അമിതാഭ് കാന്ത്
(കേന്ദ്രസര്‍കാരിന്റെ ജി20 ഷെര്‍പ്പ എന്ന പദവി വഹിക്കുകയാണ് ലേഖകന്‍)
ഇന്ത്യയുടെ നയതന്ത്രബന്ധങ്ങളുടെ ചരിത്രത്തില്‍ ഇതു നിര്‍ണായകനിമിഷം! ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന അന്തര്‍ഗവണ്മെന്റ്തല സംവിധാനമായ ‘ഗ്രൂപ്പ് ഓഫ് ട്വന്റി’യുടെ (ജി20) അധ്യക്ഷപദവി ഇന്ത്യ ഏറ്റെടുത്തു. 1999ല്‍ സ്ഥാപിക്കപ്പെട്ട, ഈ സംവിധാനം ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും ആഗോളവ്യാപാരത്തിന്റെ 75 ശതമാനവും ആഗോളതലത്തിലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 80 ശതമാനവും ഉള്‍ക്കൊള്ളുന്നതാണ്. ലളിതമായി പറഞ്ഞാല്‍, ലോകത്തിലെ ആഗോളനയത്തിന്റെ കാര്യത്തില്‍ കരുത്തുറ്റ രാഷ്‌ട്രീയ സ്വാധീനം ചെലുത്തുന്ന ഒന്നാണു ജി20. തല്‍ഫലമായി, നമ്മുടെ കാലത്തെ ഏറ്റവും പ്രധാന വിഷയങ്ങളായ സുസ്ഥിരവികസനലക്ഷ്യങ്ങള്‍, കാലാവസ്ഥാപ്രവര്‍ത്തനം, ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യസംവിധാനങ്ങള്‍, ഡിജിറ്റല്‍ പരിവര്‍ത്തനം തുടങ്ങിയവയെക്കുറിച്ച് ആലോചിക്കുന്നതിനുള്ള പ്രധാന വേദിയായി ഇതു മാറുകയും ചെയ്യുന്നു.
ജി20 അധ്യക്ഷപദവി കൈവന്നതോടെ, കാര്യപരിപാടികളോടു പ്രതികരിക്കുന്നതിനുപകരം അവ നിശ്ചയിക്കാനുള്ള അവസരമാണ് ഇന്ത്യക്കു ലഭിച്ചത്. ആഗോളദക്ഷിണവേദിയുടെയും വികസ്വരരാജ്യങ്ങളുടെയും താല്‍പ്പര്യങ്ങളുടെ യഥാര്‍ഥ പ്രതിനിധിയായി പ്രവര്‍ത്തിക്കാനും ഇന്ത്യക്കാകും. സഖ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിന്റെ സമ്പന്നമായ ചരിത്രവും ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യയുമുള്ള (മെയ് മാസത്തില്‍ ജനസംഖ്യയുടെ പകുതിയിലധികം, അതായത് 52%, 30 വയസില്‍ താഴെയായിരുന്നു) രാഷ്‌ട്രമെന്ന നിലയില്‍ ഇന്ത്യക്കു ഗണ്യമായതോതില്‍ ജനസംഖ്യാപരവും ഭൂരാഷ്‌ട്രതന്ത്രപരവുമായ സ്വാധീനമുണ്ട്. ഇത് അധ്യക്ഷസ്ഥാനത്തിന്, അതിന്റെ മുന്‍ഗണനകളില്‍ കേന്ദ്രീകരിക്കാനും അതോടൊപ്പം രാജ്യത്തിന്റെ മികച്ച സമ്പ്രദായങ്ങള്‍ ലോകവുമായി പങ്കിടാനും ഉചിതമായ അവസരമൊരുക്കുന്നു. 43 പ്രതിനിധിസംഘത്തലവന്മാര്‍ അടുത്തവര്‍ഷം സെപ്തംബറില്‍ നടക്കുന്ന അവസാനത്തെ ദല്‍ഹി ഉച്ചകോടിയില്‍ പങ്കെടുക്കും. ജി20ലെ എക്കാലത്തെയും ഏറ്റവും കൂടിയ എണ്ണം പ്രതിനിധികളാണിത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ വന്നുകൊണ്ടിരിക്കുന്നതിനൊപ്പം, കൊവിഡ്-19 മഹാമാരി നമ്മുടെ സംവിധാനങ്ങളുടെ ബലഹീനത തുറന്നുകാട്ടുകയും ചെയ്ത പശ്ചാത്തലത്തില്‍, മാനവരാശിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയുയരുന്ന സമയത്താണ് ഇന്ത്യക്കു ജി20നെ നയിക്കാനുള്ള അവസരം ലഭിച്ചത്. ഇതു മനസില്‍വച്ച്, കാലാവസ്ഥാ ധനകാര്യത്തിലും സാങ്കേതിക വിദ്യയിലും മാത്രമല്ല, ലോകമെമ്പാടുമുള്ള വികസ്വരരാജ്യങ്ങള്‍ക്ക് ഊര്‍ജസംക്രമണം ഉറപ്പാക്കുന്നതിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുള്ള കാലാവസ്ഥാപ്രവര്‍ത്തനത്തിനും ഇന്ത്യയുടെ അധ്യക്ഷപദവിയിലെ കാര്യക്രമങ്ങളില്‍ പ്രധാന മുന്‍ഗണനയേകുന്നു. കാര്‍ബണ്‍വല്‍ക്കരിക്കാതെ വ്യാവസായികവല്‍ക്കരണം എന്ന സവിശേഷമായ വെല്ലുവിളിയോടെ, 2047ഓടെ 25 ദശലക്ഷം ടണ്‍ വാര്‍ഷിക ഉല്‍പ്പാദനശേഷി ലക്ഷ്യമിട്ടുള്ള ഹരിതഹൈഡ്രജന്റെ വന്‍തോതിലുള്ള വിപുലീകരണം, വരുംവര്‍ഷങ്ങളില്‍ ഇന്ത്യയെ ശുദ്ധമായ ഊര്‍ജസാങ്കേതികവിദ്യയുടെ കയറ്റുമതിക്കാരാക്കും. കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രതിസന്ധികള്‍ വ്യവസായം, സമൂഹം, മേഖലകള്‍ എന്നിവയിലുടനീളം ബാധിക്കുന്നുവെന്നു മനസിലാക്കിയ ഇന്ത്യ ലോകത്തിനായി ‘ലൈഫ്’ (പരിസ്ഥിതിക്കനുസൃതമായ ജീവിതശൈലി) എന്ന തത്വം മുന്നോട്ടുവച്ചു. നമ്മുടെ രാജ്യത്തിന്റെ സമ്പന്നവും പുരാതനവുമായ സുസ്ഥിര പാരമ്പര്യങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞ പരിസ്ഥിതിബോധവല്‍ക്കരണ രീതികള്‍ സ്വീകരിക്കുന്നതിനായി ഉപഭോക്താക്കളെയും മാറിമറിയുന്ന വിപണികളെയും ആഹ്വാനം ചെയ്യുന്നതിനുള്ള പെരുമാറ്റ-അധിഷ്ഠിത മുന്നേറ്റമാണു ലൈഫ്.
കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, ഐക്യരാഷ്‌ട്രസഭയുടെ (യുഎന്‍) സുസ്ഥിരവികസനലക്ഷ്യങ്ങള്‍ (എസ്ഡിജികള്‍) അതിനനസൃതമായി അടിയന്തിരമായി പൊതുജനാരോഗ്യവും ഭക്ഷ്യപ്രതിസന്ധിയും കണക്കിലെടുത്തു മാറ്റിയെടുക്കേണ്ടിവന്നതിനാല്‍, വര്‍ഷങ്ങളുടെ വികസനപുരോഗതി വലിയതോതില്‍ പിന്നാക്കംപോയി. നേതാക്കളുടെ സംഘം എന്ന നിലയില്‍, സുസ്ഥിരവികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രതിബദ്ധത ജി20 ശക്തിപ്പെടുത്തുകയും ത്വരിതപ്പെടുത്തുകയും വേണം. അതു ജനങ്ങള്‍ക്കു മികച്ചതും ശുചിത്വമാര്‍ന്നതും ആരോഗ്യകരവും കൂടുതല്‍ സമൃദ്ധവുമായ ഭൂമിയാണു വാഗ്ദാനംചെയ്യുന്നത്. സമകാലിക വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിന്, വൈവിധ്യമാര്‍ന്നതും ചലനാത്മകവുമായ ലോകത്തിന്റെ ആധുനിക യാഥാര്‍ഥ്യങ്ങളെ തുല്യമായും ഫലപ്രദമായും പ്രതിഫലിപ്പിക്കുന്ന സമകാലിക സ്ഥാപനങ്ങള്‍ ലോകത്തിനു വേണ്ടതുണ്ട്.
സാമൂഹ്യവും സാമ്പത്തികവുമായ പ്രതിബന്ധങ്ങള്‍ മറികടക്കാന്‍ ഇന്ത്യാഗവണ്മെന്റ് തുടര്‍ച്ചയായി ഡിജിറ്റല്‍ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുകയാണ്. ഈ ജി20 അധ്യക്ഷപദവി ഇന്ത്യയുടെ അറിവു ലോകവുമായി പങ്കിടാനുള്ള അവസരമാണ്. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം (ആധാര്‍) വിജയകരമായി നടപ്പാക്കുകയും, 2014നും 2022നുമിടയില്‍ 50 മടങ്ങു നേരിട്ടുള്ള ആനൂകൂല്യക്കൈമാറ്റം സാധ്യമാക്കുകയുംചെയ്ത ഇന്ത്യ, ഡിജിറ്റലായ പൊതുസാമഗ്രികളെയും വികസനത്തിനായുള്ള ഡാറ്റയുടെ ഉപയോഗത്തെയും അധികരിച്ചുള്ള ചര്‍ച്ചകള്‍ രൂപപ്പെടുത്തുന്നതിനുള്ള കേന്ദ്രസ്ഥാനത്താണ്. 2022 ഒക്ടോബറില്‍, ഇന്ത്യയുടെ ഏകീകൃത പണമിടപാടു സംവിധാനം (യുപിഐ) 7 ബില്യണ്‍ ഇടപാടുകളാണു നടത്തിയത്. പ്രതിദിനം 230 ദശലക്ഷം ഇടപാടുകള്‍ക്കു തുല്യമാണിത്. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ മാതൃക ഏറ്റെടുക്കാനും വിജയകരമായി നടപ്പിലാക്കാനും ഇന്ത്യക്കു കഴിയുമെന്നാണിതു തെളിയിക്കുന്നത്. ജി20 നേതൃസ്ഥാനം വഹിക്കുന്നതിനാല്‍, സാങ്കേതികവിദ്യയോടുള്ള മനുഷ്യകേന്ദ്രീകൃത സമീപനത്തിലുള്ള വിശ്വാസത്തെ മുന്‍നിര്‍ത്തി, പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, കൃഷിമുതല്‍ വിദ്യാഭ്യാസം വരെയുള്ള മേഖലകളിലെ സാങ്കേതികവിദ്യാധിഷ്ഠിത വികസനം തുടങ്ങിയ മുന്‍ഗണനാമേഖലകളില്‍ കൂടുതല്‍ അറിവു പങ്കിടാന്‍ ഇന്ത്യക്കു കഴിയും. പ്രത്യേകിച്ചും, ജെഎഎം ത്രയംപോലുള്ള സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ പരിപാടികള്‍, ഇന്ത്യയിലെ സ്ത്രീകള്‍ക്കു വലിയതോതില്‍ സാമ്പത്തികസ്വാതന്ത്ര്യമേകി. കുടുംബങ്ങളിലെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അതവരെ സജീവ പങ്കാളികളാക്കി. ഇപ്പോള്‍ ബാങ്ക് അക്കൗണ്ട് ഉടമകളില്‍ 56 ശതമാനവും സ്ത്രീകളാണ്. മുമ്പു ബാങ്ക് അക്കൗണ്ടില്ലാതിരുന്ന 23 കോടി സ്ത്രീകള്‍ക്ക് ഇപ്പോള്‍ ബാങ്ക് അക്കൗണ്ടുണ്ട്.
ആഗോളാംഗീകാരത്തില്‍ 2023 ഇന്ത്യയുടെ സുവര്‍ണവര്‍ഷമായി മാറുമ്പോള്‍, സമവായത്തില്‍ പ്രവര്‍ത്തിക്കുന്ന നയപരമായ ചട്ടക്കൂടുകള്‍ സുഗമമാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. റഷ്യ-യുക്രൈന്‍ സംഘര്‍ഷം വിശാല വികസന അജന്‍ഡകള്‍ നിഷ്പ്രഭമാക്കുമെന്ന ഭീഷണിയുയരുകയും, ലോകത്തിലെ വന്‍ശക്തികള്‍ തമ്മിലുള്ള ഭൂരാഷ്‌ട്രതന്ത്രബന്ധങ്ങള്‍ കൂടുതല്‍ പ്രക്ഷുബ്ധമാകുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍, വര്‍ധിച്ചതോതില്‍ ധ്രുവീകരിക്കപ്പെട്ട ലോകക്രമത്തിനിടയിലാണു രാജ്യത്തിനു ജി20 അധ്യക്ഷപദവി ലഭിക്കുന്നത്. ആഗോള സമ്പദ്വ്യവസ്ഥ ആസന്നമായ മാന്ദ്യത്തിലേക്കും എക്കാലത്തെയും ഉയര്‍ന്ന ആഗോള കടത്തിലേക്കും ഉറ്റുനോക്കുകയാണ്. അതോടൊപ്പം, തകരുന്ന ഭക്ഷ്യസുരക്ഷയുടെയും തടസപ്പെടുന്ന വിതരണശൃംഖലയുടെയും കാര്യത്തില്‍ രാജ്യങ്ങള്‍ മല്ലിട്ടുകൊണ്ടിരിക്കുകയാണ്. ഈ പരിതസ്ഥിതിയില്‍, ഐക്യത്തിന്റെ വക്താവായി ഉയര്‍ന്നുവരാനുള്ള അവസരമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ബാലിയില്‍ നടന്ന ‘ഗ്രൂപ്പ് ഓഫ് 20’ ഉച്ചകോടിയില്‍, ജി20 കരടുവിജ്ഞാപനത്തില്‍ സമവായം ഉണ്ടാക്കുന്നതില്‍, രാജ്യം നിര്‍ണായക പങ്കുവഹിച്ചു. ”ഇന്നിന്റേതു യുദ്ധത്തിന്റെ യുഗമാകരുത്” എന്നുറക്കെ പ്രഖ്യാപിച്ചത്, സമാധാനത്തിന്റെ കാവലാള്‍ എന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുകയുംചെയ്തു.
സാമ്പത്തിക-സാമൂഹ്യവളര്‍ച്ചയില്‍, യുവത്വമാര്‍ന്നതും ഊര്‍ജസ്വലവുമായ രാജ്യങ്ങള്‍ക്കായി പഴയ അധികാരകേന്ദ്രങ്ങള്‍ വഴിമാറുമ്പോള്‍, ഇന്ത്യയുടെപ്രവര്‍ത്തനാധിഷ്ഠിതമായ അധ്യക്ഷപദവിക്ക് ഈ ഉന്നതതലസഖ്യത്തെ, പ്രത്യേക പരിഗണന ഇതുവരെ ലഭിക്കാത്തവരുടെ താല്‍പ്പര്യങ്ങളിലേക്കും ആവശ്യങ്ങളിലേക്കും പുനഃക്രമീകരിക്കാനുള്ള കഴിവുണ്ട്. നമ്മുടെ പ്രയത്‌നങ്ങള്‍ ‘ഒരു ഭൂമി, ഒരേകുടുംബം, ഒരേഭാവി’ എന്ന തത്വത്തിലേക്കാണു നയിക്കേണ്ടതെന്ന് ഓര്‍മിച്ചുകൊണ്ട്, ജി20 അധ്യക്ഷപദവിയിലിരിക്കുമ്പോള്‍, ആഗോളവെല്ലുവിളികളെ മാറ്റത്തിനുള്ള അവസരങ്ങളാക്കിയെടുക്കുന്നത് ഇന്ത്യ തുടരുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: