ന്യൂദല്‍ഹി: ആരോഗ്യസ്ഥിതി മോശമായതിനാല്‍ തീഹാര്‍ ജയിലില്‍ നിന്നും വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക അധ്യക്ഷന്‍ ഇ. അബൂബക്കറിന്റെ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. സാമൂഹ്യ പ്രവര്ത്തകന് ഗൗതം നവ്ലാഖയ്ക്ക് വീട്ടില്‍ ചികിത്സ നല്കാന് സുപ്രീംകോടതി അനുവദിച്ചതുപോലെ അബൂബക്കറിന്റെ കാര്യത്തിലും വീട്ടില്‍ ചികിത്സ അനുവദിക്കണമെന്ന അഭിഭാഷകന്റെ വാദം കോടതി തള്ളി.
അതേ സമയം അബൂബക്കറിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍ ഐഎയോട് കോടതി ആവശ്യപ്പെട്ടു. “അദ്ദേഹം ഗൗരവതരമായി രോഗാവസ്ഥയിലാണ്. എവിടെയാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്? ഇക്കാര്യത്തില്‍ എയിംസിനോട് ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദേശിക്കണോ എന്നതിനെക്കുറിച്ച് പരിശോധിക്കണം. എയിംസില്‍ പ്രവേശിപ്പിക്കണമെങ്കില്‍ അതും ഞങ്ങള്‍ നിര്‍ദേശിക്കും. അദ്ദേഹത്തിന് ചികിത്സ കിട്ടണം. – ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുലും തല്‍വന്ത് സിങ്ങും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പറഞ്ഞു.
മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എയിംസ് സ്പെഷ്യലിസ്റ്റുകളെക്കൂടി ഉള്‍പ്പെടുത്താനും നിര്‍ദേശിച്ചു. ക്യാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ്, രക്തസമ്മര്‍ദ്ദം, ഷുഗര്‍, കാഴ്ചക്കുറവ് എന്നീ കാരണങ്ങളാണ് അബൂബക്കര്‍ ഉന്നയിച്ചിരിക്കുന്നത്. “എന്താണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍? എന്ത് ചികിത്സകളാണ് നിര്‍ദേശിച്ചിരിക്കുന്നത്? എന്തായാലും 2024 വരെ സ്കാനിങ്ങിന് കാത്തിരിക്കാന്‍ പറ്റില്ല. അത് സ്വീകാര്യമല്ല. അദ്ദേഹം ഒരു കുറ്റകൃത്യത്തിന്റെ പേരിലാണ് ജയിലില്‍ കഴിയുന്നത്. എന്നാല്‍ അതിനര്‍ത്ഥം ചികിത്സ കിട്ടാന്‍ 2024 വരെ കാത്തിരിക്കണമെന്നല്ല. അബൂബക്കറിന്റെ തലച്ചോറിന്റെ എംആര്‍ഐ സ്കാനിംഗിന് തീയതി ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചു.
അബൂബക്കറിന്റെ ജാമ്യം മുന്‍പ് എന്‍ഐഎ കോടതി തള്ളിക്കളഞ്ഞ കാര്യം അബൂബക്കറിന്റെ അഭിഭാഷകന് അദിത് പൂജാരി പറഞ്ഞു. ചിലപ്പോള്‍ എയിംസില്‍ ചികിത്സയ്ക്ക് വിധേയമാക്കിയേക്കും എന്നും എന്‍ഐഎ കോടതി പറഞ്ഞ കാര്യവും അഭിഭാഷകന് ബോധിപ്പിച്ചു.
ഇദ്ദേഹം 70കളിലാണ്. ഒക്ടോബറില്‍ നടത്തേണ്ട ഒരു പരിശോധന ഉണ്ടായിരുന്നു. ഈ ടെസ്റ്റ് ഇപ്പോള്‍ 2023 ജനവരിയില്‍ നടത്താമെന്നാണ് കോടതി പറയുന്നത്. അദ്ദേഹത്തിന് നല്ല വേദനയുണ്ട്. അല്പം അടിയന്തിരമാണ് – അഭിഭാഷകന് പറഞ്ഞു. ഏതെങ്കിലും തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ ആസൂത്രണം ചെയ്യുന്ന വേളയിലല്ല അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 2022 ഏപ്രില്‍ 13ന് നടത്തിയ കൂട്ട അറസ്റ്റിന് ന്യായീകരണമില്ല. ഗൂഢാലോചന നടത്തിയതിന്റെ പേരിലാണ് അറസ്റ്റെന്നാണ് എന്‍ ഐഎ പറയുന്നത്.- അബൂബക്കറിന്റെ അഭിഭാഷകന് വാദിച്ചു. ഗൗതം നവ്ലാഖ കേസിനെക്കുറിച്ച് അഭിഭാഷകന് വാദമുയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കോടതി അത് അനുവദിച്ചില്ല. സാമൂഹ്യ പ്രവര്ത്തകന് ഗൗതം നവ്ലാഖയ്ക്ക് വീട്ടില്‍ ചികിത്സ നല്കാന് സുപ്രീംകോടതി അനുവദിച്ചതുപോലെ അബൂബക്കറിന്റെ കാര്യത്തിലും വീട്ടില്‍ ചികിത്സ അനുവദിക്കണമെന്ന അഭിഭാഷകന് ഉയര്‍ത്താന്‍ ശ്രമിച്ചത്. ഗൗതം നവ്ലാഖയുടെ കാര്യം അറിയില്ലെന്നും അങ്ങിനെയെങ്കില്‍ അതിനുള്ള എല്ലാ കാര്യങ്ങളും താങ്കള്‍ കാണിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.
ജാമ്യം നല്‍കാനുള്ള യോഗ്യതയെക്കുറിച്ച് ഞങ്ങളെ ബോധ്യപ്പെടുത്താതെ ജാമ്യം നല്‍കുമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ച കോടതി അത് നല്‍കാനാവില്ലെന്നും പറഞ്ഞു. അതേ സമയം ഇടക്കാലജാമ്യാപേക്ഷ സമര്‍പ്പിച്ചാല്‍ പിന്നീട് പരിഗണിക്കാമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ ഇത് അത്തരമൊരു അപേക്ഷയല്ലെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: