക കേന്ദ്രമായി അത് മാറണം എന്ന നിര്‍ദ്ദേശം സംസ്ഥാന സമിതി ഏകകണ്ഠ്യേനെ അംഗീകരിച്ചു. ഹിന്ദുസമൂഹത്തിന്റെ ആശ്രയ കേന്ദ്രമായി സാംസ്കാരിക കേന്ദ്രം പണിതുയര്‍ത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. സാധനസാമഗ്രികള്‍ ശേഖരിക്കുന്നത് മുതല്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ അദ്ദേഹം അതിനോടൊപ്പമുണ്ടായി. ശുഭാനന്ദ ഗുരുദേവന്, മഹാത്മാ അയ്യന്‍കാളി, തുടങ്ങി അവശ ജനോദ്ധാരകരായവരുടെ ജീവിതാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും അദ്ദേഹം മുന്‍കൈയെടുത്തു. അവരുടെ ജനന- സമാധിസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സമൂഹത്തില്‍ ഈ മഹാത്മാക്കളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹം മുന്‍കൈയെടുത്തു. ചട്ടമ്പി സ്വാമികളുടെയും, ശ്രീനാരായണഗുരുവിന്റെയും മഹാത്മാ അയ്യന്‍കാളിയുടെയും ജന്മദിനങ്ങള് ഏകാത്മതാ വാരമായി നിഷ്കര്ഷപൂര്വ്വം നടപ്പാക്കന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. പണ്ഡിറ്റ് കറുപ്പന്റെ ജീവിതം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു. കറുപ്പന്റെ ജീവിതാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ എറണാകുളം കേന്ദ്രമായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ചെയ്തു.
ഭംഗിവാക്കുകളും ആലങ്കാരിക പ്രയോഗങ്ങളുമില്ലാത്ത പ്രഭാഷണങ്ങളിലൂടെ, പച്ചയായ ജീവിതത്തിലൂടെ, നിഷ്കളങ്കമായ സ്നേഹ സാമീപ്യത്തിലൂടെ ജനഹൃദയങ്ങളെ കീഴടങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തെ പരിചയപ്പെട്ടവര്‍ക്ക് അതൊരിക്കലും മറക്കാനാവാത്ത അനുഭവമായി മാറി. അധ:സ്ഥിത ജനവിഭാഗത്തിനു വേണ്ടി പോരാടുകയും സാമൂഹ്യ സമരസതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത അനുഗ്രഹീതമായ മാതൃകയായിരുന്നു അദ്ദേഹത്തിന്റേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: