ദോഹ: ഗ്രൂപ്പിലെ അവസാന കളിയില്‍ ഒന്നു വീണു. ഇനി പക്ഷെ, ചിറകടിച്ചുയരണം. അതിനായി കാനറികള്‍ ഇന്ന് വീണ്ടും കളത്തില്‍. ലോകകപ്പ് ഫുട്ബോള്‍ പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിന് എതിരാളികള്‍ ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയ. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയുടെ പോര്‍ച്ചുഗലിനെ വീഴ്ത്തിയാണ് ഏഷ്യന്‍ യോദ്ധാക്കളുടെ വരവ്.
അവസാന മത്സരത്തില്‍ കാമറൂണിനോട് ഒരു ഗോളിന് തോറ്റതിന്റെ ക്ഷീണമുണ്ട് ബ്രസീലിന്. അതുവരെ കളത്തിലിറങ്ങാത്തവര്ക്ക് അവസരം നല്‍കിയാണ് ടിറ്റെ അന്ന് ടീമിനെ ഇറക്കിയത്. ഒമ്പത് മാറ്റങ്ങള്‍ വരുത്തി. ഇന്ന് കരുത്തോടെയാകും മഞ്ഞപ്പടയുടെ വരവ്. ഗോളടിക്കുന്നതില്‍ പക്ഷെ, പിശുക്കു കാണിക്കുന്നു ബ്രസീല്‍. മൂന്ന് കളികളില്‍ നിന്ന് മൂന്ന് ഗോള്‍ അടിച്ച അവര്‍ ഒന്നു വഴങ്ങി. പരിക്കിലായിരുന്ന സൂപ്പര്‍ താരം നെയ്മര്‍ പരിശീലനത്തിനിറങ്ങിയത് ബ്രസീല്‍ ക്യാമ്പില്‍ ഏറെ ആശ്വാസം പകര്‍ന്നു. ഇന്ന് നെയ്മര്‍ കളിക്കുമോയെന്നത് സ്ഥിരീകരിച്ചിട്ടില്ല. പരിശീലനത്തിനിറങ്ങുന്നതിന്റെ ചിത്രങ്ങള്‍ നെയ്മര്‍ തന്നെയാണ് പങ്കുവച്ചത്. അതിനിടെ, സൂപ്പര്‍താരം ഗബ്രിയേല്‍ ജെസ്യൂസും പ്രതിരോധതാരം അലക്സ് ടെല്ലസും പരിക്കേറ്റ് പുറത്തായത് അവര്‍ക്ക് തിരിച്ചടിയായി. കാമറൂണിനെതിരായ മത്സരത്തിലാണ് ഇരുവര്‍ക്കും പരിക്കേറ്റത്. എന്നാലും റിച്ചാര്‍ലിസണും വിനീഷ്യസും കാസിമെറോയും പക്വേറ്റയും റാഫീഞ്ഞോയും അടങ്ങുന്ന സൂപ്പര്‍ താരനിരയെ പിടിച്ചുകെട്ടുക എന്നതാണ് കൊറിയന്‍ നിരയുടെ ഏറ്റവും വലിയ വെല്ലുവിളി.
പോര്‍ച്ചുഗലിനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസമുണ്ട് കൊറിയയ്ക്ക്. അതിവേഗ പ്രത്യാക്രമണമാണ് കൊറിയയുടെ പ്രത്യേകത. ഘാനക്കെതിരെ രണ്ട് ഗോളടിച്ച ചൊ ഗ്യൃ സങ്ങും പോര്‍ച്ചുഗലിനെതിരെ ഗോളടിച്ച കിം യോങ് ഗ്വോന്, ഹോങ്ങ് ഹി ചാന് എന്നിവരും മികച്ച ഫോമില്‍. അതിവേഗത്തിലുള്ള കൊറിയന്‍ കൗണ്ടര്‍ അറ്റാക്കുകളെ പിടിച്ചുകെട്ടുക എന്നതാണ് ബ്രസീലിയന്‍ പ്രതിരോധത്തിന്റെ വലിയ വെല്ലുവിളി. മുന്‍പ് ഏഴ് തവണ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ ആറും ജയിച്ച് കാനറികള്‍. ഒരിക്കല്‍ കൊറിയയും വിജയിച്ചു. കഴിഞ്ഞ ജൂണിലാണ് രണ്ട് ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. ഈ സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വിജയിച്ചു. എന്നാല്‍ ലോകകപ്പില്‍ രണ്ട് ടീമുകളും മുഖാമുഖം വരുന്നത് ആദ്യമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: