ദോഹ: കിലിയന്‍ എംബാപ്പെ കൊടുങ്കാറ്റായി ആഞ്ഞടിച്ചതോടെ പോളണ്ടിന്റെ പ്രതിരോധം ലോകകപ്പില്‍ തകര്‍ന്നടിഞ്ഞു. എംബാപ്പെ നേടിയ രണ്ട് ഗോളുകളുടെ ആധിപത്യത്താല്‍ (3-1) പോളണ്ടിനെ ലോകകപ്പില്‍ നിന്നും കെട്ടുകെട്ടിച്ച് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
74ാം മിനിറ്റിലും കളിതീരാറായ 91ാം മിനിറ്റിലും നേടിയ വെടിയുണ്ട ഗോളുകളുടെ മികവില്‍ ഖത്തറില്‍ ലോകകപ്പ് നേടാന്‍ യോഗ്യരാണെന്നും ഞായറാഴ്ച ഫ്രാന്‍സ് തെളിയിച്ചു. ഫ്രാന്‍സിന് വേണ്ടി ഒളിവിയര്‍ ജിറൂഡും ഒരു ഗോള്‍ നേടി. കളിതീരാന്‍ സെക്കന്റുകള്‍ ബാക്കിനില്‍ക്കുമ്പോള്‍ ലെവന്‍ഡോവ്സ്കി ഒരു പെനാല്‍റ്റി ഗോളാക്കി മാറ്റി പോളണ്ടിന് അല്പം ആശ്വാസത്തിന് വകനല്കി.
ഒളിവിയര്‍ ജിറൂദും പുതിയ ചരിത്രമെഴുതി
ഫ്രാന്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനായി ഒളിവിയര്‍ ജിറൂദ്. പോളണ്ടിനെതിരെ ഹാഫ് ടൈമിന് മുന്‍പ് ആദ്യ ഗോള്‍ ജിറൂദ് നേടിയതോടെ അദ്ദേഹം ഫ്രാന്‍സിന് വേണ്ടി 52 ഗോളുകള്‍ നേടി. ഇതോടെ ഫ്രാന്‍സിന് വേണ്ടി 51 ഗോളുകള്‍ നേടിയ തിയറി ഹെന്റിയെ മറികടന്നു ജിറൂദ്.
ഗോള്‍ഡന്‍ ബൂട്ടിന് എംബാപ്പെ
പോളണ്ടിനെതിരെ രണ്ട് ഗോളുകള്‍ നേടിയതോടെ ഈ ലോകകപ്പില്‍ എംബാപ്പെ ആകെ അഞ്ച് ഗോളുകള്‍ നേടി. ഏറ്റവുമധികം ഗോളുകള്‍ നേടുന്ന കളിക്കാരനുള്ള സുവര്‍ണ്ണ പാദുകത്തിന് അരികെ എത്തിയിരിക്കുകയാണ് എംബാപ്പെ.
പെലെയുടെ റെക്കോഡ് തകര്‍ത്ത് എംബാപ്പെ
ലോകകപ്പില്‍ ആകെ ഒമ്പതുഗോളുകള്‍ നേടിയിരിക്കുകയാണ് എംബാപ്പെ. ഇതോടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന 23 വയസ്സോ അതിന് താഴെയോ ഉള്ള കളിക്കാരനായി എംബാപ്പെ മാറി. 23 വയസ്സില്‍ പെലെ നേടിയത് വെറും ഏഴ് ഗോള്‍ മാത്രം.
ഇംഗ്ലണ്ട്-സെനഗല്‍ മത്സരവിജയികളെ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ നേരിടും. നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാന്‍സ് ഖത്തറിലും ചരിത്രം ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പാണ് ഈ ആധികാരിക വിജയത്തോടെ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: