ബി.കെ. പ്രിയേഷ്‌കുമാര്‍
ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ നേതൃത്വത്തില്‍ നവംബര്‍17, 18, 19 തീയതികളില്‍ ദല്‍ഹിയില്‍ നടന്ന ‘ജ്ഞാനോത്സവം 2079’ അറിവിന്റെ മഹായജ്ഞമായിരുന്നു. ഉദ്ഘാടനസഭയില്‍ മുഖ്യ അതിഥിയായി എത്തിയ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനും നൊബേല്‍ ജേതാവുമായ കൈലാസ് സത്യാര്‍ത്ഥിയാണ് ജ്ഞാനോത്സവം അറിവിന്റെ മഹായജ്ഞമാണെന്ന് വിശേഷിപ്പിച്ചത്. പുതിയ വിദ്യാഭ്യാസനയം നടപ്പിലാക്കി തുടങ്ങിയശേഷം നടക്കുന്ന ആദ്യത്തെ ജ്ഞാനോത്സവം എന്ന നിലയില്‍ ഈ വര്‍ഷത്തെ ജ്ഞാനോത്സവത്തിനു വളരെ പ്രാധാന്യമുണ്ടായിരുന്നു.
‘വിദ്യാഭ്യാസത്തിലൂടെ ആത്മനിര്‍ഭരഭാരതം’ എന്നതായിരുന്നു ജ്ഞാനോത്സവത്തിന്റെ പ്രമേയം. ഭാരതത്തിന്റെ വിവിധഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവിഷ്‌കരിച്ചതും സ്വയം നടപ്പിലാക്കുന്നതുമായ വിവിധ ആശയങ്ങളും പദ്ധതികളും ഒരു വേദിയില്‍ അവതരിപ്പിക്കപ്പെട്ടു. അവ വിദ്യാഭ്യാസ പണ്ഡിതരുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയ്‌ക്ക് വധേയമാക്കുകയും, പരസ്പരം ആശയങ്ങളും പദ്ധതികളും പങ്കുവയ്‌ക്കുകയും ചെയ്തു.
വിദ്യാഭ്യാസ രംഗത്തെ തനത് പ്രവര്‍ത്തനങ്ങള്‍ക്കും മാതൃകകള്‍ക്കും പ്രോത്സാഹനവും അംഗീകാരവും നല്‍കിയാല്‍ പത്തു വര്‍ഷംകൊണ്ട് ഭാരതത്തിന്റെ വിദ്യാഭ്യാസമേഖല സമൂലമായ പരിവര്‍ത്തനത്തിന് വിധേയമാകും എന്നാണ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടത്. സ്‌കൂള്‍ വിദ്യാഭ്യാസം മുതല്‍ ഉന്നതവിദ്യാഭ്യാസ രംഗം വരെയുള്ള എല്ലാ മേഖലയിലേയും വൈസ്ചാന്‍സലര്‍മാരും പ്രൊഫസര്‍മാരും വിദ്യാലയ അധികാരികളും അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നയരൂപീകരണ വിദഗ്ധരും വിവിധ കേന്ദ്ര വിദ്യാഭ്യാസ ഏജന്‍സികളുടെ അധികാരികളും വിദ്യാഭ്യാസ മന്ത്രിമാര്‍ ഉള്‍പ്പെടെ അഞ്ച് കേന്ദ്രമന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസമന്ത്രിമാരും ഉള്‍പ്പെടെ അയ്യായിരത്തിലധികം വിദ്യാഭ്യാസ പ്രവര്‍ത്തകരാണ് ജ്ഞാനകുംഭ എന്ന് വിശേഷിപ്പിക്കാവുന്ന ജ്ഞാനോത്സവത്തില്‍ ഇത്തവണ പങ്കാളികളായത്. ഭാരതീയ വിദ്യാഭ്യാസത്തിന്റെ സമഗ്രവും സര്‍വ്വസ്പര്‍ശിയുമായ മേളനമായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ ഈ ജ്ഞാനോത്സവം.
ഭാരതീയ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടും ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ന്യാസും സംയുക്തമായിനടത്തിയ ഈ വര്‍ഷത്തെ ജ്ഞാനോത്സവം അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി AIU, AICTE, NIOS, ICSSR, IGNOU, NCERT എന്നീ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സഹപങ്കാളികളായി ദല്‍ഹിയിലെ പുസ ക്യാംപസിലാണ് നടന്നത്.
നവംബര്‍ 16 മുതല്‍ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പുസ ക്യാംപസ് എന്നറിയപ്പെടുന്ന കഇഅഞ ക്യാംപസില്‍ എത്തിതുടങ്ങിയിരുന്നു. 17 ന് രാവിലെ 8 മണി മുതല്‍ തന്നെ പ്രതിനിധികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പത്ത് മണിയോടുകൂടി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ അടങ്ങുന്ന വലിയ പ്രദര്‍ശിനി കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളും ഗ്രാമങ്ങളും ആത്മനിര്‍ഭരമാക്കാന്‍ നടത്തിയ പരിശ്രമങ്ങളും അവയുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമായിരുന്നു പ്രദര്‍ശിനിയുടെ പ്രത്യേകത. മധ്യപ്രദേശിലെ സാഗര്‍ വിവേകാനന്ദ സര്‍വ്വകലാശാല ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ സ്റ്റാളുകളിലെ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും വിറ്റ് തീര്‍ന്നത് അത് നിര്‍മ്മിച്ച വിദ്യാര്‍ത്ഥികളുടെ ആത്മാഭിമാനം വര്‍ദ്ധിപ്പിക്കുകയും ആത്മനിര്‍ഭരത എന്തെന്ന് സ്വയം അനുഭവിച്ചറിയുകയും ചെയ്തു.
ഉദ്ഘാടന സഭയില്‍ സമാധാന നൊബേല്‍ സമ്മാന ജേതാവ് കൈലാസ് സത്യാര്‍ത്ഥി, കൃഷി മന്ത്രിനരേന്ദ്രസിങ് തോമര്‍, ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍ജി, ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയസംയോജകന്‍ അതുല്‍കോഠാരി, AIUമെമ്പര്‍ സെക്രട്ടറിയും ജ്ഞാനോത്സവം സംഘാടക സമിതി സെക്രട്ടറിയുമായ ഡോ.പങ്കജ് മിത്തല്‍ജി, പ്രമുഖ വിദ്യാഭ്യാസ ചിന്തകനും സംഘാടക സമിതി അദ്ധ്യക്ഷനുമായ ഡോ.വിനയ് സഹസ്രബുദ്ധേ തുടങ്ങിയവര്‍ ഉപവിഷ്ടരായി. വിവിധ സംസ്ഥാനങ്ങളുടെ പരമ്പരാഗത കലാരൂപങ്ങള്‍ (കേരളത്തെ പ്രതിനിധീകരിച്ച് കഥകളിയും മോഹിനിയാട്ടവും) വേദിയില്‍നിരന്ന് സ്വാഗതഗാനം ആലപിച്ചു. ദല്‍ഹിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ‘ആത്മനിര്‍ഭര ഭാരതം’ രംഗാവിഷ്‌കാരം അരങ്ങേറി.
ശിക്ഷാസംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ജ്ഞാനോത്സവത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ചും ദേശീയ സംയോജകന്‍ അതുല്‍ കോഠാരി ആമുഖമായി സംസാരിച്ചു. മുഖ്യാതിഥിയായി വേദിയിലെത്തിയ കൈലാസ് സത്യാര്‍ത്ഥിയുടെ പ്രൗഡഗംഭീരമായ പ്രഭാഷണമായിരുന്നു. സംസ്‌കൃതിയും സംസ്‌കാരവും മതവുമെല്ലാം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടാണിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജ്ഞാനോത്സവം അറിവിന്റെ ഉത്സവം മാത്രമല്ല അറിവിന്റെ യജ്ഞവുമാണ്. സാത്വിക ലക്ഷ്യങ്ങള്‍ക്കായി നടത്തുന്ന യജ്ഞത്തില്‍ ഉത്തമമായ യാഗങ്ങളാണ് ചെയ്യേണ്ടത്. ജ്ഞാനോത്സവത്തിന് എത്തിച്ചേര്‍ന്നവര്‍ സാധാരണ വിദ്യാഭ്യാസപ്രവര്‍ത്തകര്‍ മാത്രമല്ല മറിച്ച് ഭാവിഭാരതത്തിന്റെ നിര്‍മ്മാതാക്കള്‍ കൂടിയാണ്. ഭാരതീയത അമ്മയുടെ മുലപ്പാല്‍പോലെയാണ്. മുലപ്പാല്‍ രക്തചംക്രമണം നടത്തുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാതല്‍ സാര്‍വത്രികത, തുല്യത, സ്വാംശീകരണം എന്നിവയാണ്. വിദ്യ ഭാരതീയ ധര്‍മ്മത്തിന്റെ അടയാളമാണ്. അതിന് ഉപോത്ബലകമായി നിരവധി സുഭാഷിതങ്ങളും വേദങ്ങളിലേയും ഉപനിഷത്തുകളിലേയും നിരവധി ശ്ലോകങ്ങളും അദ്ദേഹം ഉദ്ധരിച്ചു. പുതിയഭാരതം കെട്ടിപ്പടുക്കാന്‍, പുതിയ വിദ്യാഭ്യാസനയം നടപ്പിലാക്കാന്‍ എല്ലാവരും പങ്കാളികളാകണമെന്ന അഭ്യര്‍ത്ഥനയോടെയാണ് സത്യാര്‍ത്ഥി പ്രഭാഷണം അവസാനിപ്പിച്ചത്.
രാജ്യത്തുടനീളം ഒരു നൈരന്തര്യമുണ്ടെന്നും ഒരു രാഷ്‌ട്രം, ഒരു സമൂഹം, ഒരു സംസ്‌കാരം എന്നിവഭാരതത്തിന്റെ സവിശേഷതയാണെന്നും ഉദ്ഘാടനസഭയില്‍ മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് സര്‍കാര്യവാഹ് അരുണ്‍കുമാര്‍ പറഞ്ഞു. ഇപ്പോള്‍ രാജ്യത്ത് അമൃതകാലം തുടങ്ങിയിരിക്കുകയാണ്. 25 വര്‍ഷത്തിനുള്ളില്‍ ഭാരതം മുഴുവന്‍ പ്രതാപത്തോടെ കാണപ്പെടും. പുതിയ വിദ്യാഭ്യാസനയം അതിന്റെ സൂചനയാണ്. തുടക്കത്തില്‍ ഒരു മാറ്റവും ദൃശ്യമാവില്ല. മാറ്റത്തിന്റെ പ്രക്രിയ പൂര്‍ത്തിയാവുമ്പോള്‍ മാത്രമാണ് അനന്തരഫലങ്ങള്‍ ദൃശ്യമാവുകയെന്നും അരുണ്‍കുമാര്‍ ഓര്‍മ്മിപ്പിച്ചു.
വിദ്യാഭ്യാസ രംഗത്ത് ശക്തമായ ഒരു വിളവെടുപ്പിന് ഈ ജ്ഞാനോത്സവം സഹായിക്കുമെന്ന് വിനയ് സഹസ്രബുദ്ധ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം തൊഴിലധിഷ്ഠിതവും സംസ്‌കാരാധിഷ്ഠിതവും രാഷ്‌ട്രാധിഷ്ഠിതവുമായിരിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പുതിയ ഭാരതത്തിലെ വിദ്യാഭ്യാസത്തിന് വിളക്കുകൊളുത്തിയ പ്രസ്ഥാനമാണ് ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസെന്നും, ന്യാസിന്റെ പരിശ്രമത്തില്‍ രൂപംകൊണ്ട ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിലൂടെ ഭാരതം ലോകഗുരുസ്ഥാനത്തേക്ക് വീണ്ടും ഉയരുമെന്നും മന്ത്രി പറഞ്ഞു.
രണ്ടാം ദിവസം നടന്ന ഉന്നതവിദ്യാഭ്യാസ സഭയില്‍ കേന്ദ്രവിദ്യാഭ്യാസ സഹമന്ത്രി ഡോ.സുഭാഷ്‌സര്‍ക്കാര്‍ സന്നിഹിതനായിരുന്നു. വിവിധ സര്‍വ്വക ലാശാലകളുടെ വൈസ്ചാന്‍സലര്‍മാര്‍ NEP നിര്‍വഹണ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. കേരളത്തില്‍നിന്നും കേരള കേന്ദ്ര സര്‍വ്വകലാശാലയും കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയും പങ്കെടുത്തു. സാങ്കേതികവിദ്യാഭ്യാസരംഗത്തെകുറിച്ച് നടന്ന ചര്‍ച്ചയിലും സംവാദത്തിലും കേന്ദ്ര നൈപുണ്യ വികസനവകുപ്പ് – ഇലക്ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ വകുപ്പ് സഹമന്ത്രി രാജിവ് ചന്ദ്രശേഖരന്‍ പങ്കെടുത്തു. ജ്ഞാനോത്സവത്തിന്റെ ഭാഗമായി ദേശവ്യാപകമായി നടത്തിയ മത്സരപരിപാടികളില്‍ പങ്കെടുത്ത് പോസ്റ്റര്‍ രചനാ മത്സരത്തില്‍ എറണാകുളം നേവല്‍ബേസ് കേന്ദ്രീയ വിദ്യാലയത്തിലെ നിവേദിത രണ്ടാംസ്ഥാനം കരസ്ഥമാക്കിയതും കേരളത്തിന് അഭിമാനമായി. വിദ്യാഭ്യാസ വികാസകേന്ദ്രം പ്രവര്‍ത്തകരായ കോട്ടയത്തെ സഹോദരിമാരായ നന്ദിതയും നിവേദിതയും വേദഗണിത പ്രചരണത്തിനുവേണ്ടി നടത്തുന്ന പരിശ്രമങ്ങളെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി പ്രത്യേകം പരാമര്‍ശിച്ചതും കേരളത്തെ സംബന്ധിച്ച് ജ്ഞാനോത്സവ വേദിയില്‍ അഭിമാന മുഹൂര്‍ത്തമായി മാറി.
കേരളത്തെ പ്രതിനിധീകരിച്ച് സംഘടനാതലത്തില്‍ ദേശീയ സഹസംയോജകന്‍ എ. വിനോദ്, പ്രാന്ത സംയോജകന്‍ ബി.കെ.പ്രിയേഷ്‌കുമാര്‍, ഗവേഷണ വിദ്യാര്‍ത്ഥി വിഭാഗം സംയോജകന്‍ കെ.എം.വൈശാഖ്, ജോബി ബാലകൃഷ്ണന്‍ (മെമ്പര്‍ – NCTE) എന്നിവരും കൂടാതെ പ്രൊഫ. അമൃത് ജി. കുമാര്‍ (കേരള കേന്ദ്ര സര്‍വ്വകലാശാല). പ്രൊഫ.രവിവര്‍മ്മ (കോഴിക്കോട് എന്‍ഐടി ), സ്‌കൂള്‍ അദ്ധ്യാപകരായ ഷാജി മാസ്റ്റര്‍, ടി.ജി.ശ്രീജ, ബി.എസ്. കവിതാമോള്‍എന്നിവരും പങ്കെടുത്തു.
മൂന്നാമത്തെ ദിവസത്തില്‍ മൂന്ന് സമാന്തരസത്രങ്ങളിലായി കൃഷി, ചികിത്സ, നിയമവിദ്യാഭ്യാസം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകളാണ് നടന്നത്. സമാപന സമ്മേളനത്തില്‍ കേന്ദ്രസാംസ്‌ക്കാരിക സഹമന്ത്രി അര്‍ജുന്‍ റാം മെഗ്വാള്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ദേശീയതലത്തില്‍ നടത്തിയ വിവിധ മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണംചെയ്തു.
”ഭാരതത്തിന്റെ പ്രതിഭ
ലോകത്തെ നയിക്കും”- രാജീവ്ചന്ദ്രശേഖര്‍
ഭാരതത്തിന്റെ യുവപ്രതിഭ ലോകത്തെ നയിക്കുന്ന പതിറ്റാണ്ടാണ് വരാന്‍ പോകുന്നത്. NEP അതിന്റെ ഉള്‍പ്രേരകമായിരിക്കുകയും ചെയ്യുമെന്ന് കേന്ദ്രനൈപുണ്യ വികസന-വിവരസാങ്കേതിക വിദ്യാഭ്യാസ മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ജ്ഞാനോത്സവത്തോടനുബന്ധിച്ച് സാങ്കേതിക സ്ഥാപന മേലധികാരികളുടേയും ഗവേഷക വിദ്യാര്‍ത്ഥികളുടേയും സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം സമൂഹ്യപരിവര്‍ത്തനത്തിന്റെയും ഭാവിഭാരതത്തിന്റെ ശാക്തീകരണത്തിന്റെയും അടിസ്ഥാന ആസൂത്രണ രേഖയായി വര്‍ത്തിക്കും. ഭാരതീയ ഭാഷകളെ വിദ്യാഭ്യാസത്തിലൂടെ ശക്തിപ്പെടുത്തുന്നതോടെ ഇന്ന് ഇംഗ്ലീഷ് അഭിജ്ഞപരിമിത സമൂഹത്തിന് മാത്രം ലഭ്യമായ തൊഴില്‍മേഖല വിവിധ ഭാഷകള്‍ക്ക് പ്രാപ്യമാകും. ഇത് ഭാരതത്തിന്റെ സാമ്പത്തിക ശാക്തീകരണത്തിന് ശക്തി പകരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കൊറോണയ്‌ക്ക് മുന്‍പ്അമേരിക്ക, ചൈന, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളുടെ സാമ്പത്തികസ്ഥിതിയാണ് അവലോകനം ചെയ്തിരുന്നത്. ഇന്ന് അത് മാറി. ഭാരതത്തിന്റെ സ്ഥിതിയെ കുറിച്ചാണ് അന്താരാഷ്‌ട്രാ വേദികളില്‍ പോലും ചര്‍ച്ച. ഭാരതത്തിലെ യുവാക്കളുടെ തൊഴില്‍ നൈപു
ണിയും സാങ്കേതികവൈദഗ്ധ്യവും വര്‍ദ്ധിപ്പിക്കാന്‍എല്ലാ സ്ഥാപനങ്ങളും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. AICTE വൈസ്‌ചെയര്‍മാന്‍ ഡോ.പുനയ്യ, ഖരക്ക്പൂര്‍ IIT ഡയറക്ടര്‍ വി.കെ.തിവാരി, ഗുജറാത്ത് സാങ്കേതികസര്‍വ്വകലാശാല വി.സി. നവീന്‍സേഠ്, AICTE സെക്രട്ടറി രവികുമാര്‍, DTS CEO ഡോ. ഉന്നത് പണ്ഡിറ്റ്എന്നിവരും സംബന്ധിച്ചു.
കേരളത്തിന്റെ കയ്യൊപ്പ്
ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ കേരളഘടകമായ വിദ്യാഭ്യാസ വികാസ കേന്ദ്രം നടത്തിയ പരിശ്രമത്തിലൂടെ ജ്ഞാനോത്സവത്തില്‍ കേരളത്തിനും അഭിമാനകരമായ നേട്ടം സാധ്യമായി. കേരളത്തില്‍നിന്നുള്ള രണ്ട് സ്‌കൂളുകള്‍ – പാലക്കാട് അട്ടപ്പാടി മല്ലീശ്വര വിദ്യാനികേതനും എറണാകുളം വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയവും കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനു മുമ്പില്‍ അവരുടെ NEP നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. മല്ലീശ്വര വിദ്യാനികേതന്‍ നടത്തുന്ന വനവാസി ക്ഷേമപ്രവര്‍ത്തനങ്ങളും പരമഭട്ടാര കേന്ദ്രീയവിദ്യാലയം നടത്തിവരുന്ന ഭവനഗ്രന്ഥശാല പ്രവര്‍ത്തനങ്ങളും മന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റി. അവതരണത്തിനുശേഷം മല്ലീശ്വര വിദ്യാനികേതന്‍ ഹെഡ്മാസ്റ്റര്‍ ഷാജിമാഷിനെ മന്ത്രിവേദിയിലേക്ക് വിളിപ്പിച്ച് കൂടുതല്‍ കാര്യങ്ങള്‍ ആരാഞ്ഞു. പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിന് വേണ്ടി വൈസ് പ്രിന്‍സിപ്പാള്‍ ശ്രീജ ടീച്ചറാണ് അവതരണം നടത്തിയത്. 47 സ്‌കൂളുകളുടെയും അവതരണത്തിന് ശേഷം ധര്‍മ്മേന്ദ്ര പ്രധാന്‍ പ്രൊജക്ടുകളെ അവലോകനം ചെയ്തുകൊണ്ട് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: