ന്യൂദല്‍ഹി: ബഹിരാകാശ മേഖലയിലെ പ്രധാന ആഗോള ശക്തിയാണ് ഇന്ത്യയെന്ന് കേന്ദ്ര ആണവോര്‍ജ, ബഹിരാകാശ സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് ഇന്ന് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സുമായി (യുഎഇ) ബഹിരാകാശ സഹകരണത്തില്‍ പുതിയ ഉയരങ്ങളിലേക്ക് പോകാന്‍ ഇന്ത്യ താല്പര്യപ്പെടുന്നതായി അദ്ദേഹം വ്യക്തമാക്കി. ‘അബുദാബി സ്പേസ് ഡിബേറ്റ്’ എന്ന യുഎഇ ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ (യുഎഇ) നടക്കുന്ന 2 ദിവസത്തെ അന്താരാഷ്ട്ര യോഗമായ ‘അബുദാബി സ്പേസ് ഡിബേറ്റില്‍’ ഔദ്യോഗിക ഇന്ത്യന്‍ പ്രതിനിധി സംഘത്തെ ഡോ ജിതേന്ദ്ര സിംഗ് ആണ് നയിക്കുന്നത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ കൂടാതെ ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, നിരവധി രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യയുടെ തദ്ദേശീയമായി വികസിപ്പിച്ച ബഹിരാകാശ മേഖലയ്ക്കും യുഎഇയുടെ അതിവേഗം വളരുന്ന ബഹിരാകാശ മേഖലയ്ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന നിരവധി പരസ്പര പൂരകങ്ങളായ ഘടകങ്ങള്‍ ഉണ്ടെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു. ബഹിരാകാശത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും തീരുമാനങ്ങള്‍ എടുക്കുന്നതിനും എല്ലാ പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരേണ്ടത് പ്രധാനമാണെന്നും ഇത്തരത്തില്‍ ബഹിരാകാശ മേഖലയുടെ ഭാവി രൂപപ്പെടുത്താന്‍ ഈ വേദിയ്ക്ക് കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎഇയുടെ ആദ്യ നാനോ ഉപഗ്രഹമായ ‘നായിഫ്1’ വിക്ഷേപിച്ച 2017 മുതലാണ് യുഎഇയുമായുള്ള ഇന്ത്യയുടെ സജീവ ബഹിരാകാശ പങ്കാളിത്തം ആരംഭിക്കുന്നതെന്ന് മന്ത്രി എടുത്തുപറഞ്ഞു
ഇന്ത്യയുടെ മുന്‍നിര ബഹിരാകാശ വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയ്ക്ക്, വിക്ഷേപണ വാഹനങ്ങളില്‍ വച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ വിജയ അനുപാതം ഉണ്ടെന്നതില്‍ അഭിമാനമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഐഎസ്ആര്‍ഒ ഇതുവരെ നൂറിലധികം ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ടെന്നും ജിസാറ്റ്, ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങള്‍, ബഹിരാകാശ അധിഷ്ഠിത സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനങ്ങള്‍ എന്നിവയ്ക്കായി ആഭ്യന്തര ഉപഗ്രഹ നിര്‍മ്മാണ ശേഷിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം അല്ലെങ്കില്‍ ഐആര്‍എന്‍എസ്എസ് എന്ന് വിളിക്കപ്പെടുന്ന സ്വന്തം ജിപിഎസും ഇന്ത്യ വികസിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പ്രസ്താവിച്ചു. 2013ല്‍ ഇന്ത്യയുടെ മാര്‍സ് ഓര്‍ബിറ്റര്‍ ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിനു പുറമെ ചന്ദ്രയാന്‍ 1, ചന്ദ്രയാന്‍ 2 എന്നീ പേരുകളില്‍ ചാന്ദ്ര ദൗത്യത്തിനും ഇന്ത്യ രണ്ടുതവണ ശ്രമിച്ചിരുന്നു. ചന്ദ്രനിലേക്കുള്ള മൂന്നാമത്തെ ഉപഗ്രഹ ദൗത്യമായ ചന്ദ്രയാന്‍ 3 അടുത്ത വര്‍ഷം വിക്ഷേപിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഗഗന്യാന് പദ്ധതിക്ക് കീഴില്‍ 2024ല്‍ മനുഷ്യരെ വഹിച്ചു കൊണ്ട് ബഹിരാകാശത്തേക്ക് ആദ്യത്തെ വിമാനം അയയ്ക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു. ബഹിരാകാശ വികസനത്തിന്റെ ഫലങ്ങള്‍ എല്ലാ രാജ്യങ്ങളിലേക്കും എത്തിക്കാനും ബഹിരാകാശ മേഖലയില്‍ ഗവണ്മെന്റുകളും സ്വകാര്യ സ്ഥാപനങ്ങളും തമ്മില്‍ കൂടുതല്‍ സഹകരണം കൊണ്ടുവരാനും ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളുടെ പങ്കാളിത്തം സുഗമമാക്കുന്നതിന് ബഹിരാകാശ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളുടെ വികസനം ഇന്ത്യയും ഊര്‍ജസ്വലമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍, ബഹിരാകാശ മേഖലയിലെ പുതിയ സ്വകാര്യ സ്ഥാപനങ്ങളെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ IN-Space എന്ന പേരില്‍ പ്രത്യേക സംഘടന ഇന്ത്യ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: