കെ.പി. വേണുഗോപാല്‍
(പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരന് സ്മൃതിദിനത്തില്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച മഹാഭാരതസമീക്ഷയില് അവതരിപ്പിച്ചത്)
വേദാന്ത ദര്‍ശനത്തിന്റെ ആള്‍രൂപമാണ് ഭഗവാന് കൃഷ്ണന്. എല്ലാ വിശേഷണങ്ങള്‍ക്കും നിര്‍വ്വചനങ്ങള്‍ക്കും അതീതന്‍. ധര്‍മ്മത്തില്‍ നിന്ന് അണുവിട വ്യതിചലിക്കാതെയുള്ള ജീവിതമാതൃക സൃഷ്ടിച്ച സ്ഥിതപ്രജ്ഞന്. പ്രപഞ്ചത്തിന്റെ കാരണസ്വരൂപന്. സനാതന സത്യത്തിന്റെ കര്‍മ്മരൂപമായ ഭഗവാന്റെ അവതാരോദ്ദേശ്യം ധര്മ്മസംരക്ഷണമായിരുന്നുവല്ലോ.
ഭാരതീയ ജീവിതത്തെ ഇത്രയേറെ സ്വാധീനിച്ച ഒരു അവതാര പുരുഷന് വേറെയില്ല. നമ്മുടെ തത്വശാസ്ത്രത്തിലും സാഹിത്യത്തിലും കലയിലും സംഗീതത്തിലുമെല്ലാം കൃഷ്ണന്റെ സ്വാധീനം ശ്രദ്ധേയമാണ്. കുട്ടികള്‍ക്കും യുവതീയുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ പ്രിയങ്കരന്‍. ഭാരതത്തിലെ ബാലികാ ബാലന്മാരേയും യുവതികളേയും യുവാക്കളേയും ഋഷിമാരേയും രാഷ്ട്രതന്ത്രജ്ഞരെയുമെല്ലാം ഇന്നും വശീകരിച്ചുകൊണ്ടിരിക്കുന്ന പുരുഷോത്തമന്. ശ്രീകൃഷ്ണനെ മനസ്സിലാക്കാന്‍ നമ്മെ ഏറെ സഹായിക്കുന്നത് മഹാഭാഗവതവും ഹരിവംശവും മഹാഭാരതവുമാണ്.
സംഭവബഹുലമാണ് ശ്രീകൃഷ്ണന്റെ ജീവിതം. ജനനം തടവറയില്‍. പിന്നീട് മഥുരയില്‍ ബാല്യം. ഗ്രാമീണ ബാലന്മാരുടെ നേതാവായും കാലികളെ മേച്ചും മുരളീഗാനം പൊഴിച്ചും നിരവധി അസുരന്മാരെ നിഗ്രഹിച്ചും ഗോവര്‍ദ്ധനോദ്ധാരണം നടത്തിയും അത്ഭുതങ്ങള്‍ കാണിച്ച ഉണ്ണികൃഷ്ണന്റെ ഹൃദ്യമായ ചിത്രമാണ് മഹാഭാഗവതത്തിലുള്ളത്.
ഭാഗവതത്തിനും ഹരിവംശത്തിനുമെല്ലാം വളരെമുമ്പാണ് വ്യാസന് മഹാഭാരത രചന നിര്‍വ്വഹിച്ചത്. വ്യാസനും കൃഷ്ണനും സമകാലീനരായിരുന്നു. കൃഷ്ണനെ കണ്ടും അറിഞ്ഞുമാണ് വ്യാസന് മഹാഭാരതം ചമച്ചത്. അതുകൊണ്ടുതന്നെ മഹാഭാരതപഠനമാണ് കൃഷ്ണനെ ആഴത്തില്‍ അറിയാനുള്ള മുഖ്യ ഉപായം. മഹര്‍ഷിമാര്‍ ആദരിക്കുകയും ജനങ്ങള്‍ സ്നേഹിക്കുകയും ദുഷ്ടന്മാര് ഭയപ്പെടുകയും ശിഷ്ടന്മാര് ആശ്രയിക്കുകയും ചെയ്യുന്ന ഉജ്വല ശോഭയോടെ പരിലസിക്കുന്ന ആകര്‍ഷകമായ കഥാപാത്രമാണ് മഹാഭാരതത്തിലെ ശ്രീകൃഷ്ണന്.
മഹാഭാരതത്തിന്റെ ആത്മാവ്
മഹാഭാരതത്തിന്റെ ആത്മാവ് ഗീതാദര്‍ശനമാണ്. ഗീതാദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാകണം മഹാഭാരതത്തിലെ സംഭവങ്ങളേയും കഥാപാത്രങ്ങളേയും സമീപിക്കേണ്ടത്. ഈ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ മഹാഭാരതത്തെ വിലയിരുത്തിയിട്ടുള്ള ഉജ്ജ്വല പഠനമാണ് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ
‘മഹാഭാരത പര്യടനം: ഭാരതദര്‍ശനം ഒരു പുനര്‍വായന” എന്ന ഗ്രന്ഥം. മഹാഭാരതത്തിനുണ്ടായ ദുര്വ്യാഖ്യാനങ്ങള്ക്കെല്ലാം യുക്തിഭദ്രമായ മറുപടി ഈ ഗ്രന്ഥത്തിലുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാണ് മഹാഭാരതത്തിലെ ശ്രീകൃഷ്ണസങ്കല്പത്തെ ഇവിടെ വിലയിരുത്തുന്നത്.
മഹാഭാരതത്തിലെ കൃഷ്ണന്റെ അസ്തിത്വം ഗീതാദര്‍ശനത്തിന്റെ അസ്തിത്വമാണ്. ഗീതാദര്ശനത്തിനനുസരിച്ചു ജീവിക്കുന്ന കൃഷ്ണനും ഈ ദര്‍ശനം ഉള്‍ക്കൊണ്ട് ജീവിക്കാന്‍ ശ്രമിക്കുന്ന പാണ്ഡവരും ഈ ദര്‍ശനത്തെ തിരസ്കരിക്കുന്ന കൗരവരുമാണ് മഹാഭാരത്തിലുള്ളത്.
കൃഷ്ണനെ നിരായുധീകരണത്തിന്റെ ആദിമ പ്രതീകമായിട്ടാണ് ”മഹാഭാരത പര്യടനം: ഭാരതദര്‍ശനം ഒരു പുനര്‍വായന’യില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ആയുധമെടുക്കാത്ത ഭഗവാന് പാണ്ഡവ പക്ഷത്തും ഭഗവാന്റെ നാരായണ സൈന്യം മുഴുവനും കൗരവപക്ഷത്തുമായിരുന്നു. ആയുധമെടുക്കാതെ അര്‍ജുനന്റെ തേര്‍തെളിച്ച കൃഷ്ണന്റെ വാക്കുകള്‍ക്ക് ആയുധങ്ങളേക്കാള്‍ ശക്തിയുണ്ടായിരുന്നല്ലോ.
യോഗേശ്വരനായ കൃഷ്ണന് അര്ജുനന് പകര്‍ന്നുനല്‍കിയ ഉപനിഷദ് സാരസര്‍വ്വസ്വമായ ഭഗവദ്ഗീത അര്‍ജുനനു മാത്രമല്ല, മുഴുവന്‍ ജനങ്ങള്‍ക്കുമുള്ള ജീവിത വിജയത്തിന്റെ മാര്‍ഗരേഖയാണ്. യുദ്ധാരംഭത്തില്‍ അര്‍ജുനനുണ്ടായ വിഷാദം മാറ്റിയെടുക്കുന്ന തത്വജ്ഞാനിയായ ഭഗവാന് ശ്രീകൃഷ്ണന് മഹാഭാരതത്തിലെ ഹൃദയസ്പര്‍ശിയായ അനുഭവമാണ്. യുദ്ധത്തിനിടയില്‍ അര്‍ജുനനും മറ്റ് പാണ്ഡവരും നേരിട്ട പ്രതിസന്ധികളെ മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞത് ഭഗവാന്റെ സാന്നിദ്ധ്യംകൊണ്ടും മാര്ഗനിര്ദ്ദേശങ്ങളാലുമായിരുന്നു.
ഭഗവാന് കൃഷ്ണന് മഹാഭാരതത്തില്‍ നിരവധി സന്ദര്‍ഭങ്ങളില്‍ വാഗ്ലംഘനം നടത്തിയിട്ടുണ്ടെന്ന് സാധാരണ വായനക്കാര്‍ക്ക് തോന്നിയേക്കാം. ഈ സന്ദര്‍ഭങ്ങളെ വ്യാസസങ്കല്പത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ലോകസംഗ്രഹം മാത്രമായിരുന്നു ഭഗവാന്റെ ഓരോ കര്‍മ്മത്തിന്റേയും ലക്ഷ്യമെന്ന് നമുക്ക് മനസ്സിലാകും.
യുദ്ധത്തില്‍ ആയുധം എടുക്കില്ല എന്ന വാക്ക് ലംഘിച്ച് ചക്രായുധവുമായി ഭീഷ്മരുടെ നേര്‍ക്ക് ഭഗവാന് പാഞ്ഞടുക്കുന്ന ഒരു സന്ദര്‍ഭമുണ്ട്. അര്‍ജുനന്റെ താഴ്മയായ അപേക്ഷയെ മാനിച്ച് കൃഷ്ണന് അടങ്ങുന്നു. യുദ്ധത്തില്‍ ആയുധം എടുക്കില്ലെന്ന ഭഗവാന്റെ വാഗ്ദാനം ഇവിടെ ലംഘിക്കപ്പെട്ടില്ലേ എന്നാണ് ചിലരുടെ ചോദ്യം.
യുദ്ധത്തില്‍ അധര്‍മ്മത്തിന്റെ പക്ഷത്താണ് ഭീഷ്മരും ദ്രോണരുമെല്ലാം. അധര്‍മ്മം ധര്‍മ്മത്തിന്റെ ശത്രുവാണ്. അതുകൊണ്ടുതന്നെ യുദ്ധഭൂമിയുടെ പരിധിക്കുള്ളില്‍ അവര്‍ താല്‍ക്കാലിക ശത്രുക്കളുമാണ്. അധര്‍മ്മത്തിന്റെ പക്ഷത്തുള്ള ഭീഷ്മരേയും ദ്രോണരേയും യുദ്ധക്കളത്തില്‍ ശത്രുക്കളായിതന്നെ കണ്ട് അടരാടേണ്ടതുണ്ട്. ഇത് വിസ്മരിച്ച് ഭീഷ്മരോടും ദ്രോണരോടും അര്ജുനന് നടത്തുന്ന മൃദുയുദ്ധം പാണ്ഡവപക്ഷത്തിന്റെ നാശത്തിന് കാരണമാകുമെന്ന് ഭഗവാന് കണ്ടു. ഈ പശ്ചാത്തലത്തിലാണ് അര്‍ജുനനെ ചൊടിപ്പിച്ച് യുദ്ധത്തില്‍ വീര്യവാനാക്കാനായി ഭഗവാന് ഇങ്ങനെ അഭിനയിച്ചത്. അത് ഫലം കണ്ടു.
ദ്രോണരുടെ വധം അധാര്‍മികമല്ല
കൃഷ്ണന് വാഗ്ദാനലംഘനം നടത്തി എന്നാരോപിക്കുന്നവര്‍ക്ക് മഹാഭാരത പര്യടനം നല്കുന്ന യുക്തിഭദ്രമായ നിരീക്ഷണം സ്വീകാര്യമാകും എന്ന് കരുതാം. യുദ്ധത്തിന്റെ പത്താംദിനം അര്ജുനശരങ്ങളേറ്റ് ഭീഷ്മര്‍ യുദ്ധക്കളത്തില്‍ വീണു. ശിഖണ്ഡിയെ മുന്‍നിര്‍ത്തിയായിരുന്നു അര്‍ജുനന്റെ പോരാട്ടം. ഭീഷ്മര്‍ യുദ്ധക്കളത്തില്‍ വീണതിനുശേഷമുള്ള അഞ്ച് ദിവസം ദ്രോണാചാര്യരായിരുന്നു കൗരവസേനയുടെ നായകന്.
വില്ലാളികളില്‍ മുമ്പനായ ദ്രോണാചാര്യരെ വില്ലു താഴെവയ്ക്കാതെ ആര്‍ക്കും നിഗ്രഹിക്കാന്‍ സാദ്ധ്യമല്ലായിരുന്നു. ദേവന്മാര്ക്കുപോലും ദ്രോണര് അവദ്ധ്യനാണ്. സ്വന്തം മകന് അശ്വത്ഥാമാവ് മരിച്ചു എന്നുകേട്ടാല്‍ ദ്രോണര് യുദ്ധം നി
ര്‍ത്തും. ധര്‍മ്മസംരക്ഷണത്തിനുവേണ്ടി അശ്വത്ഥാമാവ് പോരില്‍ വധിക്കപ്പെട്ടെന്ന് പറയാന്‍ ധര്‍മ്മപുത്രരെ ഭഗവാന് പ്രേരിപ്പിക്കുന്നു. മനസ്സില്ലാമനസ്സോടെ ധര്‍മ്മപുത്രര്‍ അതിനുവഴങ്ങി.
അശ്വത്ഥാമാവ് എന്ന ആന യുദ്ധത്തിനിടയില്‍ വധിക്കപ്പെട്ടന്നാണ് ധര്‍മ്മപുത്രര്‍ പറയുന്നത്. ‘ആന’ എന്നത് ശബ്ദം താഴ്ത്തിപറഞ്ഞ് ദ്രോണര് കേള്‍ക്കാതിരിക്കാനും ധര്‍മ്മപുത്രര്‍ ശ്രദ്ധിച്ചു. ഇതിനു മുന്നോടിയായി അശ്വത്ഥാമാവ് എന്ന ഒരാനയെ ഭീമന് വധിച്ചിരുന്നു. ഹൃദയഭേദകമായ ഈ വര്‍ത്തമാനം ധര്‍മ്മപുത്രരില്‍ നിന്നുകേട്ട ദ്രോണര് ആയുധം വച്ച് തളര്‍ന്നിരുന്നു. ഈ തക്കംനോക്കി അര്ജുനന് ആചാര്യനെ നിഗ്രഹിച്ചു.
ജീവിതകാലമത്രയും നുണപറഞ്ഞു ജീവിക്കാനുള്ള ഒരു സമ്മതിപത്രമല്ല ഭഗവാന് ധര്‍മ്മപുത്രര്‍ക്ക് നല്‍കിയത്. തന്റെ യുദ്ധസാമര്‍ത്ഥ്യം മുഴുവന്‍ അധര്മ്മപക്ഷത്തിന്റെ വിജയത്തിനായാണ് ദ്രോണര് വിനിയോഗിച്ചത്. ദ്രോണര് നായകസ്ഥാനത്തു തുടര്‍ന്നാല്‍ ധര്‍മ്മപക്ഷത്തുള്ള പാണ്ഡവരുടെ വിജയം ദുഷ്കരമാകുമെന്ന് ഭഗവാന് കണ്ടു. ലോകത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായ ധര്‍മ്മത്തിന്റെ നാശമാകും ഇതിന്റെ ഫലം. ലോകമംഗളത്തിനും ധര്മ്മസംരക്ഷണത്തിനുമാണ് ദ്രോണഹത്യക്കുവേണ്ടി നുണപറയാന്‍ ധര്മ്മപുത്രരോട് ഭഗവാന് ആവശ്യപ്പെട്ടത്.
സത്യത്തേക്കാള്‍ ചില നുണകള്‍ക്ക് മഹത്വമേറും. ധര്‍മ്മപുത്രരും അര്ജുനനുമാകട്ടെ പിതാമഹനേയും ആചാര്യനേയും വധിച്ചാല്‍ അവരുടെമേല്‍ നിഴല്‍ പരത്താവുന്ന ദുര്യയശ്ശസിനെകുറിച്ച് മാത്രമെ ചിന്തിച്ചിരുന്നുള്ളൂ. അവര്‍ക്ക് പ്രധാനം അവരുടെ കീര്‍ത്തിയായിരുന്നു. ലോകത്തിന്റെ നിലനില്‍പ്പാണ് ഭഗവാന് പ്രധാനം. അതിന് ആധാരമായ ധര്‍മ്മത്തിന്റെ സംരക്ഷണത്തിനുവേണ്ടി ഒരേയൊരു നുണമാത്രം പറയാനാണ് ധര്‍മ്മപുത്രരെ ഭഗവാന് പ്രേരിപ്പിച്ചത്. പ്രപഞ്ചത്തോടുള്ള ഭഗവാന്റെ അഗാധമായ കാരുണ്യവും ഇതില്‍ ദര്‍ശിക്കാം.
ഭഗവാന്റെ നുണപറയാനുള്ള ഈ പ്രേരണ എക്കാലവും ഇത് ആവര്‍ത്തിക്കുന്നതിനുള്ള അനുവാദമല്ല. മറിച്ച് ധര്‍മ്മസംരക്ഷണത്തിനുള്ള ആഹ്വാനമാണെന്ന് വ്യക്തം. ദ്രോണരുടെ വധത്തില്‍ അധര്‍മ്മമില്ലെന്ന് ഇതിഹാസത്തില്‍ വ്യാസനും വ്യക്തമാക്കിയിട്ടുണ്ട്. കവിയുടെ കലാവിദ്യയുടെ വിരുതുകൊണ്ട് വായനക്കാര്‍ അദ്ദേഹം വിവക്ഷിച്ച അര്‍ത്ഥത്തില്‍ അത് ഉള്‍ക്കൊണ്ടിട്ടില്ലെന്ന് മാത്രം. ധര്മ്മപുത്രരെകൊണ്ട് ഭഗവാന് നുണ പറയിച്ചതിന്റെ ശാസ്ത്രം മഹാഭാരത പര്യടനം കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.
ആയുധം താഴെവച്ച് രഥചക്രം ഉയര്‍ത്താന്‍ പരിശ്രമിക്കുന്നതിനിടയില്‍ കര്‍ണ്ണനെ നിഗ്രഹിക്കാന്‍ അര്ജുനനോട് നിര്ദ്ദേശിച്ചതിനുപിന്നിലും ഭഗവാന്റെ ഇതേ ധര്‍മ്മസംരക്ഷണ വ്യഗ്രതയാണുള്ളത്.
കൃഷ്ണന്റെ ആദര്‍ശ രാഷ്ട്രീയം
ധര്മ്മരാഷ്ട്രത്തില് ഒരു രാഷ്ട്രനായകന് എങ്ങനെ പെരുമാറണം, പ്രവര്‍ത്തിക്കണം, സംസാരിക്കണം, തീരുമാനങ്ങളെടുക്കണം എന്നതിനെല്ലാമുള്ള എക്കാലത്തേയും ഉത്തമമാതൃകയാണ് ഭഗവാന് കൃഷ്ണന്. കൗരവസഭയില്‍ ദൂതിനുപോയ ഭഗവാന് ദുര്യോധനന് ഒരുക്കിയ ആര്‍ഭാടമായ സ്വീകരണങ്ങള്‍ ഒഴിവാക്കി വിദുരഗൃഹത്തിലാണ് താമസിച്ചത്. ദുര്യോധനന് ധര്‍മ്മാനുസരണം പ്രവര്‍ത്തിക്കുന്ന അവസ്ഥയില്‍ മാത്രമേ അദ്ദേഹത്തില്‍നിന്നും എന്തെങ്കിലും സ്വീകരിക്കൂ എന്ന് ദുര്യോധനന്റെ മുഖത്തുനോക്കി പറയുന്ന കൃഷ്ണന് ആദര്‍ശരാഷ്ട്രീയത്തിന്റെ മൂര്‍ത്തിമദ്ഭാവമായിരുന്നു.
കളങ്കിതരായ സമ്പന്നരില്‍ നിന്നും സംഭാവനകളും ഉപഹാരങ്ങളും ആതിഥ്യവും സ്വീകരിക്കുന്ന വര്‍ത്തമാനകാല രാഷ്ട്രീയക്കാരന് കൃഷ്ണന്റെ മാതൃക സ്വീകരിച്ചാല്‍ ഇല്ലാതാകുന്നത് ഇവിടെയുള്ള അഴിമതിയാകും.
ഭഗവദ്ഗീതയിലെ ഭക്തിയോഗത്തില് തനിക്ക് പ്രിയമുള്ളവരുടെ സ്വഭാവ സവിശേഷതകള്‍ ഭഗവാന് വിവരിച്ചിട്ടുണ്ട്. (അദ്ധ്യായം 12: ശ്ലോകം13-20) ഈ സ്വഭാവ സവിശേഷതകളെല്ലാം വിദുരരില്‍ നമുക്ക് കാണാം. ധര്‍മ്മിഷ്ഠനായ വിദുരരുടെ ഗൃഹംതന്നെ താമസത്തിനായി ഭഗവാന് തെരഞ്ഞെടുത്തതിന്റെ കാരണവും മറ്റൊന്നല്ല.
ശാലീനമായ ലാളിത്യമാണ് ഭക്തിയുടെ അന്തസത്ത. ഭഗവദ്ഗീത 9-ാം അദ്ധ്യായം 26-ാം ശ്ലോകത്തില്‍ ഭഗവാന്റെ ഒരു വാഗ്ദാനമുണ്ട്. ആരാണോ ശുദ്ധചിത്തനായി, നിഷ്കാമമായ ഭക്തിയോടെ, സ്നേഹവായ്പോടെ എനിക്ക് ഒരു ഇലയോ പൂവോ കായോ ജലമോ സമര്‍പ്പിക്കുന്നത് ആ പത്രപുഷ്പാദിയെ ഞാന്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കും എന്നതാണ് ആ വാഗ്ദാനം. ശുദ്ധമനസ്സോടെയുള്ള സമര്‍പ്പണത്തിന്റ മൂല്യം അനന്തമാണ്. ആ സമര്പ്പണത്തിനുപിന്നിലുള്ളത് അഗാധമായ സ്നേഹമാണ്. ഈ സ്നേഹത്തെ ഭഗവാന് ഹൃദയംകൊണ്ട് അറിഞ്ഞ് സ്വീകരിക്കും. വിലയേറിയ ഉപഹാരങ്ങള്‍ നല്കി ഭഗവാനെ സ്വാധീനിക്കാന്‍ ധര്മ്മവിരുദ്ധര്ക്ക് കഴിയില്ലെന്ന സന്ദേശമാണ് ഈ ശ്ലോകം പകര്ന്നുനല്കുന്ന സുപ്രധാനപാഠം. ആരാധനാലയങ്ങളില്‍ ആര്‍ഭാടങ്ങളോടെയുള്ള ചടങ്ങുകളും ധൂര്‍ത്തും വര്‍ത്തമാനകാലത്ത് അരങ്ങുതകര്‍ക്കുമ്പോള്‍ വിസ്മരിക്കപ്പെടുന്നത് ഭഗവാനും ഭഗവദ്ഗീതയുമാണ്.
വിശ്വവശ്യമായ പുഞ്ചിരി
പടക്കളത്തില്‍ മരിച്ചുവീണ ഭര്ത്താക്കന്മാരെയും ബന്ധുക്കളേയും സ്വജനങ്ങളേയും ആചാര്യന്മാരേയും കാണുന്നതിനായി ഗാന്ധാരിയും കൗരവ സ്ത്രീകളും എത്തുന്ന സന്ദര്‍ഭം. ഇവരോടൊപ്പം കൃഷ്ണനും പാണ്ഡവരുമുണ്ട്. പടക്കളത്തില്‍ സ്വന്തം മക്കളുടേയും ബന്ധുജനങ്ങളുടേയും വികൃതമായ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന കാഴ്ചകണ്ട് ഗാന്ധാരിയുടെ ഹൃദയം തകര്‍ന്നു. ഹൃദയം പിളര്‍ക്കുന്ന ഈ കാഴ്ചകളെല്ലാം കണ്ട് അവര്‍ കൃഷ്ണനോട് പറഞ്ഞത് ഭഗവാന് വിചാരിച്ചിരുന്നുവെങ്കില്‍ ഈ യുദ്ധം ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്നാണല്ലോ. ദുഃഖഭാരത്താല്‍ സമനില നഷ്ടപ്പെട്ട ഗാന്ധാരി കൃഷ്ണനെ ശപിച്ചു. ‘യുദ്ധത്തില്‍ നിന്നും കൗരവ-പാണ്ഡവരെ തടയാതെ ഉപേക്ഷിച്ചുകളയുകയാല്‍ ഹേ കൃഷ്ണ നിനക്ക് ജ്ഞാതികളെ കൊല്ലാന്‍ ഇടവരട്ടെ. ഇന്നേക്ക് മുപ്പത്താറാണ്ടെത്തുമ്പോള് പുത്രന്മാരും ജ്ഞാതികളും അമാത്യന്മാരും കൊല്ലപ്പെട്ട് കാടുകേറി നീയും നശിച്ചുപോകട്ടെ. ഇന്ന് ഞങ്ങള്‍ കരയുന്നതുപോലെ അന്ന് യാദവസത്രീകളും കരയാന്‍ ഇടവരട്ടെ.
ഗാന്ധാരിയുടെ ശാപവചസ്സുകള്‍ പുഞ്ചിരിയോടെ ഭഗവാന് കേട്ടു. ഭഗവാന് ശാപമോക്ഷത്തിനര്ത്ഥിക്കുമെന്നുള്ള ഗാന്ധാരിയുടെ വിചാരവും നിഷ്ഫലമായി. ഗാന്ധാരിയെ പുത്രമരണ ദുഃഖത്തേക്കാള്‍ തളര്‍ത്തിയത് ഭഗവാന്റെ ശാപമോക്ഷം ചോദിക്കാതെയുള്ള ലോകവശ്യമായ പുഞ്ചിരിയാണെന്നാണ് ‘ഭാരതദര്‍ശനം പുനര്‍വായന’യില്‍ നിരീക്ഷിച്ചിട്ടുള്ളത്. ഈ ശാപവചസുകള്‍ കേട്ട ഭഗവാന് അരുളിചെയ്തത് ശാപം ഫലിക്കുമെന്നായിരുന്നു. അത് കാലത്തിന്റെ നിശ്ചയമാണ്. തുടര്‍ന്ന് ഭഗവാന് പറഞ്ഞത് അധാര്‍മ്മികളായ മക്കളെ യുദ്ധത്തില്‍നിന്ന് തടയാതിരുന്ന ഗാന്ധാരിതന്നെയാണ് യുദ്ധത്തിന്റെ കാരണക്കാരിയെന്നായിരുന്നു. ശാപമോക്ഷം ചോദിക്കാതെയാണ് ഭഗവാന് ഇങ്ങനെയെല്ലാം പ്രതിവചിച്ചത്. ലോകസാഹിത്യത്തില്‍ ഒരിടത്തുപോലും ശാപം ലഭിച്ച ഒരാള്‍ ഭഗവാനെപ്പോലെ പുഞ്ചിരിച്ചിട്ടുണ്ടാവില്ല. ഭഗവാന്റെ സ്ഥായീഭാവമായിരുന്നല്ലോ പുഞ്ചിരി.
യുദ്ധം ഒഴിവാക്കാനായി ഭഗവാന് കൗരവസഭയില്‍ ദൂതുമായി എത്തിയതും സൂചി കുത്താനിടംപോലും പാണ്ഡവര്‍ക്ക് നല്‍കിയില്ലെന്ന ദുര്യോദനന്റെ ധാര്‍ഷ്ഠ്യവും ക്രോധാവേശംമൂലം ഗാന്ധാരി മറന്നുപോയിരിക്കാം. സ്വന്തം വീഴ്ച മറുന്നുകൊണ്ടാണ് യുദ്ധത്തിന്റെ ഉത്തരവാദിത്വം ഭഗവാന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ഗാന്ധാരി ശ്രമിച്ചത്. കൃഷ്ണന്റെ വാക്കുകള്‍ ഗാന്ധാരിയുടെ ആരോപണത്തിനുള്ള മറുപടി കൂടിയായിരുന്നു. കാരുണ്യവാരിധിയായ ഭഗവാന് ഗാന്ധാരിയെ ആശ്വസിപ്പിക്കാനും മറന്നില്ല.
കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് മുപ്പത്തിയാറാണ്ട് പൂര്‍ത്തിയായതോടെ ഗാന്ധാരിശാപം ഫലിക്കേണ്ട സമയമായി. തന്റെ കുലത്തിനു സംഭവിക്കാന്‍ പോകുന്ന സര്‍വ്വനാശത്തെ തന്റെ ദിവ്യശക്തി ഉപയോഗിച്ച് തടയാന്‍ ഭഗവാന് ശ്രമിച്ചില്ല. കാലത്തിന്റെ നിശ്ചയത്തെ അതിന്റെ വഴിക്കുപോകാന്‍ അനുവദിച്ച് ഭഗവാന് നിഷ്ക്രിയനായി, നിര്‍മമനായി വര്‍ത്തിച്ചു. ഈ അസാധാരണത്വമാണ് ഭഗവദ് ദര്‍ശനത്തിന്റെ കരുത്ത്. ഇതുതന്നെയാണ് സ്ഥിതപ്രജ്ഞത്വം. സ്വന്തം കുലത്തിന്റെ നാശംകണ്ട ഭഗവാന് വനത്തിലേക്ക് പോയി. അവതാരോദ്ദേശ്യം പൂര്‍ത്തിയായതോടെ ശരീരം ഉപേക്ഷിക്കേണ്ട സമയവുമെത്തി. ഇന്ദ്രിയങ്ങളും മനസ്സും വാക്കും അടക്കി മഹായോഗത്തിലാണ്ട് ഭഗവാന് കിടന്നു. കിടക്കുന്നത് മാനാണെന്ന് തെറ്റിദ്ധരിച്ച് ജര എന്ന് പേരുള്ള വേടന് ഏയ്ത അമ്പ് ഭഗവദ് പാദത്തില്‍ തറച്ചു. അബദ്ധം മനസ്സിലാക്കിയ ജര ഭഗവദ് പാദങ്ങളില്‍ വീണ് കരഞ്ഞു. അവിടെയും ജരയെ ഭഗവാന് ആശ്വസിപ്പിച്ചു. ഭഗവാനല്ലാതെ മറ്റാര്‍ക്കാണ് ഇതിനു കഴിയുക. തുടര്‍ന്ന് ശരീരം ഉപേക്ഷിച്ച് കൃഷ്ണന് വിഷ്ണുപദം പൂകി.
മഹാഭാരതത്തിന്റെ മറ്റൊരു പേര് പഞ്ചമവേദം എന്നാണ്. വേദം പ്രപഞ്ച ശാസ്ത്രമാണ്. കൃഷ്ണന് മഹാഭാരതത്തില്‍ പ്രപഞ്ച ശാസ്ത്രത്തില്‍ നിന്ന് ഉടലെടുത്ത ദിവ്യശാസ്ത്രത്തിന്റെ മഹാസാന്നിധ്യമാണ്. ജനിമൃതികളില്ലാത്ത മഹാതത്വമാണ് ഭഗവാന് കൃഷ്ണന്. സ്ഥൂലദൃഷ്ടിയില്‍ ഇതിഹാസത്തിലെ നായകന് ധര്മ്മപുത്രരാണെങ്കിലും സൂക്ഷ്മദൃഷ്ടിയില്‍ കൃഷ്ണനാണ് നായകന് ഇതുതന്നെയാണ് മഹാഭാരതത്തിന്റെ മഹത്വവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: