കൊച്ചി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ്യുടെ പേരില്‍ അന്തര്‍ദേശീയ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള നീക്കത്തിന് തടയിട്ട് കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്. അതിന് കൂട്ടുനിന്ന് കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ). ക്രീഡാഭാരതിയുമായി സഹകരിച്ച് കണ്ണൂരിലെ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ് ഈ മാസം 25ന് വാജ്പേയ്യുടെ ജന്മദിനത്തില് തുടങ്ങുന്ന രീതിയില്‍ തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ട്വന്റി20 ടൂര്‍ണമെന്റ് നടത്താനാണ് ആലോചിച്ചിരുന്നത്.
ഇതിനായി ജൂണ്‍ ആദ്യവാരം കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷന് അപേക്ഷയും നല്കി. എന്നാല്‍, തീരുമാനമെടുത്തില്ല. ടൂര്‍ണമെന്റിന് അനുവാദം നല്‍കേണ്ടതില്ലെന്ന് കണ്ണൂര്‍ അസോസിയേഷനും കെസിഎയും തീരുമാനിച്ചുവെന്ന് യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ് സെക്രട്ടറിയെ കഴിഞ്ഞ ദിവസം ഫോണിലൂടെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറിനും ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കും പരാതി നല്‍കിയതായി ക്ലബ് സെക്രട്ടറി ആയാടത്തില്‍ ഗോകുല്‍ വി രാജ് പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആ ദിവസങ്ങളില്‍ തലശ്ശേരി സ്റ്റേഡിയത്തില്‍ ക്യാമ്പും പ്രാദേശിക ടൂര്‍ണമെന്റുകളും നിശ്ചയിച്ച് ടൂര്‍ണമെന്റ് മുടക്കാനും ശ്രമമുണ്ടായി. അതുകൊണ്ടൊന്നും സംഘാടകര്‍ പിന്മാറില്ലെന്നായതോടെയാണ് ഫോണിലൂടെ വിവരമറിയിച്ചത്. രാജ്യത്തെയും വിദേശത്തെയും ക്ലബ്ബുകളെ ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കാന്‍ സംഘാടകര്‍ നടപടി തുടങ്ങിയിരുന്നു. രാത്രി മത്സരങ്ങള്‍ക്കായി സ്റ്റേഡിയത്തില്‍ ഫഌഡ്ലൈറ്റ് സംവിധാനം സജ്ജമാക്കുമെന്നും മൈതാനം വിട്ടുനല്‍കുന്നതിന് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് ഫീസ് നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചിരുന്നു. അസോസിയേഷനുണ്ടാകുന്ന സാമ്പത്തികനേട്ടമടക്കം ഈ തീരുമാനത്തിലൂടെ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നു.
അതിനിടെ, സംഘാടകരായ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബിനെയും സെക്രട്ടറിയെയും കണ്ണൂര്‍ അസോസിയേഷനില്‍ നിന്ന് പുറത്താക്കി. അസോസിയേഷന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടെന്ന കാരണം പറഞ്ഞാണ് നടപടിയെങ്കിലും ടൂര്‍ണമെന്റിന്റെ പേരിലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: