കോഴിക്കോട്: കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷനെയും പോലീസുകാരെയും അക്രമിച്ച കലാപകാരികളെ പോലീസ് കയ്യോടെ പിടിച്ചിട്ടും അവരെ നിരുപാധികം വിട്ടയക്കാൻ നിർദ്ദേശം നൽകിയത് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നും എംടി രമേശ് പറഞ്ഞു.
വിഴിഞ്ഞം കലാപത്തിൽ നുഴഞ്ഞ് കയറിയവരാരാണെന്ന് മുഖ്യമന്ത്രിയാണ് വ്യക്തമാക്കേണ്ടത്. നിരോധിക്കപ്പെട്ട മുസ്ലിം തീവ്രവാദ സംഘടനയുടെ സാന്നിധ്യമുണ്ടെന്ന ഇൻറലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിച്ചതാണോ? മുഖ്യമന്ത്രിയുടെ മൗനം ദുരൂഹതയുളവാക്കുന്നതാണ്. സംസ്ഥാന മന്ത്രിസഭയിലെ ചിലർ തന്നെ വിഴിഞ്ഞം സമരത്തിന് പിന്തുണ നൽകുന്നുവെന്ന് തെളിഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി മൗനം വെടിയണം.
വിഴിഞ്ഞം കലാപം തടയുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ട സംസ്ഥാന സർക്കാർ കേന്ദ്രസേനയുടെ സഹായം തേടാൻ തയാറാവണം. കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂമൂലം നൽകിയ സർക്കാർ ഇനി കേസ് പരിഗണിക്കുമ്പോൾ നിലപാട് മാറ്റാൻ തയാറാവണം. അക്രമം നടത്തിയവരെ വിട്ടയക്കുകയും അക്രമം തടയണമെന്നാവശ്യപ്പെട്ടവർക്കെതിരെ കേസെടുക്കുകയും ചെയ്യുകയാണ് ശശികല ടീച്ചർക്കെതിരെ കേസെടുത്തതിലൂടെ സർക്കാർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: